ന്യൂഡൽഹി: കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര സെക്രട്ടറി (ഡിപിഐഐടി) ഗുരുപ്രസാദ് മൊഹാപത്രയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖർ. കോവിഡ് ബാധിച്ച് എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോവിഡ് ബാധിച്ച ശേഷവും രാജ്യത്തെ ഓക്‌സിജൻ വിതരണമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനു നേതൃത്വം നൽകിയിരുന്നു.

ഗുജറാത്ത് കേഡറിലെ 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം സൂറത്തിൽ മുനിസിപ്പൽ കമ്മിഷണറായി ഔദ്യോഗിക ജീവിതം തുടങ്ങി. കേന്ദ്ര വാണിജ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറി, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ തുടങ്ങിയ പദവികളിൽ സേവനമനുഷ്ഠിച്ച ശേഷമാണ് 2019 ഓഗസ്റ്റിൽ ഡിപിഐഐടി സെക്രട്ടറിയായത്.

ഏപ്രിൽ പകുതിയോടെയാണ് അദ്ദേഹത്തെ കോവിഡ് ബാധയെത്തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചത്.