കോഴിക്കോട്: ചേലിയ കഥകളി വിദ്യാലയത്തിന് നേരെയുണ്ടായ ആർഎസ്എസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ കലാജീവിതം അവസാനിപ്പിക്കാൻ ആലോചിക്കുന്നു. ആർഎസ്എസ് ആക്രമണങ്ങൾ തന്നെ മടുപ്പിക്കുന്നുവെന്നും കലാപ്രവർത്തനം അവസാനിപ്പിക്കാൻ താൻ ആലോചിക്കുന്നുവെന്നും ചേമഞ്ചേരി വ്യക്തമാക്കി. കൈരളി-പീപ്പിൾ ടിവിയാണ് അന്തർദേശീയ തലത്തിൽ അംഗീകാരം കിട്ടിയ കലാകാരന്റെ തീരുമാനം റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ തീരുമാനം പിന്മാറ്റാൻ സമ്മർദ്ദവും സജീവമാണ്.

കഴിഞ്ഞ ദിവസമാണ് ചേലിയ കഥകളി വിദ്യാലയത്തിന് നേരെ ആക്രമണമുണ്ടായത്. ചെണ്ട പരിശീലിക്കാനെത്തിയ 12കാരനെ തല്ലിയെന്നാരോപിച്ച് അദ്ധ്യാപകൻ അജിത്കുമാറിനെ ഒരുസംഘം ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. അദ്ധ്യാപകന്റെ പരാതിയെ തുടർന്ന് വിദ്യാർത്ഥിയുടെ പിതാവ് ഉൾപ്പെടെ 12 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പരുക്കേറ്റ അദ്ധ്യാപകൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ കലാകേന്ദ്രങ്ങളുള്ള കഥകളി ആചാര്യനാണ് ഗുരു ചേമഞ്ചേരി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ കൊയ്‌ലാണ്ടി പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

തന്റെ കലാവിദ്യാലയത്തിൽ എത്തിയ അക്രമികൾ അദ്ധ്യാപകനായ അജിത് കുമാറിന്റെ ഉടുമുണ്ട് ഉരിഞ്ഞ് പോലും മർദ്ദനം നടത്തിയെന്നും, കുട്ടികൾക്ക് മുൻപിൽ വച്ചാണ് അദ്ധ്യാപകനെ മർദ്ദിച്ചതെന്ന് ഗുരു ചേമഞ്ചേരി പറഞ്ഞു. മർദ്ദനമേറ്റ അദ്ധ്യാപകന്റെ സ്ഥാനത്ത് നൂറു വയസ്സുള്ള താനായിരുന്നെങ്കിൽ പോലും അവർ മർദ്ദിക്കുമായിരുന്നെന്നും ഗുരു പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ധ്യാപകൻ അജിത്കുമാദറിനെ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ സന്ദർശിച്ചിരുന്നു. മുംബൈയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് നാട്ടിലത്തെിയത്. അതിന് ശേഷമാണ് കലാജീവതം അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്നാണ് സൂചന.

അതേ സമയം അത്രയും കടുത്ത തീരുമാനങ്ങളിലേക്ക് ഗുരു പോകാതിരിക്കാൻ സമ്മർദ്ദവുമായി ശിഷ്യരും രംഗത്തുണ്ട്. എന്നാൽ ഉറച്ച ഭാഷയിലാണ് ഗുരു അവരോടും സംസാരിക്കുന്നത്. കലയ്ക്കു വേണ്ടി മാത്രമാണ് ഈ കലാലയം തുടങ്ങിവച്ചത്. നിർത്തിയാലോ എന്നു തോന്നി. തന്റെ താനായിരുന്നു അവിടെയെങ്കിൽ തന്നെയും ആക്രമിച്ചിരുന്നുവെന്നു ഗുരു ചേമഞ്ചേരി പറഞ്ഞു. ജന്മശതാബ്ദി ആഘോഷത്തിന്റെ നിറവിലാണ് ഗുരു ചേമഞ്ചേരി. സംഭവം നടക്കുമ്പോൾ കലാവിദ്യാലയത്തിന്റെ ഓഫീസ് സെക്രട്ടറിയുണ്ടായിരുന്നു. ആഘോഷ,അനുഷ്ഠാനകലകൾ കൊണ്ട് സമ്പന്നമാണ് ചേലിയ, കഥകളി ഗ്രാമം.

