- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാക്കർമാർ ശരിക്കും ഭീകരന്മാരാണോ? എന്താണ് എത്തിക്കൽ ഹാക്കിങ്? സൈബർ ലോകത്തെ സുരക്ഷയെക്കുറിച്ച് എത്തിക്കൽ ഹാക്കർ ബിനോഷ് മറുനാടൻ മലയാളിയിൽ എഴുതുന്നു
നാശം വിതയ്ക്കുന്ന യുദ്ധങ്ങളേക്കാൾ ഇന്നു ലോകം ഭയക്കുന്നത് സൈബർ ലോകത്തെ ആകെ നശിപ്പിക്കുന്ന ഹാക്കർമാരെയാണ്. എങ്ങനെ എവിടെ നിന്ന് ഹാക്കർമാർ നുഴഞ്ഞുകയറുമെന്ന് പ്രതീക്ഷിക്കാനാകില്ല. അതീവ രഹസ്യവിവരങ്ങളും രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളും ഹാക്കർമാർ ചൂഴ്‌ന്നെടുക്കുമോ എന്ന ഭയത്താൽ ഇതിനെ പ്രതിരോധിക്കാൻ കോടിക്കണക്കിനു രൂപയാണ് ലോക
നാശം വിതയ്ക്കുന്ന യുദ്ധങ്ങളേക്കാൾ ഇന്നു ലോകം ഭയക്കുന്നത് സൈബർ ലോകത്തെ ആകെ നശിപ്പിക്കുന്ന ഹാക്കർമാരെയാണ്. എങ്ങനെ എവിടെ നിന്ന് ഹാക്കർമാർ നുഴഞ്ഞുകയറുമെന്ന് പ്രതീക്ഷിക്കാനാകില്ല. അതീവ രഹസ്യവിവരങ്ങളും രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളും ഹാക്കർമാർ ചൂഴ്‌ന്നെടുക്കുമോ എന്ന ഭയത്താൽ ഇതിനെ പ്രതിരോധിക്കാൻ കോടിക്കണക്കിനു രൂപയാണ് ലോകരാജ്യങ്ങൾ ചെലവഴിക്കുന്നത്.
എന്നാൽ, ഇതിനെയെല്ലാം മറികടന്ന് ഹാക്കർമാർ പലതും ചെയ്യുന്നുമുണ്ട്. പാരീസിൽ ഷാർലി എബ്ദോയ്‌ക്കെതിരായ ഭീകരാക്രമണത്തിനു പിന്നാലെ ഭീകരർക്കെതിരെ സൈബർ യുദ്ധം പ്രഖ്യാപിച്ച് അനോണിമസ് എന്ന കുപ്രസിദ്ധ ഹാക്കിങ് ഗ്രൂപ്പുതന്നെ രംഗത്തെത്തിയിരുന്നു.
എന്താണ് ഹാക്കിങ്? എന്താണ് എത്തിക്കൽ ഹാക്കിങ്? ഹാക്കിങ്ങും എത്തിക്കൽ ഹാക്കിങ്ങും തമ്മിലുള്ള വ്യത്യാസം എന്താണ്? എന്താണ് ഐടി സെക്യൂരിറ്റി? സൈബർ ലോകത്തെക്കുറിച്ച് അറിയേണ്ട ഇത്തരം കാര്യങ്ങൾ ഇനി മറുനാടൻ മലയാളിയിലൂടെ വായനക്കാരുടെ മുന്നിലേക്കെത്തും.
ഐടി സെക്യുരിറ്റി ആൻഡ് ഹാക്കിങ്ങ് മേഖലയിൽ വിദഗ്ധനായ ബിനോഷ് അലക്‌സ് ബ്രൂസാണ് മറുനാടൻ മലയാളിക്കുവേണ്ടി പ്രതിവാരം സൈബർ സുരക്ഷയെക്കുറിച്ചു വിലയിരുത്തുന്നത്. പത്തനംതിട്ടയിലെ അയിരൂർ സ്വദേശിയാണ് ബിനോഷ്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്നും ബിരുദപഠനം പൂർത്തിയാക്കിയ അദ്ദേഹം 2005 മുതൽ ഐടി സെക്യൂരിറ്റി പ്രൊഫഷണലും എത്തിക്കൽ ഹാക്കറുമായി ജോലി നോക്കുന്നു. പ്രമുഖ കമ്പനികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ പ്രൈമറോ ടെക്‌നോളജീസ്, ബി വൺ നെറ്റ് വർക്ക് തുടങ്ങി സ്വന്തം സ്ഥാപനങ്ങളും നടത്തുന്നു.
ബിനോഷിന്റെ ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുന്നവരിൽ കാസ്പർസ്‌കൈ ലാബ്‌സിന്റെ ഉടമസ്ഥൻ യൂജിൻ കാസ്പർസ്‌കൈ തുടങ്ങിയ പ്രമുഖരുമുണ്ട്. ഇന്നുമുതൽ ബിനോഷിന്റെ വിലയിരുത്തൽ മറുനാടൻ മലയാളിയിൽ വായിക്കാം.
