- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിലേക്ക് പൂജാ സാധനങ്ങൾ പലയിടങ്ങളിൽ നിന്ന് പല മതത്തിൽപെട്ടവർ എത്തിക്കുന്നുണ്ട്; ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന തിരികെ നൽകണമെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സർക്കാർ
കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ പത്തു കോടി രൂപ തിരികെ നൽകാണമെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതി ഫുൾബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ റിവ്യൂ ഹർജി സമർപ്പിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ സർക്കാരിന്റെ മറ്റേതെങ്കിലും ഏജൻസിക്കോ പണം കൈമാറാൻ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരമില്ലെന്ന വിധി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയ ദുരിതാശ്വാസമായി അഞ്ചു കോടി രൂപയും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അഞ്ചു കോടി രൂപയും ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി നൽകിയിരുന്നു. ഇതിനെതിരെ ഹിന്ദു സംഘടനകളും ഭക്തരും നൽകിയ ഹർജികളിലാണ് പണം നൽകാൻ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. 2020 ഡിസംബർ 18ലെ ഈ വിധിക്കെതിരെയാണ് സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയത്.
ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ് എന്ന് ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കൽ ആണ് ദേവസ്വം ബോർഡിന്റെ ചുമതല. ദേവസ്വം നിയമത്തിന് പരിധിക്കുള്ളിൽനിന്നു മാത്രമേ ഭരണസമിതിക്ക് പ്രവർത്തിക്കാനാകൂ. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത് ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ദേവസ്വത്തോട് നിർദ്ദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി വിശദീകരിച്ചിരുന്നു.
പ്രളയ കാലത്തും കോവിഡ് കാലത്തും ആയി 10 കോടി രൂപയാണു ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. ഭക്തജനങ്ങൾ വഴിപാടായി സമർപ്പിച്ച പണം ദുരിതാശ്വാസ നിധിയിലേക്കു കൊടുക്കാൻ ദേവസ്വം ബോർഡിന് അവകാശമില്ലെന്നു കാണിച്ച് ഹിന്ദു ഐക്യവേദി നേതാവ് ഉൾപ്പടെയുള്ളവർ സമർപ്പിച്ച സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ദേവസ്വത്തിന്റെ സ്വത്ത് എല്ലാ മതവിഭാഗക്കാരുടേതുമായതിനാൽ ക്ഷേത്ര ആവശ്യങ്ങൾക്ക് അല്ലാതെയും ഫണ്ട് നൽകുന്നതിൽ തെറ്റില്ലെന്നായിരുന്നു ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ വാദം. ഇത് തള്ളിയാണ് കോടതി പണം തിരികെ നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.
ദേവസ്വം ഫണ്ട് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് വിവിധ വിധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസ് ഫുൾ ബെഞ്ചിനു വിടുകയായിരുന്നു. ഫണ്ടിന്റെ വിനിയോഗം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീർപ്പിനു വിധേയമായിരിക്കും എന്നും വ്യക്തമാക്കിയിരുന്നു. ഹിന്ദു ഐക്യവേദി ഭാരവാഹി ആർ.വി.ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് തുടങ്ങിയവരാണ് ദേവസ്വം ബോർഡ് നടപടിക്കെതിരെ കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറാനുള്ള ബോർഡ് തീരുമാനത്തിനെതിരെ നേരത്തെ തന്നെ ബിജെപി നേതാക്കൾ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.
സർക്കാരിന്റെ വാദങ്ങൾ
- ഗുരുവായൂർ ക്ഷേത്രത്തിന്റെ നിശ്ചിത ദൂരപരിധിക്കു പുറത്തുള്ള ഭക്തരുടെ ക്ഷേമത്തിനായി സംഭാവന നൽകുന്നത് ഗുരുവായൂർ ദേവസ്വം ആക്ടിലെ സെക്ഷൻ 27 നു വിരുദ്ധമാണെന്ന വിലയിരുത്തൽ ശരിയല്ല.
- ഗുരുവായൂരപ്പന്റെ ഭക്തർ സംസ്ഥാനത്തിനകത്തും പുറത്തുമുണ്ടെന്നു ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
- ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന പണം കേരളമൊട്ടാകെയുള്ള ഭക്തരുടെ ക്ഷേമത്തിനുപയോഗിക്കുന്നുണ്ടെന്നതു കണക്കിലെടുത്തില്ല.
- പ്രകൃതിക്ഷോഭമടക്കമുള്ള സാഹചര്യങ്ങളിൽ നഷ്ടവും ആഘാതവും കുറയ്ക്കാൻ ആരാധനാലയങ്ങളുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകണം.
- പലസ്ഥലങ്ങളിലും പലമതങ്ങളിലുമുള്ള ഭക്തരുടെ സംഭാവന ക്ഷേത്രത്തിന് ലഭിക്കുന്നുണ്ടെന്നതിനാൽ അവശ്യഘട്ടത്തിൽ ഭക്തർക്ക് സഹായമെത്തിക്കാൻ ക്ഷേത്ര സമിതിക്ക് ബാദ്ധ്യതയുണ്ട്.
- ക്ഷേത്രത്തിലെ പൂജകൾക്കും ചടങ്ങിനും ഉപയോഗിക്കുന്ന താമരപ്പൂവ്, ശർക്കര, അരി തുടങ്ങിയവ പലയിടങ്ങളിൽ നിന്ന് പല മതത്തിൽപെട്ടവർ എത്തിക്കുന്നുണ്ട്. കൊവിഡും പ്രളയവും ഇവയുടെ വിതരണത്തെപ്പോലും തടസപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