വിദേശികൾക്കുള്ള വിസയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം കുടിയേറ്റക്കാർക്ക് കടുത്ത തിരിച്ചടിയായി. ജോലി ചെയ്യാൻ നിയമപരമായി അവകാശം നേടിയിരുന്നവരുടെ അവകാശം കൂടി ഇല്ലാതാക്കുന്നതാണ് പുതിയ നിയമം. എച്ച് 1 ബി വിസ അനുസരിച്ച് അമേരിക്കയിലെത്തിയ ജോലി ചെയ്യുന്നവരുടെ പങ്കാളിക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അവകാശം നൽകിയിരുന്ന എച്ച്-4 വിസ റദ്ദാക്കിയതാണ് ഇന്ത്യക്കാരടക്കമുള്ളവർക്ക് തിരച്ചടിയായത്.

അമേരിക്കക്കയിലെ തൊഴിലവസരങ്ങൾ വിദേശികൾ സ്വന്തമാക്കുന്നത് തടയിടുകയെന്ന ഉദ്ദേശ്യത്തോടെയാണ് ട്രംപ് ഭരണകൂടം ആശ്രിത വിസയിലെത്തുന്നവർക്ക് ജോലി ചെയ്യാനുള്ള അവകാശം എടുത്തുകളഞ്ഞത്. നിലവിൽ എച്ച്-4 വിസ 60 ദിവസത്തേയ്ക്ക് മരപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വാഷിങ്ടൺ ഡിസിയിലെ കോടതികളിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.

എച്ച്-4 വിസയിലെത്തുന്നവർ ജോലി ചെയ്യാനുള്ള അവകാശം നേടിയെടുത്തത് ഏറെ കഷ്ടപ്പെട്ടാണ്. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ആശ്രിത വിസയിൽ അമേരിക്കയിലെത്തി ജോലി ചെയ്ത് സ്ഥിരതാമസക്കാരാകുന്നത്. 2015 ഫെബ്രുവരിയിലാണ് ഒബാമ ഭരണകൂടം ഇതിന് അനുമതി നൽകിയത്. എച്ച്-1 ബി വിസയിലെത്തുന്നവർ പെർമനന്റ് റെസിഡൻസി കാർഡിനായി കാത്തിരിക്കുന്ന വേളയിലും ആശ്രിത വിസയിലെത്തുന്നവർക്ക് ജോലി ചെയ്യാൻ ഒബാമ ഭരണകൂടം അനുമതി നൽകിയിരുന്നു.

ഒബാമ സർക്കാർ ഈ തീരുമാനമെടുത്തതിന് പിന്നാലെ, സേവ് ജോബ്‌സ് യുഎസ്എ എന്ന സംഘടന കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഒബാമ ഭരണകൂടത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനാവില്ലെന്ന് കാണിച്ച് ഡിസ്ട്രിക്ട് കോടതി ഈ ഹർജി തള്ളുകയായിരുന്നു. അപ്പീൽ കോടതിയെ സമീപിച്ച സംഘടന, ട്രംപ് അധികാരമേറ്റതോടെ കൂടുതൽ ഊർജിതമായി പ്രവർത്തനമാരംഭിച്ചു. എച്ച്-4 വിസ അനുവദിക്കുന്നതിന് മുമ്പ് എല്ലാ വിഭാഗക്കാരുടെയും വാദം കേൾക്കണമെന്ന ആവശ്യം കോടതിയിൽ നീതിന്യായ വകുപ്പ് മുന്നോട്ടുവച്ചു.

കേസിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇമിഗ്രേഷൻ വോയ്‌സ് എന്ന സംഘടനയുടെ സ്ഥാപകൻ അമൻ കപൂറും കോടതിയെ സമീപിച്ചിട്ടുണ്ട്. എച്ച്-4 വിസയിലെത്തിട്ടുള്ള ആയിരക്കണക്കിനാളുകളെ ബാധിക്കുന്ന തീരുമാനമെടുക്കുന്നതിന് മുമ്പ് എല്ലാവശവും പരിഗണിക്കണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടിട്ടുണ്ട്.