ആലപ്പുഴ : രോഗനിർണയം വൈകിയതുമൂലം വീണ്ടുമൊരു ഗർഭിണികൂടി ജീവൻ വെടിഞ്ഞു. എച്ച് വൺ എൻ വൺ പനി തന്നെയായിരുന്നു ഈ മരണത്തിനും കാരണം.

ചെറുതന പഞ്ചായത്ത് ഒന്നാം വാർഡിൽ പാണ്ടിമുടിക്കുഴി മുണ്ടാറ്റിങ്കൽ വീട്ടിൽ പ്രസൂണിന്റെ ഭാര്യ സൗമ്യ (19)ആണ് ഇത്തവണ മരണത്തിനു കീഴടങ്ങിയത്്. ആലപ്പുഴയിൽ ഇതു രണ്ടാം തവണയാണു രോഗനിർണയം വൈകി എച്ച് വൺ എൻ വൺ മൂലം ഗർഭിണി മരിക്കുന്നത്. ഗർഭിണിയായിരുന്ന സൗമ്യ പനിബാധയെ തുടർന്നാണ് കഴിഞ്ഞ 30 ന് ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ ചികിൽസ തേടിയത്.

ശ്വാസംമുട്ടലും പനിയും കൂടിയതോടെ വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. രോഗശമനം ഉണ്ടാകാത്തതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ അമൃതയിൽ ചികിൽസ തേടി. രോഗം കടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലായ സൗമ്യയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകി വരുന്നതിനിടയിലാണ് മരണം.

ഈ രോഗം ബാധിച്ചാൽ തൊണ്ടയിൽ നിന്നുള്ള സ്രവമെടുത്തു പൂനയിലെ ലബോറട്ടറിയിലേക്ക് അയച്ചു ഫലമെത്തുമ്പോഴേക്കും ഇവിടെ രോഗി മരിച്ചിരിക്കും. ഗർഭിണികൾക്കാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. രോഗം നിർണയിക്കാനുള്ള സൗകര്യം ഇവിടെയില്ലാത്തതിനാലാണ് പൂനയിലേക്കയയ്ക്കുന്നത്. പക്ഷേ അവിടെനിന്നു പരിശോധനാഫലം വൈകിയാണു കിട്ടുന്നത്. അതാണ് തുടർച്ചായി രണ്ടുപേർ മരിക്കാൻ കാരണം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ സൗമ്യ ചികിൽസയിൽ കഴിയുമ്പോൾ പരിശോധനയ്ക്കായി തൊണ്ടയിലെ സ്രവവും രക്തസാമ്പിളും എടുത്തെങ്കിലും പരിശോധനാ ഫലം എത്താതിരുന്നതിനാൽ രോഗകാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മാതാവ് അംബിക. സഹോദരി അഞ്ജു. ആറുമാസങ്ങൾക്കു മുമ്പ് തുറവൂരിൽ എട്ടുമാസം പ്രായമായ ഗർഭിണി എച്ച് വൺ പനിബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചിരുന്നു. ഇവരുടെയും രോഗവും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിവിധ ആശുപത്രികളിൽ ചികിൽസിച്ച് വഷളായി ശാലിനിയും മരണത്തിന് കീഴടങ്ങി.

അതേസമയം ജില്ലയിൽ എച്ച്1 എൻ1 രോഗപ്രതിരോധനടപടികൾക്കായി അടിയന്തരമായി പ്രത്യേകസംഘങ്ങൾ രൂപീകരിക്കാനും ആരോഗ്യ ബോധവത്കരണപ്രവർത്തനങ്ങൾ ഊർജിതമാക്കാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും നിർദ്ദേശം നൽകി. സൗമ്യ മരിച്ച വിവരം അറിഞ്ഞതോടെ അങ്കലാപ്പിലായ സർക്കാരും ആരോഗ്യവകുപ്പും രോഗപ്രതിരോധം ഊർജിതമാക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടർ എൻ. പത്മകുമാറിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിർദ്ദേശം നൽകി. മന്ത്രി രമേശ് ചെന്നിത്തലയാണ് ജില്ലയിൽ ഇതിനായി ചുക്കാൻ പിടിക്കുന്നത്. മുഹമ്മയിലും വയലാറിലും അവലൂക്കുന്നിലും ഡെങ്കിപനി സ്ഥിരീകരിച്ചിട്ടുണ്ട്്.

ആരോഗ്യവകുപ്പിന്റെ പ്രത്യേകസംഘങ്ങൾ ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും. വികസനത്തിന്റെ പേരിൽ കോടികൾ പാഴാക്കുന്ന സർക്കാരിന് മനുഷ്യന്റെ ജിവൻ നിലനിർത്താനുള്ള വികസനം നടത്താൻ ഇതുവരെയും പണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. അസുഖം വന്നാൽ പൂനയിലെ ലാബുകളുടെ ദയയ്ക്കായി കാത്തിരിക്കേണ്ട ഗതികേടാണ് സർക്കാരിനുള്ളത്.