റോഹ്തക്: ആൾ ദൈവം താമസിച്ച ജയിലിലെ ലൈബ്രറിയിൽ പ്രത്യേകം തയ്യാറാക്കിയ കോടതി മുറിയിലാണ് സിബിഐ ജഡ്ജി ഗുർമീത് റഹീം റാമിനുള്ള ശിക്ഷ വിധിച്ചത്. കുറ്റക്കാരനനെന്ന് നേരത്തെ വിധിച്ച കോടതി അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ കരഞ്ഞു കൊണ്ടായിരുന്നു ഗുർമീതിന്റെ പ്രകടനം. തനിക്ക് മാപ്പു തരൂ എന്ന് കൈകൾ കൂപ്പി ഗുർമീത് കോടതിയോട് അപേക്ഷിച്ചു.

കോടതി തിണ്ണയിൽ ഇരുന്ന് കരഞ്ഞ സ്വാമിയ ഒടുവിൽ പൊലീസ് തൂക്കിയൈടുത്താണ് കൊണ്ടു പോയത്. വിധി കേട്ട ശേഷം നിലത്ത് കുത്തിയിരുന്നു കരഞ്ഞ ഗുർമീതീനോട് എഴുന്നേറ്റ് മെഡിക്കൽ പരിശോധനയ്ക്കായി ചെല്ലാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇത് കേൾക്കാതെ നിലത്തിരുന്നു കരയുകയായിരുന്നു. ഒപ്പം ചെല്ലാൻ പല തവണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഗുർമീത് കോടതി മുറിയിൽ നിന്ന് പുറത്തു വരാൻ കൂട്ടാക്കിയില്ല. വിധി താൻ അംഗീകരിക്കില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പൊട്ടിക്കരിച്ചിൽ.
ഒടുവിൽ സഹികെട്ട ഉദ്യോഗസ്ഥർ ഗുർമീതിനെ താങ്ങിയെടുത്ത് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോവുകയുമായിരുന്നു.

വിധി പ്രസ്താവിക്കും മുൻപ് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ഗുർമീതിനോട് ചോദിച്ചു. അപ്പോൾ ജഡ്ജിക്ക് മുട്ടുകുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു. കൂപ്പുകൈകളോട് മാപ്പ് തരണമെന്ന് യാചിച്ചു. തുടർന്ന് അഭിഭാഷകരോട് പുറത്തു പോകാൻ നിർദ്ദേശിച്ച കോടതി ഗുർതീമിനെ സാക്ഷിയാക്കി വിധി പ്രസ്താവം നടത്തി. തുടർന്ന് ജഡ്ജിയും ലൈബ്രറി ഹാൾ വിട്ട ശേഷമാണ് വിധിപകർപ്പ് പുറത്ത് കാത്തു നിന്ന മാധ്യമപ്രവർത്തകർക്ക് കിട്ടിയത്.

ജയിലിൽ പ്രതിക്ക് ഒരു തരത്തിലുള്ള വിവിഐപി പരിഗണനയും നൽകരുതെന്ന് വിധിയിൽ കോടതി ഉത്തരവിട്ടുണ്ട്. മറ്റേതൊരു തടവുപുള്ളിക്കും കിട്ടുന്ന സൗകര്യങ്ങളേ ഗുർമീതിന് ലഭിക്കാവൂ എന്നും കോടതി വിധിയിൽ പറയുന്നു. ഇതോടെ സുന്ദരികളുടെ അകമ്പടിയോടെ മാത്രം കഴിഞ്ഞിരുന്ന ഗുർമീതിന് ജയിലിലെ തറയിൽ കിടന്ന് ഉറങ്ങേണ്ടി വരും.

എന്നാൽ ഗുർമീതിന് കിട്ടിയ ശിക്ഷ കുറഞ്ഞു പോയെന്നായിരുന്നു പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പ്രതികരണം. ഗുർമീതിന് കടുത്ത ശിക്ഷ കിട്ടാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിബിഐ അഭിഭാഷകൻ പറഞ്ഞു. ഇയാൾ ചെയ്ത കുറ്റങ്ങൾ വെച്ചു നോക്കിയാൽ വളരെ ചെറിയ ശിക്ഷ മാത്രമാണ് ഇയാൾക്ക് ലഭിച്ചത്. ഇതിനെതിരെ അപ്പീൽ നൽകുമെന്നും പീഡനത്തിനിരയായ യുവതി ഫോണിലൂടെ പറഞ്ഞു.

ഗുർമീതിനുള്ള ശിക്ഷ വിധിക്കാനായി സിബിഐ ജഡ്ജി ഹെലികോപ്ടറിലാണ് ജയിലിൽ എത്തിയത്. ആൾദൈവം തടവിലായതോടെ ആക്രമണ സംഭവങ്ങളും റിപ്പോർട്ട് ചെയ്ത് തുടങ്ങി. ജഡ്ജിയും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷൻ അഭിഭാഷകരും പിന്നെ പ്രതിയായ ഗുർമീതും അടക്കം ഒൻപത് പേർ മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോൾ താൽകാലിക കോടതിയിലുണ്ടായിരുന്നത്. വിധി പുറത്തുവന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സുരക്ഷ സേനകൾ അതീവജാഗ്രത പാലിക്കുകയാണ്. ഹരിയാനയിലും പഞ്ചാബിലും പൊലീസിനും കേന്ദ്രസേനയ്ക്കും പുറമേ സൈന്യവും സർവ്വസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്.

ഗുർമീതിനെ പാർപ്പിച്ച ജയിലിന് ചുറ്റുമായി അഞ്ച് സംരക്ഷണ വലയങ്ങളാണ് സുരക്ഷാ സേനകൾ ഒരുക്കിയിട്ടുള്ളത്. പഞ്ചാബിനും ഹരിയാനയ്ക്കും പുറമേ ഗുർമീതിന് ഭക്തരുള്ള രാജസ്ഥാൻ, ഉത്തർപ്രദേശ്,ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും പൊലീസ് ജാഗ്രതയിലാണ്.
വെള്ളിയാഴ്‌ച്ച വിധി പ്രഖ്യാപനത്തിന് ശേഷമുണ്ടായ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന-കേന്ദ്രസർക്കാരുകൾ പരാജയപ്പെട്ടുവെന്ന വിമർശനം ഉയർന്നതിനാൽ ഇക്കുറി കടുത്ത നടപടി സ്വീകരിക്കാനാണ് സുരക്ഷാസേനകളുടെ തീരുമാനം.