തൃശൂർ: ഗുരുവായൂരിൽ അഹിന്ദുക്കൾക്ക് പ്രവേശനം നൽകാറില്ല. കണ്ണനെ ഒരു നോക്ക് കാണാനുള്ള ഗാനഗന്ധർവ്വൻ യേശുദാസിന്റെ ആഗ്രഹവും പല ഘട്ടത്തിൽ മലയാളി ചർച്ചയാക്കി. യേശുദാസിനെ ക്ഷേത്രത്തിൽ കയറ്റണമെന്ന ആവശ്യം പലകോണിൽ നിന്നും ഉയർന്നുവെങ്കിലും ആചാരങ്ങൾ തടസ്സമാവുകയാണ്. അതിനിടെയാണ് പുതിയ വിവാദമെത്തുന്നത്. അഹിന്ദുക്കൾക്ക് മാത്രമല്ല പട്ടിവർഗ്ഗക്കാർക്കും ഗുരുവായൂർ അമ്പലത്തിൽ പ്രവേശനമില്ലേ എന്ന ചോദ്യമാണ് പുതിയ സംഭവം ഉയർത്തുന്നത്.

ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ മുൻ മന്ത്രി പി.കെ ജയലക്ഷ്മിയെ ക്ഷേത്രം അസിസ്റ്റന്റ് മാനേജർ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. ഇന്നലെ രാവിലെയാണ് ജയലക്ഷ്മി കുട്ടിയുടെ ചോറൂണ് നടത്തുന്നതിന് കുടുംബസമേതം ഗുരുവായൂരിൽ എത്തിയത്. വഴിപാട് നടത്തിയ ശേഷം നഗരസഭാ കൗൺസിലർ ലത പ്രേമനൊപ്പം ക്ഷേത്രം ഗോപുരത്തിലെ അസിസ്റ്റന്റ് മാനേജരുടെ അടുത്ത് ചെന്നപ്പോഴാണ് ജയലക്ഷ്മിക്ക് അപമാനം നേരിട്ടത്. അസിസ്റ്റന്റ് മാനേജരാണ് ജയലക്ഷ്മിയെ അപമാനിച്ചതെന്ന് മംഗളമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സംഭവത്തോടെ ഗുരുവായൂരിലെ ദർശന വിവാദങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.

എന്തിനാണ് വന്നതെന്ന് പോലും ചോദിക്കാതെ ജയലക്ഷ്മിയെ ഗോപുരത്തിൽ നിന്നും ഇറക്കിവിടുകയായിരുന്നു. സംഭവത്തിൽ നഗരസഭാ കൗൺസിലർ ലത പ്രേമൻ ദേവസ്വം അഡ്‌മിനിസ്ട്രേറ്റർക്ക് പരാതി നൽകി. കുട്ടിയുടെ ചോറൂണ് നടത്തിയ ശേഷം ക്ഷേത്ര ദർശനത്തിന് സൗകര്യം ലഭിക്കുന്നതിന് വേണ്ടിയാണ് ഇവർ അസിസ്റ്റന്റ് മാനേജരെ കണ്ടത്. അസിസ്റ്റന്റ് മാനേജരുടെ മോശം പെരുമാറ്റത്തെ തുടർന്ന് ജയലക്ഷ്മിയും കുടുംബവും ക്ഷേത്ര ദർശനം നടത്താതെ ഗുരുവായൂരിൽ നിന്ന് മടങ്ങി.

ദേവസ്വം സെക്യൂരിറ്റി ജീവനക്കാർ പിന്നാലെ ചെന്ന് മന്ത്രിയെ വിളിച്ചെങ്കിലും ഇപ്പോൾ ക്ഷേത്രദർശനം നടത്തുന്നില്ലെന്നും പിന്നീട് വന്നുകൊള്ളാമെന്നും മന്ത്രി പറഞ്ഞു. സംഭവം അന്വേഷിച്ച് നടപടി എടുക്കുമെന്ന് ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ ജയലക്ഷ്മിക്കുണ്ടായ അപമാനം വലിയ ചർച്ചയാവുകയാണ്. അതിനിടെ ക്ഷേത്രത്തിൽ ശീവേലി നടക്കുന്നതിനാലാണ് ജയലക്ഷ്മിയെ തടഞ്ഞതെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് വിശദീകരിക്കുന്നു. തൃശൂരിൽ പുഴങ്കര ബാലനാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടന പ്രസംഗത്തിലാണ് ചെയർമാൻ ഉദ്യോഗസ്ഥനെ ന്യായീകരിച്ചത്.

ഇത് സാധാരണ സംഭവമാണ്. ശീവേലി സമയത്ത് പ്രവേശനമനുവദിക്കാറില്ല. എന്നാൽ, ഏത് തരത്തിലാണ് ഉദ്യോഗസ്ഥെന്റ പ്രതികരണമുണ്ടായതെന്നത് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മകളുടെ ചോറൂണിനെത്തിയ ജയലക്ഷ്മിയെയും ഗുരുവായൂർ നഗരസഭ കൗൺസിലർ ലത പ്രേമനെയും ദേവസ്വം ഉദ്യോഗസ്ഥൻ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കാതെ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. ഇതിൽ മനംനൊന്ത ജയലക്ഷ്മി ദർശനം നടത്താതെ മടങ്ങി.

സംഭവത്തിൽ ലത പ്രേമ?െന്റ പരാതിയിൽ ദേവസ്വം അന്വേഷണം നടത്തുന്നതിനിടയിലാണ് ഉദ്യോഗസ്ഥനെ ന്യായീകരിച്ച് ദേവസ്വം ചെയർമാന്റെ പരസ്യ പ്രതികരണം. 'ദൈവത്തെ തൊഴാനെത്തുന്നവർ അഹംവെടിയാനും അൽപം കാത്തുനിൽക്കാനും തയ്യാറാവണം. പ്രമുഖരായതു കൊണ്ടാണ് ഇതിൽ വാർത്തപ്രാധാന്യം ഉണ്ടായത്- ചെയർമാൻ പറഞ്ഞു