മെൽബൺ: മൗണ്ട് എലിസയിലെ ശിവ സ്‌കൂൾ ഓഫ് മെഡിറ്റേഷൻ ആൻഡ് യോഗ സെന്ററിനു നേരെ ലൈംഗികാരോപണം. ആശ്രമത്തിന്റെ ആത്മീയാചാര്യൻ സ്വാമി ശങ്കരാനന്ദ കൗൺസിലിംഗിനെത്തിയ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ആശ്രമത്തിനു നേരെ ഉണ്ടായിരിക്കുന്ന ആരോപണം അക്ഷരാർഥത്തിൽ ആശ്രമത്തിന്റെ പ്രവർത്തനങ്ങളെ പിടിച്ചുലച്ചതായാണ് റിപ്പോർട്ട്.

ആശ്രമത്തിൽ മുമ്പുണ്ടായിരുന്ന അംഗങ്ങളാണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 72 വയസുള്ള സ്വാമി ശങ്കരാനന്ദ നാല്പതോളം സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഇവർ വെളിപ്പെടുത്തുന്നത്. സ്വാമിയുടെ പക്കൽ കൗൺസിലിംഗിന് എത്തിയവരായിരുന്നു ഇവർ എന്നാണ് പറയപ്പെടുന്നത്. അതേസമയം ആശ്രമം നേരിടുന്ന ലൈംഗികാരോപണങ്ങളെക്കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്ന് ആശ്രമവാസികളിലൊരാൾ കഴിഞ്ഞ ഡിസംബറിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ വച്ച് വെളിപ്പെടുത്തിയതായും പറയപ്പെടുന്നു.

അഞ്ഞൂറോളം പേരാണ് ആശ്രമത്തിന് അംഗങ്ങളായിട്ടുള്ളത്. ഇതിൽ നാല്പതോളം പേർ ആശമത്തിൽ തന്നെ താമസിച്ചു വരുന്നു. അമേരിക്കയിൽ ജനിച്ചു വളർന്ന റസൽ ക്രക്ക്മാൻ ആണ് പിന്നീട് സ്വാമി ശങ്കരാനന്ദയായി മാറിയത്. ലൈംഗികാരോപണത്തെ തുടർന്ന് ശങ്കരാനന്ദ ഡയറക്ടർ സ്ഥാനത്തു നിന്ന് തത്ക്കാലം മാറിനിൽക്കുകയാണ്. അതേസമയം ആശ്രമവാസികളിൽ നിന്ന് ബ്രഹ്മചര്യമോ ലൈംഗികബന്ധത്തിലൂടെയുള്ള ആത്മത്യാഗമോ സ്വാമി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വാമിയുടെ പേരിലുള്ള ലൈംഗികാരോപണങ്ങളെക്കുറിച്ച് ആശ്രമം നേരത്തെ തന്നെ അറിവുള്ളതാണെന്നും ആശ്രമം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അതേസമയം സ്വാമിയുടെ പ്രവർത്തി ആശ്രമത്തിലുള്ള ചിലരെയെങ്കിലും ഞെട്ടിപ്പിച്ചിരിക്കുകയാണ്. സ്വാമിയിൽ നിന്നും ഇത്തരത്തിലൊരു പ്രവർത്തി പ്രതീക്ഷിച്ചില്ലെന്നും തന്റെ അധികാരം ദുർവിനിയോഗം ചെയ്തിരിക്കുകയാണ് സ്വാമിയെന്നുമാണ് ഇവർ പ്രതികരിച്ചിരിക്കുന്നത്. സ്വാമിയുമായുള്ള ലൈംഗിക ബന്ധം ഒരുപക്ഷേ ബോധോദയത്തിനുള്ള മാർഗമായി സ്ത്രീകൾ തെറ്റിദ്ധരിച്ചിരിക്കാമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.

എന്നാൽ സ്വാമിക്കു നേരെ ക്രിമിനൽ കേസിനുള്ള സാഹചര്യമൊന്നും നിലവിലില്ലെന്നും സന്മാർഗികതയെക്കുറിച്ചുള്ള ചോദ്യം മാത്രമാണ് ഇവിടെ പ്രസക്തമായിട്ടുള്ളതെന്നും ആശ്രമം വെളിപ്പെടുത്തുന്നു. ലൈംഗിക ചൂഷണം നടന്നതിന് തെളിവില്ലാത്തതിനാൽ സ്വാമിക്കെതിരേ വിക്ടോറിയ പൊലീസ് അന്വേഷണം നടത്തുന്നില്ല. 1992-ലാണ് സ്വാമി ശങ്കരാനന്ദ ശിവ സ്‌കൂൾ ഓഫ് മെഡിറ്റേഷൻ ആൻഡ് യോഗ സ്ഥാപിച്ചത്.