- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്രയും ക്രൂരത ഒരമ്മയോടും കുഞ്ഞിനോടും കാട്ടരുത്! കറുത്ത നാടോടി സ്ത്രീയുടെ കൈയിൽ വെളുത്ത കുട്ടിയെ കണ്ടാൽ എന്തിനീ അസഹിഷ്ണുത? സ്വന്തം കുഞ്ഞെന്ന സത്യം വെളിപ്പെട്ടിട്ടും സോഷ്യൽ മീഡിയയിൽ നുണപ്രചാരണം തുടരുന്നു
കോഴിക്കോട്: വഴിയരികിൽ ഒരു നാടോടി സ്ത്രീയെയും ഒപ്പം ഒരു കുഞ്ഞിനെയും കണ്ടാൽ പലരും സംശയദൃഷ്ടിയോടെയാകും ഇവരെ നോക്കുക. കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതാണോ? മയക്കിക്കിടത്തിയിരിക്കുകയാണോ? എന്നൊക്കെയുള്ള ചോദ്യങ്ങളും മനസിൽ ഉയരും. സ്ത്രീയുടെ കൈയിൽ ഇരിക്കുന്ന പിഞ്ചുകുഞ്ഞ് വെളുത്ത നിറത്തോടു കൂടിയുള്ളതാണെങ്കിൽ പിന്നെ പറയുകയും വേണ്ട. സംശയദൃ
കോഴിക്കോട്: വഴിയരികിൽ ഒരു നാടോടി സ്ത്രീയെയും ഒപ്പം ഒരു കുഞ്ഞിനെയും കണ്ടാൽ പലരും സംശയദൃഷ്ടിയോടെയാകും ഇവരെ നോക്കുക. കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതാണോ? മയക്കിക്കിടത്തിയിരിക്കുകയാണോ? എന്നൊക്കെയുള്ള ചോദ്യങ്ങളും മനസിൽ ഉയരും.
സ്ത്രീയുടെ കൈയിൽ ഇരിക്കുന്ന പിഞ്ചുകുഞ്ഞ് വെളുത്ത നിറത്തോടു കൂടിയുള്ളതാണെങ്കിൽ പിന്നെ പറയുകയും വേണ്ട. സംശയദൃഷ്ടിക്കാർക്ക് ഉറപ്പാകും. കുഞ്ഞിനെ തട്ടിയെടുത്തതു തന്നെ!
ഒരു നാടോടി സ്ത്രീയുടെ കൈയിൽ ഒരു വെളുത്ത കുഞ്ഞിനെ കണ്ടതിന്റെ പേരിൽ കഴിഞ്ഞ ദിവസം കോഴിക്കോട് കല്ലാച്ചി ടൗണിൽ നടന്നത് നാടകീയ രംഗങ്ങളാണ്. കുട്ടി നാടോടിസ്ത്രീയുടേത് അല്ലെന്നും തട്ടിക്കൊണ്ടു വന്നതാണെന്നും പറഞ്ഞുള്ള ബഹളം ഒടുവിൽ പൊലീസ് സ്റ്റേഷൻ വരെ എത്തി.
പരിശോധനയിൽ കുട്ടി നാടോടി സ്ത്രീയുടേതു തന്നെയെന്നു തെളിഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ ഇവരുടെ ചിത്രം പ്രചരിക്കുകയാണ്. കറുത്ത സ്ത്രീക്കൊപ്പം കണ്ട വെളുത്ത കുഞ്ഞിനെ തട്ടിയെടുത്തതാണെന്നും ഇവരെ കണ്ടാൽ പൊലീസിൽ വിവരം അറിയിക്കണമെന്നുമായിരുന്നു പ്രചാരണം. പിന്നാലെ, കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തിയെന്നും കുട്ടിയെ അവർക്കൊപ്പം അയച്ചുവെന്നും പ്രചാരണമുണ്ടായി. നാടോടി സ്ത്രീയുടേതു തന്നെയാണ് ഒപ്പമുണ്ടായിരുന്ന വെളുത്ത കുഞ്ഞെന്നു പൊലീസ് തിരിച്ചറിഞ്ഞശേഷവും ഈ നുണപ്രചാരണം സൈബർ ലോകത്തു പ്രചരിക്കുകയാണ്.
