കോഴിക്കോട്: മലബാറിന്റെ ചരിത്രത്തിൽ ഇന്നത്തെ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. ലോകത്തെ തന്നെ ഏറ്റവും ചിട്ടയായ വനപരിപാലനത്തിനും, ജലഗതാഗതത്തിനും മാതൃക കാണിച്ച ഒരാളുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. ഹെന്റി വാലന്റിയൻ കനോലിയെന്ന ബ്രിട്ടീഷുകാരനായ പഴയമലബാർ കളക്ടർ. മാപ്പിള വിപ്ലവകാരികളാൽ കോഴിക്കോട് കളക്ടർ ബംഗ്ലാവിൽ വെച്ച് കൊലചെയ്യപ്പെട്ടത് ഇതുപോലൊരു സെപ്റ്റംബർ പതിനൊന്നിനാണ്. ഈ രണ്ട് മാതൃകകളും അദ്ദേഹം നടപ്പിലാക്കിയത് മലബാറിലായിരുന്നു എന്നത് തന്നെയാണ് ഈ ബ്രീട്ടീഷുകാരനെ മലബാറിന്റെ പ്രിയപ്പെട്ട കനോലി സായിപ്പാക്കി മാറ്റിയതും. മലബാറിന്റെ ചരിത്രത്തിൽ കനോലി സായിപ്പിന്റെ പേരെഴുതിച്ചേർത്ത രണ്ട് ചരിത്ര സ്മാരകങ്ങളുണ്ട്. ഒന്ന് ലോകത്തിലെ ആദ്യത്തെ മനുഷ്യ നിർമ്മിത തേക്ക് തോട്ടമായ നിലമ്പൂരിലെ കനോലി പ്ലോട്ടും. രണ്ട് കോഴിക്കോടിന്റെ ജീവനാടിയായ കനോലി കനാലും.

ഹെന്റി വാലന്റയിൻ കോനോലി
1806 ഡിസംബർ 5ന് ലണ്ടനിലെ 37പോർട്ട്ലാന്റി്ൽ ജനിച്ച് 18ാം വയസ്സിൽ മദ്രാസിലെത്തിയ ബ്രിട്ടീഷുകാരൻ. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥനായ പിതാവ് വാലന്റയിൻ കനോലിക്കൊപ്പമാണ് 1824ൽ ഹെന്റി വാലന്റയിൻ കനോലി മദ്രാസിലെത്തുന്നത്. തന്റെ പതിനെട്ടാമത്തെ വയസ്സിൽ ആ ബ്രീട്ടീഷ് പൗരൻ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ റൈറ്ററായി. പിന്നീട് ബ്രീട്ടീഷ് ഗവൺമെന്റിന്റെ കന്നട ഭാഷാ വിവർത്തകനായി ബല്ലാരിയിൽ നിയമിതനായി. 1840ൽ മലബാർ കളക്റായും മജീസ്ട്രേറ്റായും ജോലിക്കെത്തിയതോടെയാണ് മലബാറിൽ കനോലിയുടെ നേതൃത്വത്തിൽ മാറ്റങ്ങൾക്ക് തുടക്കമായത്.ബ്രിട്ടീഷ് സർക്കാർ നിയമിച്ച എല്ലാ തസ്തികകളിലും സ്തുത്യർഹമായ സേവനം നടത്തി എന്ന് മാത്രമല്ല മറ്റു ബ്രീട്ടീഷ് ഉദ്യോഗസ്ഥരെപോലെ ഇന്ത്യയെ കൊള്ളയടിക്കുക എന്ന നിലപാടും കനോലിക്കില്ലായിരുന്നു.

കനോലി പ്ലോട്ട്
ലോകത്തിലെ തന്നെ ആദ്യത്തെ മനുഷ്യനിർമ്മിത തേക്കുതോട്ടമാണ് നിലമ്പൂരിലെ കനോലിപ്ലോട്ട്. 1846ൽ ചാത്തുമേനോൻ സബ്കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയിരിക്കെയാണ് കനോലിയുടെ നേതൃത്വത്തിൽ ഈ തേക്ക് തോട്ടം വെച്ച് പിടിപ്പിക്കന്നത്. 5.675 ഏക്കർ വിസ്തൃതിയിലാണ് ലോകത്തിലെ തന്നെ ആദ്യത്തെ മനുഷ്യനിർമ്മിത തേക്ക് തോട്ടം നിലനിൽക്കുന്നത്. നിലവിൽ 1846 മുതൽ പരിപാലിച്ച് പോരുന്ന 115 മരങ്ങളാണ് കനോലിപ്ലോട്ടിൽ ഇപ്പോഴുള്ളത്. 1841 മുതൽ 1855 വരെ നിലമ്പൂരിൽ 1500 ഏക്കർ തേക്കിൻതോട്ടമാണ് കനോലി സായിപ്പിന്റെ നേതൃത്വത്തിൽ വെച്ച് പിടിപ്പിച്ചത്. ലോകപ്രസിദ്ധമായ നിലമ്പൂർ തേക്കിനെ ഇവ്വിധം പ്രശസ്തിയിലെത്തിക്കുന്നതിൽ കനോലി സായിപ്പ് വഹിച്ചപങ്ക് വിസ്മരിക്കാനാവാത്തതാണ്.

കനോലി കനാൽ
എച്ച് വി കനോലിയുടെ പേരിലുള്ള മറ്റൊരു ചരിത്ര നിർമ്മിതിയാണ് കോഴിക്കോട് നഗരത്തിലൂടെയുള്ള കനോലി കനാൽ. 11.4 കിലോമീറ്റർ ദൂരമുള്ള കനോലികനാൽ 1848ലാണ് നിർമ്മിക്കുന്നത്. കോരപ്പുഴയെയും കല്ലായിപ്പുഴയെയും ബന്ധിപ്പിക്കുന്ന കനോലി കനാൽ നഗരത്തിനകത്തെ ചരക്ക് നീക്കത്തെ സഹായിച്ചിരുന്ന നിർമ്മിതിയായിരുന്നു. എന്നാൽ ഇന്ന് കനോലി കനാൽ കോഴിക്കോട് നഗരത്തിന്റെ മുഴുവൻ മാലിന്യങ്ങളെയും പേറിയാണ് ഒഴുകുന്നത്. ഈ പ്രളയത്തിന് ശേഷം ഇപ്പോൾ ജില്ലാഭരണകൂടത്തിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ കനോലികനാൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നേരത്തെ കനോലി കനാലിലൂടെ സ്പീഡ്ബോട്ട് സംവിധാനങ്ങളടക്കമുള്ള ടൂറിസം പദ്ധതികളൊക്കെ ആലോചിച്ചിരുന്നെങ്കിലും അതൊന്നും നടപ്പിലായിട്ടില്ല. 2009ലാണ് കാരപ്പറമ്പ് മുതൽ സരോവരം പാർക്ക് വരെ കനോലികനാലിലൂടെ സ്പീഡ്ബോട്ട് യാത്രക്ക് പദ്ധതിയിട്ടിരുന്നത്.

കനോലിസായിപ്പിന്റെ മരണം
1855 സെപ്റ്റംബർ 11നാണ് കനോലിസായിപ്പിനെ കോഴിക്കോട് കളക്രേറ്റിലേക്ക് ഇരച്ചുകയറിയ മാപ്പിള വിപ്ലവകാരികൾ കൊലപ്പെടുത്തിയത്. കാരണമാകട്ടെ ഒരു ബ്രാഹ്മണയുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മമ്പുറം തങ്ങൾക്കെതിരെ നിലപാടെടുത്തതും.