തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയിലാഴ്‌ത്തി എച്ച് വൺ എൻ വൺ പിടിമുറുക്കുന്നു. ഈ വർഷം ഇന്നു വരെ 30 മരണങ്ങൾ എച്ച് വൺ എൻ വണുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നു ആരോഗ്യവകുപ്പ് വൃത്തങ്ങൾ മറുനാടനോട് വെളിപ്പെടുത്തി. ഈ മാസം മാത്രം 200 ഓളം പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ നിരക്ക് നോക്കുമ്പോൾ കേരളത്തിലേത് വളരെ കുറഞ്ഞ മരണനിരക്ക് ആണെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഇതുവരെ 300 വരെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ സംസ്ഥാനത്ത് കൂടുതലായി എച്ച് വൺ എൻ വൺ മരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുന്നതിനാൽ സംസ്ഥാനം ഈ കാര്യത്തിൽ കൂടുതൽ ജാഗ്രതയിൽ സഞ്ചരിക്കേണ്ടതുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ എച്ച് വൺ എൻ വണ്ണുമായി ബന്ധപ്പെട്ട് രണ്ടു മരണങ്ങൾ കൂടി റിപ്പോർട്ടു ചെയ്തതോടെയാണ് ഈ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്നു ആരോഗ്യവകുപ്പ് വൃത്തങ്ങൾ ആവശ്യപ്പെടുന്നത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരംഭത്തിലേ ചികിത്സ നൽകാനുമാണ് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളി കൃസ്തുദാസും കല്ലറ അനിലിന്റെ ഭാര്യ സജിനിയുമാണ് തിരുവനന്തപുരത്ത് ഇന്നലെ മരണത്തിനു കീഴടങ്ങിയത്. രണ്ടുപേരുടെയും മരണം എച്ച് വൺ എൻ വൺ ബാധയെ തുടർന്നാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല സീസൺ തുടങ്ങിയതിനാൽ എച്ച് വൺ എൻ വൺ പകരാതിരിക്കാൻ ശബരിമലയിൽ പ്രത്യേക നിർദ്ദേശവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ശബരിമലയിൽ എച്ച് വൺ എൻ വൺ ബാധ തടയാനായി പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ നിർദ്ദേശം നൽകിയിട്ടുള്ളത്. തീർത്ഥാടകരിൽ കൂടുതലും ഇതര സംസ്ഥാനത്തുള്ളവരായതിനാൽ അതുംകൂടി മുന്നിൽ കണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ആരോഗ്യ വകുപ്പ് രൂപം നൽകിയിട്ടുള്ളത്.. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

എച്ച് വൺ എൻ വൺ ചികിത്സയ്ക്കുള്ള മരുന്നുകളുടെ ലഭ്യത എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. എവിടെയെങ്കിലും മരുന്നുകളുടെ കുറവുണ്ടാകുന്ന മുറയ്ക്ക് ഡി.എം.ഒ. അത് റിപ്പോർട്ട് ചെയ്യാനും കെ.എം.എൽ.സി.എൽ. വഴി ലഭ്യമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും മരുന്നുകൾ സ്റ്റോക്ക് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്. എച്ച് വൺ എൻ വൺ ചികിത്സയ്ക്കായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ എ.ബി.സി. ഗൈഡ് ലൈൻ കൃത്യമായി പാലിക്കാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറിയ രോഗ ലക്ഷണമുള്ളവരേയാണ് എ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവർക്ക് പ്രത്യേക ചികിത്സ ആവശ്യമില്ല. വിശ്രമത്തിലൂടെയും ധാരാളം പാനീയങ്ങൾ കഴിക്കുന്നതിലൂടെയും രോഗം ഭേദമാകുന്നതാണ്.

സാരമായ രോഗം ഉള്ളവരെയാണ് ബിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബി വിഭാഗത്തെ രോഗത്തിന്റെ കാഠിന്യമനുസരിച്ച് ബി1, ബി2 എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഇവർക്ക് പ്രത്യേക ചികിത്സ അത്യാവശ്യമാണ്. കടുത്ത രോഗമുള്ളവരെയാണ് സി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ് എന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. . എച്ച് വൺ എൻ വൺ ഫലപ്രദമായി തടയുന്നതിന് നിരീക്ഷണം ശക്തപ്പെടുത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുമാണ് മന്ത്രി നിർദ്ദേശം നൽകിയിട്ടുള്ളത്. എച്ച് വൺ എൻ വൺ സംശയിക്കുന്നപക്ഷം എത്രയും വേഗം ചികിത്സ തേടേണ്ടതാണ്. അല്ലെങ്കിൽ ഗുരുതരാവസ്ഥയിലേക്ക് പോകാൻ സാധ്യതയുണ്ട്. അതിനാലാണ് പനി, ജലദോഷം, ചുമ, തൊണ്ട വേദന, ശരീര വേദന, ശ്വാസംമുട്ടൽ എന്നിവയുള്ളവർ ഉടൻ ചികിത്സ തേടണമെന്ന് നിർദ്ദേശം നൽകിയിട്ടുള്ളത്.

എച്ച് വൺ എൻ വൺ ലക്ഷണങ്ങൾ ഉള്ളവർ ശബരിമല യാത്ര മാറ്റിവയ്ക്കണമെന്ന് ആരോഗ്യ വകുപ്പ് മറ്റു സംസ്ഥാനങ്ങളോട് രേഖാമൂലം ആവശ്യപ്പെട്ടുണ്ട്. പനി, ജലദോഷം, തൊണ്ടവേദന, ചുമ എന്നീ രോഗ ലക്ഷണങ്ങളോടെ കേരള ത്തിൽ എത്തുന്നവരെ ചികിത്സിക്കാനുള്ള പ്രത്യേക സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഇതിനായി പമ്പ മുതൽ സന്നിധാനം വരെ സജ്ജമാക്കിയ 16 ഓളം ചികിത്സാ സഹായ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർ യാത്ര ചെയ്യാൻ സാധ്യതയുള്ള ഇടത്താവളങ്ങളും അമ്പലങ്ങളും കേന്ദ്രീകരിച്ച് അവബോധവും നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ 6 ഭാഷകളായി തയ്യാറാക്കിയ എച്ച് വൺ എൻ വൺ ലഘുലേഖകൾ തീർത്ഥാടകർക്ക് നൽകുന്നുണ്ട്. ഇതോടൊപ്പം പമ്പ, സന്നിധാനം, നിലക്കൽ, എല്ലാ ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ അനൗൺസ്‌മെന്റിലൂടെയും സന്ദേശം നൽകുന്നു. കൈ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കുക, ധാരാളം ശുദ്ധജലവും പാനീയങ്ങളും കുടിക്കുക, രോഗ ലക്ഷണമുള്ളവർ ചികിത്സ തേടുക തുടങ്ങിയവയാണ് തീർത്ഥാടകരോട് ആവശ്യപ്പെടുന്നത്.

എവിടെയെങ്കിലും എച്ച് വൺ എൻ വൺ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കാനും അത് സ്റ്റേറ്റ് സർവയലൻസ് യൂണിറ്റിനെ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ഓരോ സ്ഥലത്തും കൈക്കൊണ്ട പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ചുള്ള സത്വര നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്. പക്ഷെ നിരന്തരമുള്ള എച്ച് വൺ എൻ വൺ മരണങ്ങൾ അത് ആരോഗ്യവകുപ്പിന്റെ മാത്രമല്ല കേരളത്തിന്റെയും ഉറക്കം കെടുത്താൻ പര്യാപ്തമാണ്.