തൃപ്പൂണിത്തുറ: കണ്ടനാട്ടെ ശിവശക്തി യോഗ സെന്റർ നടത്തിപ്പുകാർ ഒളിവിൽതന്നെ. ഇവിടത്തെ അന്തേവാസികളിൽ ഭൂരിപക്ഷവും ഒഴിഞ്ഞുപോയി. അന്തേവാസികളായ യുവതികളുടെയും മറ്റും ബന്ധുക്കളെത്തിയാണ് ഇവരെ കൊണ്ടുപോയത്. ക്രൈസ്തവ യുവാവിനെ വിവാഹം ചെയ്ത ഹിന്ദുയുവതിയെ വീട്ടുകാരുടെ ഒത്താശയോടെ തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയാണ് കണ്ടനാട്ടെ ശിവശക്തി യോഗ സെന്ററിനെ വിവാദമാക്കുന്നത്.

സംഭവം വിവാദമാകുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെ ലൈസൻസില്ലാതെ പ്രവർത്തിച്ച യോഗ സന്റെർ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ തിങ്കളാഴ്ച സ്ഥാപന നടത്തിപ്പുകാരന് നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്നാണ് യോഗകേന്ദ്രത്തിൽ താമസിപ്പിച്ചിരുന്ന അന്തേവാസികൾ ഏറെയും ഒഴിഞ്ഞുപോയത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ തൃപ്പൂണിത്തുറ നഗരസഭ അതിർത്തിയിലെ ശിവശക്തി എന്നുതന്നെ പേരുള്ള മറ്റൊരു യോഗ കേന്ദ്രം അടച്ചുപൂട്ടാൻ നഗരസഭ അധികൃതർ നോട്ടീസ് നൽകി.

കണ്ടനാട്ടെ യോഗ കേന്ദ്രത്തിനെതിരായ പരാതി സംബന്ധിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് മുഖ്യ പ്രതികളിലൊരാളായ മലപ്പുറം മഞ്ചേരി പത്തപ്പിരിയം കരാട്ടുകുളങ്ങര സ്വദേശി ശ്രീജേഷിനെ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യോഗകേന്ദ്രം നടത്തിപ്പുകാരനായ മനോജ് ഗുരുജി ഉൾപ്പെടെയുള്ള മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കണ്ടനാട് കേന്ദ്രത്തിനെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് തൃപ്പൂണിത്തുറ നഗരസഭയിൽപെടുന്ന മേക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്ത് പ്രവർത്തിക്കുന്ന ശിവശക്തി യോഗ സന്റെർ പൂട്ടാൻ നോട്ടീസ് നൽകിയതെന്ന് വാർഡ് കൗൺസിലർ കെ.ജി. സത്യവ്രതൻ പറഞ്ഞു.