ചണ്ഡീഗഡ്: മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനെതിരെ ആരോപണമുന്നയിച്ച ദേരയിലെ മുൻ സന്യാസിക്ക് വധഭീഷണി. ഖുർബാനി ഗാങ് എന്ന സംഘടനയുടെ പേരിൽ മാധ്യമങ്ങൾക്കു ലഭിച്ച കത്തിലാണ് ആറു വർഷത്തോളം ദേരയിൽ അന്തേവാസിയായിരുന്ന ഗുരുദാസ് സിങ് ടൂറിനെതിരായ ഭീഷണിയുള്ളത്.

ഗുർമീതിനെതിരായ കോടതിവിധി വന്ന ദിവസം ഗുരുദാസ് സിങ്ങിന്റെ വസതിയിലെ സിസിടിവി ക്യാമറകൾ ഒരുസംഘം തകർത്തിരുന്നു. രണ്ടു സംഭവങ്ങളും കാണിച്ച് ഇദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിർസ പൊലീസ് കേസെടുത്തു. ഗുരുദാസ് സിങ്ങിനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണിക്കത്തിൽ മാധ്യമപ്രവർത്തകർക്കെതിരെയും പരാമർശമുണ്ട്. കത്തിന്റെ ഉറവിടം പരിശോധിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു.

ദത്തുപുത്രി ഹണിപ്രീതിന് ഗുർമീതുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്ന മുൻ ഭർത്താവ് വിശ്വാസ് ഗുപ്തയുടെ ആരോപണങ്ങൾ കളവാണെന്ന് ഹണിപ്രീതിന്റെ ബന്ധു വിനയ് തനേജ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഗുർമീതിന്റെ അടുത്ത അനുയായി രാകേഷ് കുമാറിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹണിപ്രീതിനായി രാജസ്ഥാനിലെ ആറു സ്ഥലങ്ങളിൽ ഹരിയാന പൊലീസ് പരിശോധന നടത്തി.

ഗുർമീതിന്റെ മുൻ മാനേജർ രഞ്ജിത് സിങ്ങിന്റെ കൊലപാതകക്കേസിൽ പുതിയ മൊഴി നൽകാൻ അനുമതി തേടി ഗുർമീതിന്റെ മുൻ ഡ്രൈവർ ഖട്ട സിങ് ഹൈക്കോടതിയെ സമീപിച്ചു. 2007ൽ ഗുർമീതിനെതിരെ മൊഴി നൽകിയ ഇയാൾ 2012ൽ തിരുത്തിയിരുന്നു.

രണ്ട് ബലാൽസംഗക്കേസുകളിലായി 10 വർഷം വീതമാണ് ഗുർമീതിന് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഇതോടെ 20 വർഷമാണ് ഗുർമീത് തടവറയ്ക്കുള്ളിൽ കഴിയേണ്ടി വരിക. ഗുർമീത് 15 ലക്ഷം വീതം ഇരകൾക്ക് പിഴ നൽകണമെന്നും ഗുർമീതിന് കോടതി വിധിച്ചത്.