കല്ലാച്ചി മത്സ്യമാർക്കറ്റിനടുത്ത് കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശിനിയായ നാടോടി സ്ത്രീയുടെ കയ്യിൽ വെളുത്തനിറത്തിലുള്ള എട്ടുമാസം പ്രായമായ കുട്ടിയെ കണ്ടതോടെയാണ് നാട്ടുകാർ ഇവർക്കെതിരെ രംഗത്തുവന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിൽപ്പെട്ടവരാണെന്ന് പറഞ്ഞ് ഇവർക്കു ചുറ്റും കല്ലാച്ചി ടൗണിൽ നാട്ടുകാർ തടിച്ചു കൂടി.
കൂടി നിന്നവർ മൊബൈൽ ഫോട്ടോയെടുത്തും ഹിന്ദി സംസാരിക്കുന്ന യുവതിയെ ചീത്തവിളിച്ചും രംഗത്തെത്തി. ഇതിനിടെ ഹോം ഗാർഡും സ്ഥലത്തെത്തി. നാട്ടുകാർ തടിച്ചുകൂടിയതോടെ ഇവിടെ ഗതാഗതം സ്തംഭിച്ചു. നാട്ടുകാരുടെ ചോദ്യം ചെയ്യലിലും ഭീഷണിയിലും ഭയന്ന നാടോടി സ്ത്രീ നിലത്തുവീണു കുഞ്ഞിനെയും കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സ്ത്രീയെ ജീപ്പിൽ സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി നാടോടി സ്ത്രീയുടേത് തന്നെയെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.
നാടോടി സ്ത്രീക്കൊപ്പമുണ്ടായിരുന്നവർ സ്റ്റേഷനിലെത്തി സ്ത്രീയേയും കുട്ടിയേയും കൊണ്ടുപോയി. അതിനിടെ, സംഭവത്തിനിടെയെടുത്ത ഫോട്ടോ നാട്ടുകാരിൽ ചിലർ സോഷ്യൽ മീഡിയകളിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. നാടോടി സ്ത്രീയുടെ കയ്യിൽ വെളുത്തു സുന്ദരനായ കുട്ടിയെന്നും അത് മോഷ്ടിച്ചതാണെന്നുമാണ് വാട്‌സ് ആപ്പിൽ ഈ ചിത്രത്തിനൊപ്പം പ്രചരിപ്പിക്കുന്നത്. ഇത് ഷെയർ ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. കുട്ടി നാടോടി സ്ത്രീയുടേതാണെന്ന് പൊലീസ് പറഞ്ഞിട്ടും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുകയാണ് ഒരു വിഭാഗം.
ഈ ചിത്രങ്ങളാണു കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും നിറഞ്ഞു നിന്നത്. കോഴിക്കോട് കല്ലാച്ചിയിൽ 'സംശയാസ്പദമായ' സാഹചര്യത്തിൽ നാടോടിയുവതിയുടെ കൈയിൽ കണ്ടെത്തിയ കുട്ടിയെ തിരിച്ചറിയാനും , സ്വന്തം രക്ഷിതാക്കളുടെ കൈയിൽ എത്തിക്കാനും ഫോട്ടോ ഷെയർ ചെയ്യുക എന്ന അഭ്യർത്ഥനയുമായാണ് ഇവരുടെ ഫോട്ടോ പ്രചരിപ്പിച്ചത്. പിന്നാലെ 'കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്തി, കുഞ്ഞിനെ കൈമാറി' എന്ന നുണയും പ്രചരിക്കപ്പെട്ടു.
