സിലിക്കൺ വാലി വിപ്ലവത്തിന്റെ അലകളിലേറി അമേരിക്കയിലേക്ക് ഇന്ത്യൻ ഐടി വൈദഗ്ധ്യത്തിന്റെ കുത്തൊഴുക്ക് തന്നെ ഉണ്ടായിട്ടുണ്ട്. എച്ച് വൺ ബി വിസയുമായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അമേരിക്കയിലേക്ക് തൊഴിൽ തേടി പോയത്. ഇവർ പിന്നീട് നാട്ടിൽ തിരിച്ചെത്തി നല്ല പഠിപ്പും ജോലിയുമൊക്കെ ഉള്ള ഇണകളെ ജീവിത പങ്കാളികളാക്കുകയും കുടുംബ ജീവിതം ആരംഭിക്കുകയുമെല്ലാം ചെയ്തു. എന്നാൽ തൊഴിൽസജ്ജരും അഭ്യസ്ത വിദ്യരുമായ ഇണകളെ കൂട്ടി അമേരിക്കയിലെത്തിയാലും അവർക്ക് അവിടെ ജോലി ചെയ്യുക എന്നതിന് നിയമ തടസ്സമുണ്ടായിരുന്നു. ഇങ്ങനെ പോകുന്ന ഇണകൾക്ക് അമേരിക്കയിൽ വർക്ക് പെർമിറ്റ് നൽകിയിരുന്നില്ല. ജോലിയൊന്നും ചെയ്യാതെ സ്വര്യജീവിതം നയിക്കാമെന്നാശിച്ച് ഇണകളോടൊപ്പം വിമാനം കയറിയവരും ഇക്കൂട്ടത്തിലുണ്ടെന്നത് മറ്റൊരു കാര്യം. ഇവരിൽ അമേരിക്കയിൽ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷ വാർത്തയുണ്ട്.

മെയ്‌ 26 മുതൽ എച്ച് വൺ ബി വിസക്കാരുടെ പങ്കാളികൾക്കു കൂടി വർക്ക് പെർമിറ്റ് അനുവദിക്കാൻ യുഎസ് തീരുമാനിച്ചിരിക്കുകയാണിപ്പോൾ. ഇതോടെ പ്രൊഫഷണലുകളായ മലയാളികൾ ഉൽപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് തങ്ങളുടെ ഇണകളോടൊപ്പം അമേരിക്കയിൽ തൊഴിലെടുത്ത് ജീവിക്കാനുള്ള അവസരമൊരുങ്ങിയിരിക്കുകയാണ്. മെയ്‌ 26 മുതൽ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു എസ് സി ഐ എസ്) എച്ച് വൺ ബി വിസക്കാരുടെ ഇണകളുടെ വർക്ക് പെർമിറ്റ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. തുടർന്ന് അനുമതി നൽകുന്നതോടെ ഇണകൾക്ക് യു എസ് സി ഐ എസ് എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ കാർഡ് നൽകും. ഈ സംവിധാനം നടപ്പിലാക്കുന്ന ആദ്യ വർഷം തന്നെ 1,79,600 വരെ യോഗ്യരായ അപേക്ഷകർ ഉണ്ടാകുമെന്നാണ് യു എസ് സി ഐ എസ് കണക്കാക്കുന്നത്. തുടർന്ന് പ്രതിവർഷം 55000 പേരും ഈ അപേക്ഷയുമായി വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

എച്ച് ഫോർ ഡിപൻഡെന്റ് വിസയുള്ളവരുൾപ്പെടെ യോഗ്യരായവർ ഫോം വൺ-140യുടെ ഗുണഭോക്താക്കളോ, ഇമിഗ്രന്റ് പെറ്റീഷൻ ഫോർ എലിയൻ വർക്കർ ഗണത്തിൽപ്പെടുന്നവരോ ആയിരിക്കണം. അ്‌ല്ലെങ്കിൽ വൺ-140 അനുമതി ലഭിച്ച എച്ച് വൺ ബി ജോലിക്കാരോ ആറു വർഷത്തെ കാലാവധിക്കപ്പുറത്തേക്ക് നീട്ടിയവരും ഒരു വർഷമായി വൺ-140 അനുമതിക്കായി അപേക്ഷിച്ച് കാത്തിരിക്കുന്നവരുമായ എൻ വൺ ബി പദവിയുള്ളവരോ ആയിരിക്കണം. ഈ മൂന്ന് നിബന്ധനകളിൽ ഏതെങ്കിലും ഒന്നോ അതിൽ കൂടുതലോ പാലിക്കുന്നവർക്കാണ് പുതിയ സൗകര്യം ലഭിക്കുക.

ജോലിക്കായി പെർമനന്റ് റെസിഡന്റ് പദവി തേടുന്ന എച്ച് വൺ ബി വിസയുള്ള വിദേശ തൊഴിലാളികൾക്കിടയിൽ ഈ തീരുമാനം ഏറെ സ്വാഗതം ചെയ്യപ്പെട്ടു. വിദഗ്ധ തൊഴിൽ മേഖലകളിൽ ഏറെ സാന്നിധ്യമുള്ള ഇന്ത്യയുൾപ്പെടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായ ഇവരുടെ ഇണകൾക്കാണ് പുതിയ തീരുമാനം ഏറെ ഗുണം ചെയ്യുക. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരം എച്ച് ഫോർ ഡിപൻഡെന്റ് വിസയുള്ളവരിൽ 76 ശതമാനവും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഈ തീരുമാനം അ്‌മേരിക്കൻ സ്വപ്‌നത്തിനു പിന്നാലെ പോകുന്ന പ്രൊഫഷണലുകളുടെ ജീവിത പങ്കാളികൾക്ക് നേരിട്ട് ഗുണം ലഭ്യമാക്കുന്നതാണെന്ന് തെലുഗു അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ഒരു പ്രസ്താവനയിൽ പറഞ്ഞു.