തിരുവനന്തപുരം: ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഹാദിയ കേസിൽ എൻഐഎ അന്വേഷണം തുടങ്ങി. അഖില എന്ന ഹിന്ദു പെൺകുട്ടി മതംമാറി ഹാദിയ എന്ന പേര് സ്വീകരിക്കുകയും മുസ്ലിം യുവാവിനെ വിവാഹം കഴിക്കുകയും ചെയ്ത സംഭവത്തിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ആരംഭിച്ചത്. സുപ്രിംകോടതിയുടെ നിർദ്ദേശപ്രകാരം തങ്ങൾ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും അന്വേഷണസംഘത്തലവൻ ശരത്കുമാർ അറിയിച്ചു. കേസിൽ കേരളാ പൊലീസിൽ നിന്നും ഫയലുകൾ വാങ്ങാനും ഒരുങ്ങുകയാണ് എൻഐഎ സംഘം. കേസിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്ന് നേരത്തെ കോടതി തന്നെ സംസ്ഥാന പൊലീസിനോട് നിർദ്ദേശിച്ചിരുന്നു.

ഹാദിയയുടെ മതംമാറ്റത്തിലും വിവാഹത്തിലും തീവ്രവാദ സ്വഭാവമുള്ള ഇടപെടലുകൾ നടന്നെന്ന് പിതാവ് ആശോകനാണ് ഹൈക്കോടതിയിൽ പരാതി നൽകിയത്. ഇതേതുടർന്ന് ഹൈക്കോടതി, ഹാദിയയും ഷഫിൻ ജഹാൻ എന്ന യുവാവും തമ്മിലുള്ള വിവാഹം റദ്ദു ചെയ്യുകയും പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടുകയുമായിരുന്നു. ഹൈക്കോടതി നടപടിക്കെതിരേ ഷഫിൻ ജഹാനാണ് സുപ്രിംകോടതിയെ സമീപിച്ചത്. തുടർന്ന് കേസിൽ കേന്ദ്രസർക്കാരിന്റെയും സംസ്ഥാനസർക്കാരിന്റെയും നിലപാട് തേടിയശേഷം എൻഐഎ അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു.

ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിച്ച ഭർത്താവ് ഷഹിൻ ജഹാൻ എൻഐഎ അന്വേഷണത്തെ സുപ്രിംകോടതിയിൽ എതിർത്തെങ്കിലും കോടതി കേന്ദ്രസർക്കാരിന്റെ കൂടി നിലപാട് ആരാഞ്ഞശേഷം അന്വേഷണം എൻഐഎക്ക് വിടുകയായിരുന്നു. അന്വേഷണത്തെ ഷഹിൻ എതിർത്തതിന് സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഷഹിൻ ആഗ്രഹിക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. 2008 സെപ്റ്റംബർ 26 ന് നടന്ന മുംബൈ ഭീകാരക്രമണത്തിന്ശേഷമാണ് തീവ്രവാദ കേസുകൾ അന്വേഷിക്കുന്നതിന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) രൂപീകരിച്ചത്.

അന്ന് മുതൽ എൻഎഐയെ വിമർശിക്കുന്നവരുടെ കൂട്ടത്തിലാണ് പോപ്പുലർ ഫ്രണ്ടുകാർ. ഹാദിയയെ മതംമാറ്റിയതിന് പിന്നിൽ ഇവരുടെ പങ്ക് വ്യക്തമാണ് താനും. ഈ സാഹചര്യത്തിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് എൻഐഎ അന്വേഷണത്തിന് അവസരം ഒരുക്കിയ നടപടി 'വെളുക്കാൻ തേച്ചത് പാണ്ടായി' എന്ന അവസ്ഥയിലാണെന്നും പോപ്പുലർ ഫ്രണ്ടുകാർ വിലയിരുത്തുന്നുണ്ട്.