കറുത്തവരുടെ കൂടെ വെളുത്തവരെ കാണുമ്പോഴുള്ള അസഹിഷ്ണുതയാണ് ഈ രാജ്യത്തുള്ളതെന്നു സംഭവത്തെ അപലപിക്കുന്നവർ പ്രതികരിക്കുന്നു. കറുത്ത അമ്മയുടെ വെളുത്ത കുഞ്ഞിൽ സംശയം തോന്നി, കല്ലാച്ചി ടൗണിൽ അമ്മയെ വളഞ്ഞു വച്ച് ജനം വിചാരണ ചെയ്തു. സോഷ്യൽ മീഡിയയിൽ തുരുതുരാ ഫോട്ടോ പ്രചരിപ്പിച്ചു നമ്മളും 'ഉത്തരവാദിത്വം നിറവേറ്റി'യെന്നു സൈബർ ലോകം ആത്മവിമർശനം നടത്തുന്നുമുണ്ട്.
പൊലീസ് സ്ത്രീയെ ചോദ്യം ചെയ്തപ്പോൾ കുഞ്ഞ് അവരുടെ തന്നെ ആണെന്ന് ബോധ്യപ്പെട്ടിട്ടും പോസ്റ്റ് ചെയ്ത ഫോട്ടോ പിൻവലിക്കാൻ പോലും ഇന്നലെ 'ഭയങ്കരമാന ജാഗ്രത കാണിച്ച നമ്മൾ' തയ്യാറായില്ല. മറ്റു പല വിഷയങ്ങളും പോസ്റ്റ് ചെയ്യുമ്പോൾ സ്ഥിരീകരണം ആവശ്യമുള്ളവർ പോലും ഇത്തരം കാര്യങ്ങളിൽ അത് ചെയ്യാറില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
'സ്വന്തം കുഞ്ഞ് മറ്റാരുടെയോ ആണെന്നും, തട്ടിയെടുത്തതാണെന്നും ആക്രോശിച്ച് തെരുവിൽ വളഞ്ഞു വച്ച് വിചാരണ ചെയ്യുമ്പോൾ ആ സ്ത്രീ അനുഭവിച്ച വേദനയും അപമാനവുമൊന്നും നമ്മെ ബാധിക്കില്ല .. ! പ്രബുദ്ധ മലയാളിയെ പോലാണോ നാടോടികൾ !! നമ്മൾ ഇങ്ങനൊക്കെ വിചാരണ ചെയ്യാൻ അധികാരമുള്ളവരും അവർ അതൊക്കെ തല കുനിച്ചു നേരിടേണ്ടവരും ആണല്ലോ..' എന്നും പരിഹാസമുയരുന്നു.
മാദ്ധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതുപോലും ദയനീയാവസ്ഥയിലായ ആ അമ്മയെ സംശയദൃഷ്ടിയോടെ തന്നെ നോക്കിക്കാണുന്ന രീതിയിലായിരുന്നെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഒരു പ്രമുഖ മലയാള ദിനപത്രത്തിൽ തലക്കെട്ടു തന്നെ അത്തരത്തിൽ അമ്മയുടെ നേർക്കുള്ള സംശയത്തിന്റെ മുനയായിരുന്നുവെന്നും വിമർശനം ഉയർന്നു.
ഈ പിഞ്ചുകുഞ്ഞ് വഴിയരികിൽ വിശന്നു കരഞ്ഞാൽ പോലും തിരിഞ്ഞു നോക്കാത്ത നാം നാടോടിക്കു തൊലിവെളുത്തൊരു കുഞ്ഞു പിറന്നാൽ പൊറുപ്പിക്കാനാകാത്ത ക്രൂരമായ സംശയങ്ങളുമായാണു മുന്നോട്ടു പോകുന്നതെന്നും വംശവെറി നമ്മളിലും ഒളിഞ്ഞിരിപ്പുണ്ടെന്നും സോഷ്യൽ മീഡിയ സ്വയം വിമർശിക്കുന്നു.
സ്വന്തം കുഞ്ഞാണെന്ന് ആണയിടേണ്ടി വരികയും പരിശോധനയ്ക്കു വിധേയയാകുകയും കൈയേറ്റം ചെയ്യപ്പെടുകയും കുഞ്ഞിനെ മാറിൽ നിന്നു പറിച്ചെടുക്കപ്പെടുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ ഇനി ഒരമ്മയ്ക്കും ഉണ്ടാകാതിരിക്കട്ടെ എന്നു പ്രത്യാശിക്കാമെന്നും സൈബർ ലോകം പറയുന്നു.