എത്തിക്കൽ ഹാക്കിങ്ങും ഐടി സെക്യൂരിറ്റിയും
സ്രഷ്ടാവ് ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ സൃഷ്ടിച്ച ഒരു സിസ്റ്റം അല്ലെങ്കിൽ ഘടനയെ, വേറൊരു വ്യക്തി തന്റെതായ വ്യത്യസ്തമായ ഉദ്ദേശ്യത്തിനുവേണ്ടി മാറ്റുന്ന പ്രക്രിയ ആണ് ഹാക്കിങ്ങ്. ഹാക്കിങ്ങ് എന്ന വാക്ക് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്ന തലം കമ്പ്യൂട്ടിങ്ങ് ആണ്. ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ ആ നെറ്റ്‌വർക്കിന്റെ അഡ്‌മിനിസ്‌ട്രേറ്റർ അനുവദിക്കാതെ കയറുകയോ, വിവരങ്ങൾ ചോർത്തുകയോ, വിവരങ്ങൾ സ്വന്തം താൽപര്യത്തിനു അനുസരിച്ച് മാറ്റുകയോ ചെയുന്നതാണ് ഹാക്കിങ്ങ്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഹാക്കേഴ്‌സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കമ്പ്യൂട്ടറും അതുമായി ബന്ധപ്പെടുന്ന മറ്റു മേഖലകളിലെ അസാധാരണമായ കഴിവുകൾ ഉള്ള ആളുകൾ ആണ് ഹാക്കേഴ്‌സ്. പല പ്രസിദ്ധരായ (കുപ്രസിദ്ധരായ) ഹാക്കർമാരും പലപ്പോഴും കോളേജ് വിദ്യാഭ്യാസംപോലും പൂർത്തിയാക്കാത്ത വ്യക്തികളാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസം ഉള്ള ഹാക്കേഴ്‌സും ധാരാളം ഉണ്ട്.
സിനിമയിൽ കാണുന്നതുപോലെ എളുപ്പമുള്ള ജോലി അല്ല ഹാക്കിങ്ങ്. പുതിയ കമ്പ്യൂട്ടർ ടെക്‌നോളജിയെക്കുറിച്ച് ഉള്ള അറിവും സമയവും ക്ഷമയും ലോജിക്കും ഉള്ള ഒരാൾക്കു മാത്രമേ ഒരു ഹാക്കർ ആകാൻ സാധിക്കൂ. ഉദാഹരണത്തിന് ഒരു പാസ്‌വേഡ് ക്രാക്ക് ചെയ്യാൻ ദിവസങ്ങളോ ആഴ്ചകളോ എടുക്കും. സിനിമയിൽ അതിനു സെക്കൻഡുകൾ മാത്രം മതി.
എത്തിക്കൽ ഹാക്കിങ്ങും അൺ എത്തിക്കൽ ഹാക്കിങ്ങും തമ്മിൽ ഒരു നേരിയ വ്യത്യാസമേ ഉള്ളൂ. അൺ എത്തിക്കൽ ഹാക്കർ തന്റെ കഴിവുകൾ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കു വേണ്ടിയും കുപ്രസിദ്ധിക്കുവേണ്ടിയും, മറ്റൊരു വ്യക്തിയെയോ, സ്ഥാപനത്തെയോ നശിപ്പിക്കുന്നതിനോ വേണ്ടി ഉപയോഗിക്കുമ്പോൾ എത്തിക്കൽ ഹാക്കെഴ്‌സ് തന്റെ കഴിവുകൾ നിയമത്തിനു അനുകൂലമായും, മറ്റൊരു വ്യക്തിയെയോ സ്ഥാപനത്തെയോ നാശനഷ്ടങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനോ ഉപയോഗിക്കുന്നു.
മൂന്ന് തരം ഹാക്കർമാരാണ് പ്രധാനമായും ഉള്ളത്.
1. സ്‌ക്രിപ്റ്റ് കിടീസ് (Script Kiddies)
ഇവർ കാര്യമായ കഴിവുകൾ ഉള്ള ആളുകൾ അല്ല, ഇവർ പ്രധാനമായും ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ഏതെങ്കിലും ടൂൾസ് ഉപയോഗിച്ച് പരീക്ഷണം നടത്തുന്നവരാണ്. ചിലപ്പോൾ ഭാഗ്യം കൊണ്ട് ഇവർക്ക് എന്തെങ്കിലും റിസൾട്ടും കിട്ടും. പക്ഷേ കൂട്ടത്തിൽ ഒരു പരിധിവരെ ഇവരാണ് അപകടകാരികൾ, കാരണം ഇവരുപയോഗിക്കുന്ന ടൂൾകളുടെ പരിപൂർണ്ണമായ കണ്ട്രോൾ ഇവർക്കുണ്ടാകില്ല, പലപ്പോഴും ഇവർ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തായിരിക്കും ഇവരുണ്ടാക്കുന്ന നാശനഷ്ടങ്ങൾ.
