വീണ്ടും ഫേസ്‌ബുക്ക് യൂസർമാരുടെ നെഞ്ചത്തടിച്ച് ഹാക്കർമാർ. അനധികൃതമായി എട്ടരക്കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണം നേരിടുന്ന ബ്രിട്ടീഷ് ഡേറ്റാ അനലൈസിങ് സ്ഥാപനം കേംബ്രിജ് അനലിറ്റിക്ക പ്രവർത്തനം അവസാനിപ്പിച്ചോതടെ വീണ്ടും ഫേസ്‌ബുക്കിനെ പിടിച്ചു കുലുക്കുന്ന ഹാക്കിങ്. കേംബ്രിജ് അനലിറ്റിക്ക കേസിന്റെ അലയൊലിയടങ്ങുന്നതിനു മുമ്പാണ് കോടിക്കണക്കിന് ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഹാക്കു ചെയ്യപ്പെട്ടതായി വാർത്തകൾ വന്നത്. ഇതിനി പിന്നിൽ റഷ്യയിലുള്ള സൈബർ ക്രിമിനലുകളെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫേസ്‌ബുക്ക് യൂസർമാരായ ഉപയോക്താവിനെ സംബന്ധിച്ചടത്തോളം ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അത്ര രസത്തിലുള്ളതല്ലെന്നുമാത്രമല്ല.പുതിയ വെളിപ്പെടുത്തൽ പ്രകാരം ഏകദേശം 81,000 അക്കൗണ്ടുകൾ ഹാക്കു ചെയ്യപ്പെടുകയും അവയിൽ നിന്നുള്ള സ്വകാര്യ സന്ദേശങ്ങൾ വിൽപ്പനയ്ക്കു വച്ചിരിക്കുകയുമാണെന്നാണ് ബിബിസി റിപ്പോർട്ടു ചെയ്യുന്നത്. ഇതിൽ ആൺപെൺ വ്യത്യാസം ഇല്ലാതെ ഏവരുടെ പ്രൊഫലുകൾ ഉൾപ്പെടും. ഇതോടെ വീണ്ടും ഫെയസ്ബുക്കിന്റെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുകായണ്. ചെറിയ തുകയ്ക്കാണ് ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.

ഇത് ആദ്യം വെളിച്ചത്തുവന്നത് എഫ്ബിസെയ്ലർ (FBSaler) എന്ന ഉപയോക്താവ് താൻ ഏകദേശം 120 മില്ല്യൻ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ വിൽക്കുന്നുണ്ട് എന്നു പരസ്യം ചെയ്തപ്പോഴാണ്. തുടർന്ന് സൈബർ സുരക്ഷാ സ്ഥാപനമായ ഡിജിറ്റൽ സെയ്ൽസ് ഈ അവകാശവാദത്തിന്റെ നിജസ്ഥിതി പരിശോധിക്കുകയും 81,000 ലേറെ പ്രൊഫൈലുകൾ, അവയിലെ സ്വകാര്യ സന്ദേശങ്ങളടക്കം, വിൽപ്പനയ്ക്കു വച്ചിട്ടുണ്ടെന്നു കണ്ടെത്തുകയുമായിരുന്നു. ഇതേ തുടർന്ന്, ബിബിസിയുടെ റഷ്യൻ സർവീസ് ഇത്തരത്തിൽ വിൽക്കാൻ വച്ചിരിക്കുന്ന അഞ്ച് അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തുകയും സ്വകാര്യ മെസെജുകളും തങ്ങളുടേതാണെന്ന് അവർ സ്ഥരീകരിക്കുകയുമായിരുന്നു.

