ചണ്ഡീഗഢ്: ബാലാത്സംഗക്കേസിൽ ശിക്ഷയനുഭവിക്കുന്ന ഡേരാ സച്ഛാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങ്ങിന്റെ ലൈംഗികാസക്തി ജയിൽ അധികൃതർക്ക് വിനയാകുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്ന ഗുർമീതിന്റെ പരാതിയാണ് എല്ലാത്തിനും കാരണം. ഡോക്ടർമാരുടെ സംഘം ബുധനാഴ്ച ജയിലിലെത്തി പരിശോധിച്ചു. ഇതോടെ ഗുർമീത് ആസ്വാമിയാണെന്ന് വ്യക്തമാകുകയാണ്.

ഗുർമീത് അമിതലൈംഗിക ആസക്തിക്ക് അടിമയാണെന്ന റിപ്പോർട്ടുകൾ ഡോക്ടർമാർ ശരിവയ്ക്കുന്നു. അഞ്ചംഗ ഡോക്ടർ സംഘം നടത്തിയ പരിശോധനയിൽ അമിതലൈംഗികാസക്തി രോഗമായ സറ്റിയാറിയാസിസിന് ഗുർമീത് അടിമയാണെന്ന് കണ്ടെത്തിയെന്നാണ് സൂചന. രോഗത്തിൽനിന്നുള്ള പിൻവാങ്ങൽ സൂചനകളാണ് ഗുർമീത് ഇപ്പോൾ അനുഭവിക്കുന്ന ശാരീരിക അസ്വസ്ഥതകളെന്ന് ഡോക്ടർമാരുടെ സംഘം വിലയിരുത്തി. 'ഗുർമീത് അമിതലൈംഗിക ആസക്തിയുള്ള വ്യക്തിയാണ്. ജയിലിൽ അതിനുള്ള അവസരം ലഭിക്കാത്തതാണ് അസ്വസ്ഥതകൾക്കു കാരണം. അദ്ദേഹത്തിന് ഉടൻ തന്നെ ചികിത്സ ലഭ്യമാക്കണം. വൈകുന്നത് വലിയ പ്രശ്നത്തിന് കാരണമാകും'.- ഗുർമീതിനെ പരിശോധിച്ച ഡോക്ടർ അറിയിച്ചു.

ഗുർമീത് ലഹരിമരുന്നുകൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തെ കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. 1988 വരെ ഗുർമീത് മദ്യം ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന. എനർജി ഡ്രിങ്കുകളും ഓസ്ട്രേലിയയിൽനിന്നും ഇറക്കുമതി ചെയ്തിരുന്ന സെക്സ് ടോണിക്കുകളും ഇയാൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗുർമീതിന്റെ ഇരകളിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടികളും ഉൾപ്പെടുന്നെന്നാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. ദേരാ സച്ചാ സൗദയിലെ മുൻ അന്തേവാസി ഗുർദാസ് സിങ് തോറാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് ശരിവയ്ക്കുന്നതാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.

ഗുർമീത് ലൈംഗികമായി പീഡിപ്പിച്ച ഒരു പെൺകുട്ടിയുമായി താൻ വാട്സ്ആപ്പ് ചാറ്റിലൂടെ സംസാരിച്ചിരുന്നെന്നും ആ പെൺകുട്ടിയുടെ വാക്കുകൾ തന്നെ കരയിച്ചുവെന്നുമാണ് ഗുർദാസ് സിങ് പറയുന്നത്. എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള സ്‌കൂൾ വിദ്യാർത്ഥിനികളാണ് പ്രധാനമായും ഗുർമീതിന്റെ ഇരകളെന്നും ഗുർദാസ് പറയുന്നു.പീഡനത്തിനിരയായ പെൺകുട്ടി ഹരിയാനയിലെ ഒരു സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. വർഷങ്ങൾക്ക് മുമ്പാണ് അവൾ പീഡിപ്പിക്കപ്പെട്ടത്. അവളുടെ വാക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്നും പലപ്പോഴും തന്റെ കണ്ണുനിറയിച്ചെന്നും ഗുർദാസ് കൂട്ടിച്ചേർത്തു.

പെൺകുട്ടിയെ രക്തത്തിൽകുളിച്ച നിലയിൽ സഹപാഠി കണ്ടെത്തുകയായിരുന്നു. പീഡനത്തെക്കുറിച്ച് പെൺകുട്ടി തുറന്നു പറയുകയായിരുന്നെന്നും ദേരാ സച്ചാ സൗദയിൽ എങ്ങനെയാണ് പെൺകുട്ടി എത്തിപ്പെട്ടതെന്ന് മാതാപിതാക്കൾക്ക് പോലും അറിയില്ലെന്നും ഗുർദാസ് വ്യക്തമാക്കി. പീഡനത്തെ അതിജീവിച്ച പത്തോളം പെൺകുട്ടികൾ താനുമായി ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും ഗുർദാസ് ആരോപിച്ചിരുന്നു.