2. അഡ്‌മിൻസ് (Admins)
ഇവർ പ്രധാനമായും കൈകാര്യം ചെയ്യുന്നത് നെറ്റ് വർക്കിംങ്ങ്, റൂട്ടിങ്ങ് (Routing), ഫയർവാൾ തുടങ്ങിയവയാണ്. ഇവർ കൂടുതലും നെറ്റ്‌വർക്ക് പെനിട്രേഷൻ, ഫയർവാൾ ബൈപാസ്സിങ്ങ് തുടങ്ങിയവയിൽ മിടുക്കരാണ്. കമ്പ്യൂട്ടർ നെറ്റ് വർക്ക് പെനിട്രേഷൻ ടെസ്റ്റിങ്ങ്, ഫയർവാൾ ടെസ്റ്റിങ്ങ് തുടങ്ങിയ ജോലികളിൽ മികവുള്ളവരായിരിക്കും ഇവർ.
3. കോഡേഴ്‌സ് (Coders )
കമ്പ്യൂട്ടർ പ്രോഗ്രമിങ്ങിൽ അസാധാരണ കഴിവുള്ളവരാണ് ഇവർ. ഇവർക്കാവശ്യമുള്ള ടൂൾസ് ഇവർതന്നെ പ്രോഗ്രാം ചെയ്തു ഉണ്ടാക്കാൻ മിടുക്കരാണ്. ഇവരുടെ ലോജിക്കൽ ലെവൽ സാധാരണ കമ്പ്യൂട്ടർ പ്രോഗ്രാമർമാരെക്കാളും പതിന്മടങ്ങ് കൂടുതലായിരിക്കും.
അഡ്‌മിൻ + കോഡേഴ്‌സ് കോമ്പിനേഷൻ ഏറ്റവും മികച്ചതായിരിക്കും.
ഐടി സെക്യൂരിറ്റി എന്നാൽ ആന്റി വൈറസ് ആണെന്ന് പല ആളുകളും ധരിച്ചിട്ടുണ്ട്, എന്നാൽ ആന്റി വൈറസ് എന്നത് ഐടി സെക്യൂരിറ്റിയിലെ ഏറ്റവും ബേസിക് സെറ്റപ് മാത്രമാണ്. ഒരു സ്ഥാപനം ഐടി സെക്യൂരിറ്റി എക്‌സ്‌പേർട്ടിനെ നിയോഗിച്ചു കഴിഞ്ഞാൽ അവർ പല മോദിഫിക്കേഷൻസ് ആൻഡ് അഡാപ്‌റ്റേഷൻ വഴിയാണ് ഐടി സെക്യൂരിറ്റി അവിടെ ഇംപ്ലിമെന്റ് ചെയ്യുന്നത്. അതിൽ ഫയർവാൾ ഇൻസ്റ്റോളിങ്ങ്, സെക്യൂരിറ്റി പോളിസി മേക്കിങ്ങ് ആൻഡ് ഇംപ്ലിമെന്റേഷൻ, യൂണിഫൈഡ് ത്രറ്റ് മാനേജ്‌മെന്റ് (യൂടിഎം) ഇംപ്ലിമെന്റേഷൻ, ഫയർ വാൾ പോളിസി ക്രിയേഷൻ, നെറ്റ്‌വർക്ക് അനലൈസിംങ്ങ്, പെനിട്രേഷൻ ടെസ്റ്റിങ് തുടങ്ങി ധാരാളം കടമ്പകൾ ഉണ്ടാകും. ഇതിനു പുറമേ 24ഃ7 മോണിറ്ററിങ്ങ് മാനുൽ ആയും ചെയ്യണം.
കമ്പ്യൂട്ടറും, കമ്പ്യൂട്ടർ നെറ്റ്‌വർക്കും ഇല്ലാത്ത ബിസിനസ് ഇന്ന് വളരെ കുറവാണ്, ഇന്ത്യയിൽ ജനസംഖ്യയുടെ 40% ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. ഈ 40% ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ 30% ബിസിനസ് യൂസേഴ്‌സ് ആണ് അവർക്കാവശ്യമുള്ള ഐടി സെക്യൂരിറ്റി എക്‌സ്‌പേർട്ടെഴ്‌സി(expert)ന്റെ 3% മാത്രമേ നമുക്ക് ഇപ്പോൾ ഉള്ളൂ. ഐടി സെക്യൂരിറ്റിയിൽ നമ്മൾ ഇപ്പോഴും വളർന്നുവെന്ന് പറയാറായിട്ടില്ല. ഐടി സെക്യൂരിറ്റി ലാബുകളുടെ അപര്യാപ്തത മൂലം പൊലീസിന് പോലും കേസുകൾ തീർക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇന്ന് നമ്മുടെ നാട്ടിൽ ഉള്ളത്.