കഥകളിക്കും മറ്റു കലകൾക്കുമായി സമർപ്പിക്കപ്പെട്ട കൊയിലാണ്ടി ചേങ്ങാട്ടുകാവിലെ ഗുരുവാണ് ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. നൂറാം വയസ്സിലും കലയ്ക്ക് വേണ്ടിയാണ് ജീവിതം. 1983 ൽ ഗുരു ആരംഭിച്ചതാണ് ഈ കലാപരിശീലന വിദ്യാലയം. പഠിതാക്കൾക്ക് താമസിച്ച് പഠിക്കാനും പരിശീലനം നേടാനും അനുയോജ്യമായ കെട്ടിടത്തോടുകൂടിയുള്ള ശതാബ്ദി സ്മാരകമന്ദിരം പണിയാനും ഗുരുചേമഞ്ചേരി ഫൗണ്ടേഷൻ ലക്ഷ്യമിടുന്നുണ്ട്. തുടക്കം മുതൽ കഥകളിയും മറ്റ് കലകളും ഇവിടെ നിന്ന് പരിശീലിപ്പിക്കുന്നുണ്ടെങ്കിലും 11 വർഷം മുമ്പാണ് കേന്ദ്രപദ്ധതിയുടെ ഭാഗമായി ദ്വിവത്സര സർട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിച്ചത്. ഓരോവിഷയത്തിനും 5 പേർക്കാണ് കോഴ്‌സിലേക്ക് പ്രവേശനം. പഠനം തീർത്തും സൗജന്യമാണ്. ആഴ്ചയിൽ 4 ദിവസമാണ് ക്ലാസ്. ഞായറാഴ്ചകളിൽ പ്രത്യേക ക്ലാസും നടക്കുന്നു.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, വയലിൻ, ചിത്രരചന, കർണ്ണാടക സംഗീതം, ഓർഗൻ, ചെണ്ട തുടങ്ങിയവയിലും പരിശീലനമുണ്ട്. ഈ പരിശീലനം ലഭിച്ച വിദ്യാർത്ഥികളാണ് സ്‌കൂൾ കലോത്സവങ്ങളിൽ മികവ് തെളിയിച്ച് കോഴിക്കോട് ജില്ലയെ ഒന്നാംസ്ഥാനത്തെത്തിക്കുന്നത്. സ്‌കൂൾ കലോത്സവത്തിലെ കഴിഞ്ഞ വർഷത്തെ കലാപ്രതിഭയായ ആദർശ് എ.എസ് ഗുരുവിന്റെ കീഴിലാണ് കഥകളി അഭ്യസിച്ചത്. അങ്ങനെ കലയ്ക്ക് ഇപ്പോഴും അമൂല്യ സംഭവാവന നൽകുന്ന വ്യക്തിത്വമാണ് ചേമഞ്ചേരി. അതുകൊണ്ട് കൂടിയാണ് അദ്ദേഹത്തിന്റെ വിരമിക്കലിൽ അപ്രതീക്ഷിത പ്രഖ്യാപനം ഏവരേയും ഞെട്ടിക്കുന്നത്.

എന്നാൽ ഈ ആക്രമണത്തിൽ പങ്കില്ലെന്നാണ് ആർഎസ്എസ് നിലപാട്. സിപിഐ(എം) രാഷ്ട്രീയവൽക്കരിച്ച് നേട്ടമുണ്ടാക്കാനണ് ശ്രമിക്കുന്നതെന്നും അവർ പറയുന്നു. പ്രാദേശികമായ പ്രശ്‌നമാകും ഗുരുവിന്റെ സ്ഥാപനത്തിന് നേരെ ഉണ്ടായ ആക്രമണമെന്നാണ് അവരുടെ നിലപാട്.