തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വരനെ താലി ചാർത്തിയ ശേഷം പെൺകുട്ടി കാമുകനൊപ്പം പോയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച തുടങ്ങിയിട്ട് ഏതാനു ദിവസങ്ങളായി. വരനെ ഉപേക്ഷിച്ച പെൺകുട്ടി 'തേപ്പുകാരി'യാണെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ പെരുകുകയാണ്. മഹാദുരന്തം തലയിൽ നിന്നും ഒഴിഞ്ഞു പോയതിന്റെ ആഘോഷം വരൻ കേക്ക് മുറിച്ച് ആഘോഷിച്ചതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. എന്തായാലും സോഷ്യൽ മീഡിയയുടെ കടുത്ത വിചാരണ നേരിടുകയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന പുലിവാൽ കല്യാണത്തിലെ ഈ പെൺതാരം. എന്തായാലും വിമർശനം മുറുകുമ്പോഴും തന്റെ ഭാഗം വിവരിച്ച് വർ രംഗത്തെത്തി.

തനിക്ക് മറ്റൊരാളുമായി പ്രണയ ബന്ധം ഉള്ള വിവരം നേരത്തെ തന്നെ വീട്ടുകാരെയും വരനെയും അറിയിച്ചിരുന്നതായി പെൺകുട്ടി പറയുന്നു. ഇക്കാര്യം അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് വ്യക്തമാക്കിയത്. വിവാഹ ശേഷം ഇഷ്ടപ്പെട്ടയാൾക്കൊപ്പം പോയതിന്റെ പേരിൽ പെൺകുട്ടിക്കെതിരെ സോഷ്യൽ മീഡിയകളിലും മറ്റും രൂക്ഷമായ ആക്രമണങ്ങൾ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വസ്തുത വെളിപ്പെടുത്തി പെൺകുട്ടിയുടെ സുഹൃത്തുക്കളും മറ്റും രംഗത്തുവന്നിരിക്കുന്നത്.

പ്രണയബന്ധമുള്ള കാര്യം വീട്ടുകാരെ അറിയിച്ചപ്പോൾ അവർ അംഗീകരിക്കാൻ തയ്യാറായില്ല എന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറയുന്നത്. തന്റെ പ്രണയബന്ധം പെൺകുട്ടി വരനെയും അറിയിച്ചിരുന്നു. എന്നാൽ 'നീ പഴയ കാര്യം മറന്നേക്ക്' എന്നായിരുന്നു വരൻ പ്രതികരിച്ചതെന്നും അവർ പറയുന്നു. ഇതോടെ പ്രതിസന്ധിയിലായ പെൺകുട്ടി ഗത്യന്തരമില്ലാതെ വിവാഹദിവസം കാമുകനൊപ്പം പോകാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ഗുരുവായൂരിൽവെച്ച് ഞായറാഴ്ചയായിരുന്നു പെൺകുട്ടിയുടെ വിവാഹം. താലികെട്ടു കഴിഞ്ഞതിനു പിന്നാലെ പെൺകുട്ടി വരന്റെ ചെവിയിൽ കാമുകൻ വന്നിട്ടുണ്ടെന്നും അവനൊപ്പം പോകുമെന്ന് അറിയിച്ചെന്നും തുടർന്ന് വരൻ രോഷാകുലനായെന്നും ഇത് വലിയ അടിപിടിക്കു വഴിവെച്ചെന്നുമായിരുന്നു വാർത്ത. തുടർന്ന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകിയശേഷം വരൻ വിവാഹബന്ധത്തിൽ പിന്മാറുകയാണുണ്ടായതെന്നാണ് റിപ്പോർട്ട്.

വാർത്ത സോഷ്യൽ മീഡിയകളിലടക്കം വലിയ ചർച്ചകൾക്കു വഴിവെച്ചിരുന്നു. ഇതോടെ പെൺകുട്ടിയെ കുറ്റപ്പെടുത്തിയായിരുന്നു സോഷ്യൽ മീഡിയ രംഗത്തെത്തിയത്. 'തേപ്പുകാരി'യെന്നു വിളിച്ച് അധിക്ഷേപിച്ചും മറ്റും നിരവധി പേർ രംഗത്തുവന്നിരുന്നു. വീട്ടുകാരോടും വരനോടും പ്രണയബന്ധത്തിന്റെ കാര്യം മറച്ചുവെച്ച് പെൺകുട്ടി ചതിച്ചെന്നും 'കല്ല്യാണ വേളയിൽ ലഭിക്കുന്ന സ്വർണവുമായി മുങ്ങാനാണ്' എന്ന വിധത്തിലായിരുന്നു അധിക്ഷേപങ്ങൾ.

വിവാഹം മുടങ്ങിയതിനു പിന്നാലെ വരന്റെ വീട്ടിൽ നടത്തിയ ആഘോഷവും സോഷ്യൽ മീഡിയ പെൺകുട്ടിയെ ആക്രമിക്കുന്നതായി ഉപയോഗിച്ചിരുന്നു. 'ആ ദുരന്തം തലയിൽ നിന്നൊഴിഞ്ഞതിന്റെ സന്തോഷത്തിന്' എന്ന തലക്കെട്ടിൽ വരൻ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത റിസപ്ഷന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഇങ്ങനെ പ്രചരണം അതിരുവിട്ട വേളയിലാണ് മറുവശം വ്യക്തമാക്കി പെൺകുട്ടി രംഗത്തെത്തിയത്.

ഇന്നും ചില കുടുംബങ്ങളിൽ പെൺകുട്ടിക്ക് സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശമില്ലെന്നും അത്തരമൊരു സാഹചര്യത്തിന്റെ ഉദാഹരണം മാത്രമാണ് ഈ പെൺകുട്ടിയെന്നും സോഷ്യൽമീഡിയ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, എട്ടുലക്ഷം രൂപ നഷ്ടപരിഹാരം വരന്റെ കുടുംബത്തിന് പെൺകുട്ടിയുടെ കുടുംബം നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.