വാഷിങ്ടൺ: എച്ച് 1 ബി വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ വംശജർ പിടിയിലായി. ഇതിൽ സിലിക്കൻ വാലിയിൽ നിന്നുള്ള ദമ്പതികളും ഉൾപ്പെടുന്നതായി ഫെഡറൽ പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. സുനിതാ ഗുണ്ടിപ്പള്ളി-വെങ്കട്ട് ഗുണ്ടിപ്പള്ളി ദമ്പതികൾക്കൊപ്പം പ്രതാപ് ബോബ് കൊണ്ടമൂരി, സന്ധ്യ റാമിറെഡ്ഡി എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എച്ച് 1 ബി സ്‌പെഷ്യാലിറ്റി ഒക്യുപ്പേഷൻ വർക്ക് വിസയുമായി ബന്ധപ്പെട്ട് 33 കുറ്റങ്ങളാണ് ഇവർക്കെതിരേ ചാർജ് ചെയ്തിരിക്കുന്നത്. 

നൂറിലധികം എച്ച് 1 ബി വ്യാജ വിസാ അപേക്ഷകൾ സമർപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇവർ നാലുപേരെയും അറസ്റ്റു ചെയ്യുന്നത്. കാലിഫോർണിയയിലുള്ള മൂന്ന് കോർപറേറ്റ് സ്ഥാപനങ്ങളിലേക്കാണ് ഇവർ വ്യാജ വിസാ നൽകി റിക്രൂട്ട്‌മെന്റ് നടത്താൻ ശ്രമിച്ചത്. വെങ്കട്ട്- സുനിത ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഡിഎസ് സോഫ്‌ടെക്ക് ആൻഡ് ഇക്വിനെറ്റ്, പ്രതാപിന്റെ ഉടമസ്ഥതയിലുള്ള എസ്‌ഐഎസ്്എൽ നെറ്റ് വർക്ക്‌സ് എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് തട്ടിപ്പു നടത്താൻ ശ്രമിച്ചത്. വെങ്കട്ട് ഡിഎസ് സോഫ്‌ടെക്കിന്റെ പ്രസിഡന്റും സുനിത വൈസ് പ്രസിഡന്റുമാണ്.

ഇരുകമ്പനികളുടേയും എച്ച് ആർ മാനേജരും ഓപ്പറേഷൻസ് മാനേജരുമാണ് റാമിറെഡ്ഡി. 2010 മുതൽ 2014 വരെയുള്ള കാലത്ത് ഇവർ വിവിധ കമ്പനികളിലേക്ക് നൂറിലധികം വ്യാജ റിക്രൂട്ട്‌മെന്റ് നടത്താൻ അപേക്ഷ സമർപ്പിച്ചിട്ടുമുണ്ട്. 2010 മുതൽ 2014 വരെയുള്ള കാലയളവിൽ ഡിഎസ് സോഫ്‌ടെക്ക് വ്യാജ റിക്രൂട്ട്‌മെന്റ് വഴി 3.3 മില്യൺ ഡോളർ സമ്പാദിച്ചുവെന്നും പ്രോസിക്യൂട്ടർ വിലയിരുത്തി.