നിങ്ങൾക്ക് ഒരു ജിമെയിൽ, ഹോട്ട് മെയിൽ അല്ലെങ്കിൽ യാഹൂ ഇമെയിൽ അക്കൗണ്ടുണ്ടോ..? എന്നാൽ അവയുടെ പാസ്‌വേഡ് ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പേകിയിരിക്കുന്നത്. ഗൂഗിളിന്റെയും യാഹൂവിന്റെയും ഇമെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ലക്ഷങ്ങളുടെ പാസ്‌വേഡുകൾ ഹാക്കേർസ് അടിച്ചു മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പുയർന്നിരിക്കുന്നത്. ഇത്തരം അക്കൗണ്ടുകളുടെ മില്യൺ കണക്കിന് യൂസർനെയിമുകളും പാസ് വേഡുകളും റഷ്യയുടെ ക്രിമിനൽ അധോലോകത്തിൽ വിൽപനയ്ക്ക് വച്ചിരിക്കുന്നുവെന്ന് ഒരു പുതിയ റിപ്പോർട്ട് അടുത്തിടെ കണ്ടെത്തിയിരുന്നു. റോയിട്ടർ നടത്തിയ അന്വേഷണത്തിലാണിത് വ്യക്തമായിരിക്കുന്നത്.വിൻകോൻസിൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹോൾഡ് സെക്യൂരിറ്റിയിലെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറായ അലെക്‌സ് ഹോൾഡനാണ് ഈ ഹാക്കിങ് ഭീഷണി വെളിച്ചത്തുകൊണ്ട് വന്നിരിക്കുന്നത്. ഇന്നുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ഡാറ്റ മോഷണം കഴിഞ്ഞ വർഷം കണ്ടെത്തിയ വിദഗ്ധനാണ് ഹോൾഡെൻ. മോഷ്ടിക്കപ്പെട്ട 272.3 മില്യൺ അക്കൗണ്ടുകൾ ഇപ്പോൾ വിൽപനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ ഭൂരിഭാഗവും റഷ്യയുടെ ജനകീയ ഇമെയിൽ സർവീസായ മെയിൽ.ആർയുവിന്റെ അക്കൗണ്ടുകളാണ്. ഇക്കൂട്ടത്തിൽ കുറച്ച് ശതമാനം ഗൂഗിൾ, യാഹൂ, മൈക്രോസോഫ്റ്റ് യൂസർമാരുടെ അക്കൗണ്ടുകളുമുണ്ട്.രണ്ടു വർഷങ്ങൾക്ക് മുമ്പ് യുഎസ് ബാങ്കുകൾക്കും റീട്ടെയിലർമാർക്കും നേരെ നടന്ന സൈബർ ആക്രമണത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.താൻ മോഷ്ടിച്ചെടുത്ത 1.17 ബില്യൺ രേഖകളെ പറ്റി ഒരു യുവ റഷ്യൻ ഹാക്കർ ഓൺലൈൻ ഫോറത്തിൽ വീമ്പു പറയുന്നത് ഹോൾഡ്‌സെക്യൂരിറ്റി റിസർച്ചർമാർ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ ഹാക്കിങ് പുറം ലോകം അറിഞ്ഞിരിക്കുന്നത്. ഈ രേഖകൾ വിൽപനയ്ക്ക് തയ്യാറാക്കി വച്ചിരിക്കുകയാണെന്നും ഈ ഹാക്കർ വെളിപ്പെടുത്തിയിരുന്നു.

ഇത്തരത്തിൽ 57 മില്യണ് മെയിൽ.ആർയു അക്കൗണ്ടുകൾ മോഷ്ടിക്കപ്പെട്ടുവെന്നാണ് ഹോൾഡൻ പറയുന്നത്. ഇതിന് പുറമെ ജിമെയിൽ, യാഹൂ, ഹോട്ട്‌മെയിൽ, അറ്റ്ജർമൻ, ചൈനീസ് ഇമെയിൽ പ്രൊവൈഡർമാർ തുടങ്ങിയവയുടെ നിരവധി മെയിലുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. യാഹൂവിന്റെ 40 മില്യൺ മെയിലുകളാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ഹാക്കിംഗിന്റെ 15 ശതമാനം വരുമിത്. 33 മില്യൺ ഹോട്ട്‌മെയിൽ അക്കൗണ്ടുകളാണ് ഇതിലൂടെ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതു പോലെ തന്നെ 24 മില്യൺ ജിമെയിൽ അക്കൗണ്ടുകളും ചോർന്നിട്ടുണ്ട്. ഇത്തരത്തിൽ ഭീഷണിയിലായ അക്കൗണ്ടുകളിൽ നിങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ നിലവിൽ വഴികളൊന്നുമില്ല.

ഈ ഹാക്കിങ് ഗൗരവകരമായ ഭീഷണിയാണ് ഉയർത്തുന്നതെന്നാണ് യുഎസ് ബ്രോക്കറേജ് ആർ.ഡബ്ല്യൂ ബൈർഡിന്റെ മുൻ ചീഫ് സെക്യൂരിറ്റി ഓഫീസറും കൂടിയായിരുന്ന ഹോൾഡൻ പറയുന്നു. എന്നാൽ ഈ ഡാറ്റകൾക്ക് ഹാക്കർ ആവശ്യപ്പെടുുന്നത് വെറും 50 റൂബിളുകൾ അഥവാ ഒരു ഡോളറിൽ കുറഞ്ഞ തുകയാണെന്നതാണ് അതിശയകരമായ വസ്തുത. ബേസ്‌ബോൾ, ഫുട്‌ബോൾ തുടങ്ങിയവപോലുള്ള പാസ് വേഡുകളാണ് ചോർന്ന ലിസ്റ്റിൽ കൂടുതലായുള്ളത്. അതുപോലെ ബെർത്ത്‌ഡേകളും പിറന്ന വർഷവും പാസ് വേഡാക്കിയാൽ ഹാക്കിംഗിന് സാധ്യതയേറെയാണെന്ന് തെളിഞ്ഞിട്ടുണ്ട്.മൈക്കൽ, ജെന്നിഫർ തുടങ്ങിയ സാധാരണ പേരുകൾ ചോരാൻ സാധ്യതയേറെയാണ്. മിക്‌സഡ് ടൈപ്പിലുള്ള എട്ട് കാരക്ടറുകൾ പാസ് വേഡാക്കുന്നതാണ് സുരക്ഷിതമെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്.