അതേസമയം കേംബ്രിജ് അനലിറ്റിക്ക ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ അനധികൃതമായി ചോർത്തി യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പുൾപ്പെടെയുള്ളവയ്ക്കായി ഉപയോഗിച്ചെന്നാണ് ആരോപണം. സ്വകാര്യവിവരങ്ങൾ ചോർന്ന ഫേസ്‌ബുക്ക് ഉപയോക്താക്കളിൽ അഞ്ച് ലക്ഷം ഇന്ത്യക്കാരുമുൾപ്പെടുന്നു. അലക്സാണ്ടർ കോഗൻ നിർമ്മിച്ച 'ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫെ'ന്ന ആപ്ലിക്കേഷൻ ഉപയോഗിച്ചവരുടെ വിവരങ്ങളാണ് അനലിറ്റിക്ക ചോർത്തിയത്. കേംബ്രിജ് അനലിറ്റിക്ക വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ പ്രതിക്കൂട്ടിലായ ഫേസ്‌ബുക്ക് സിഇഒ. മാർക്ക് സക്കർബർഗ് പരസ്യമായി മാപ്പുപറഞ്ഞിരുന്നു. ഇതേ സ്ഥിതിയാണ് നിലവിൽ വീണ്ടും സംജാതമായിരിക്കുന്നത്.

എന്നാൽ നിലവിൽ പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് ഇവ വെറും ടെക്സ്റ്റ് സന്ദേശങ്ങൾ മാത്രമായരുന്നില്ല, ഫോട്ടോകളും മറ്റു ഫോർമാറ്റിലുള്ള ഉള്ളടക്കങ്ങളും ഉണ്ടായിരുന്നു. ഇവ ദുരുദ്ദേശത്തോടെ പ്രവർത്തിപ്പിക്കുന്ന ബ്രൗസർ എക്സ്റ്റെൻഷനുകളിലൂടെ ശേഖരിച്ചവയാകാമെന്നും പറയുന്നു. യുക്രെയ്ൻ, റഷ്യ എന്നിവടങ്ങളിൽ നിന്നുള്ളവരുടെ അക്കൗണ്ടുകളാണ് കൂടുതലായും ഹാക്കു ചെയ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടൺ, അമേരിക്ക, ബ്രസീൽ എന്നിവ അടക്കം മറ്റു രാജ്യങ്ങളിലുള്ളവരെയും ഇത് ബാധിച്ചിട്ടുണ്ട് എന്നു പറയുന്നു. ഹാക്കർമാർ ഒരു അക്കൗണ്ടിനു വിലയിട്ടിരുന്നത് 10 സെന്റ് മാത്രമായിരുന്നു. എന്നാൽ, ഇതു വിവാദമായതോടെ തൽക്കാലം വിൽപ്പന നിറുത്തിയിരിക്കുയാണ്.

ആരുടെയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് ഫേസ്‌ബുക്ക് നൽകുന്ന വിശദീകരണം. ഇതു തങ്ങളുടെ പിഴവല്ല എന്നാണ് അവർ വാദിക്കുന്നത്. പക്ഷെ, തങ്ങൾ ബ്രൗസർ ഉണ്ടാക്കുന്നവരോട് ചില എക്സ്റ്റൻഷനുകൾ അവരുടെ സ്റ്റോറിൽ ഇല്ലാ എന്ന് ഉറപ്പുവരുത്താൻ ആവശ്യപ്പെട്ടു എന്നു പറയുന്നു. ഫേസ്‌ബുക്കിൽ നിന്നുള്ള വിവരങ്ങൾ വിൽപ്പനയ്ക്കു വച്ച സ്ഥലങ്ങളിലെ നിയമപാലകരെയും, പ്രാദേശിക ഭരണാധികാരികളെയും തങ്ങൾ സമീപിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.

എന്നാൽ, ഡിജിറ്റൽ ഷാഡോസ് പറയുന്നത് ഹാക്കു ചെയ്യപ്പെട്ട വിവരം ഫേസ്‌ബുക്ക് അറിഞ്ഞിരിക്കുമെന്നു തന്നെയാണ്. ഇത്രയധികം പേരുടെ ഡേറ്റ ചോർന്ന വിവരം അറിയാതിരിക്കാൻ ഒരു സാധ്യതയുമില്ല എന്നാണ് അവർ പറയുന്നത്. എന്തായാലും, ഫേസ്‌ബുക്ക് ഡേറ്റ എപ്പോഴും സ്വകാര്യമായിരിക്കണമെന്നില്ല എന്നു വെളിവാക്കപ്പെടുന്ന മറ്റൊരു മുന്നറിയിപ്പും, സന്ദർഭവുമാണിത്.