ഇതിനിടെ, വൈക്കത്ത് മാതാപിതാക്കൾക്കൊപ്പം ഹാദിയ കഴിയുന്ന വീട്ടിൽ ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ സന്ദർശനം നടത്തുകയും ഹാദിയയ്ക്കും മാതാപിതാക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുകയും ചെയ്ത സംഭവം വിവാദമായിരുന്നു. മാധ്യമപ്രവർത്തകരെപോലും വീട്ടിലേക്ക് കടത്തിവിടാൻ വീടിന് കാവൽ നിൽക്കുന്ന പൊലീസ് തയാറായിരുന്നില്ല. ഈ സാഹചര്യത്തിൽ രാഹുൽ ഈശ്വറിന് വീട്ടിൽ കയറാൻ അനുവാദം നൽകിയതാണ് വിവാദമായത്.

ഹാദിയയുടെ അമ്മയുടെ അഭിമുഖവും രാഹുൽ പകർത്തിയിരുന്നു. ഇതിൽ ഹാദിയ രാഹുലിന്റെ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ സംഘപരിവാറിനും തിരിച്ചടിയാണ്. തന്നെ വീട്ടിൽ നിസ്‌ക്കരിക്കാൻ പോലും അനുവദിക്കുന്നില്ലെന്ന വിധത്തിലാണ് ഹാദിയ പ്രതികരിച്ചത്. ഇത് പോപ്പുലർ ഫ്രണ്ട് അനുയായികൾ വ്യാപകമായ തോതിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. രാഹുലിന്റെ അനാവശ്യ ഇടപെടൽ എതിരാളികൾക്ക് വടി നൽകുന്നതായി പോയി എന്ന വിമർശനമാണ് പൊതുവേ സംഘപരിവാറിൽ നിന്നും ഉയർന്നിരിക്കുന്നത്.

ഹാദിയയുടെ ഭാർത്താവ് ഷഫിൻ ജഹാനോ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കോ ഹാദിയയെ സന്ദർശിക്കാൻ പൊലീസ് അനുവാദം നൽകിയിട്ടില്ല. ഹാദിയയെ കാണാനെത്തിയ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധികൾക്കും പൊലീസും ഹാദിയയുടെ പിതാവും അനുമതി നിഷേധിച്ചു. അതിനിടെയാണ് രാഹുലിന്റെ കടന്നു കയറ്റം. വ്യക്തമായ താൽപര്യത്തോടെയാണ് രാഹുൽ ഹാദിയയുടെ വീട്ടിലെത്തിയതെന്ന് വ്യക്തമാക്കുന്നതാണിത്. മകൾ മതം മാറാനുള്ള സാഹചര്യങ്ങളും മറ്റും അമ്മയോട് രാഹുൽ ഈശ്വർ ചോദിച്ചറിയുന്നുണ്ട്. ഇതിനിടെ തന്റെ നിലപാടും താൻ നേരിടുന്ന അവസ്ഥകളും ഹാദിയ വ്യക്തമാക്കുന്നത് വീഡിയോയിൽ കാണാം.

'ഓരോ അമ്മയും കാണേണ്ട കേൾക്കേണ്ട കണ്ണുനീർ' എന്നു പറഞ്ഞു കൊണ്ടാണ് വീഡിയോ രാഹുൽ പോസ്റ്റു ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഹദിയ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് രാഹുൽ ഹാദിയയുടെ അമ്മയോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. പഠിക്കാൻ പോയി രണ്ടര വർഷത്തിന് ശേഷമാണ് ഹാദിയയുടെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു തീരുമാനമുണ്ടായതെന്ന് അമ്മ പറയുന്നു. തന്നോടും ഇസ്ലാം മതം സ്വീകരിക്കാൻ പറഞ്ഞു. മരിച്ചാൽ അമ്മ സ്വർഗത്തിൽ പോകുമെന്ന് അവൾ പറഞ്ഞുവെന്നും അമ്മ പറയുന്നു. ഇതിനിടെ ഹാദിയ സംസാരിക്കുന്നതും കേൾക്കാം. തന്റെ ജീവിതം ഇങ്ങനെ മതിയോ എന്ന് ഹാദിയ ചോദിക്കുന്നുണ്ട്. താൻ നിസ്‌ക്കരിക്കുമ്പോൾ മാതാപിതാക്കൾ വഴക്കുപറയുമെന്നും ഹാദിയ പറയുന്നു.