കോഴിക്കോട്: മാധ്യമങ്ങൾ ഒരുകാലത്ത് ആഘോഷിച്ച ലൗ ജിഹാദ് തീർത്തും കെട്ടുകഥയെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ(എൻഐഎ) അന്വേഷണ റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാവുന്നു.ഹാദിയയുടെ മതംമാറ്റത്തിനു പിന്നിൽ ബലപ്രയോഗം നടന്നതിനോ തീവ്രവാദബന്ധത്തിനോ തെളിവു ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് എൻഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഹാദിയയും ഷഫിൻ ജഹാനും തമ്മിലുള്ള വിവാഹത്തിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തിൽ വിവാഹത്തെക്കുറിച്ച് സുപ്രിംകോടതിയിൽ പ്രത്യേകം റിപോർട്ട് സമർപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും എൻഐഎ വ്യക്തമാക്കി.

ഹാദിയ കേസ് ഉൾപ്പെടെ കേരളത്തിൽ അടുത്തിടെ നടന്ന 89 മിശ്രവിവാഹങ്ങളിൽ ലൗ ജിഹാദ് ആരോപണമുയർന്ന 11 എണ്ണമാണ് എൻഐഎ അന്വേഷിച്ചത്. ഇതിൽ എൻഐഎ നടത്തിയ അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ഇങ്ങനെയാണ്. 'ഷഫിൻ ജഹാൻ-ഹാദിയ വിവാഹത്തിൽ ലൗ ജിഹാദ് ഇല്ല. അതിനു പിന്നിൽ നിർബന്ധിത മതപരിവർത്തനമോ ബാഹ്യ ഇടപെടലുകളോ കണ്ടെത്താനായിട്ടില്ല. വിവാഹത്തിലേക്കു നയിച്ച സാഹചര്യങ്ങളിൽ തീവ്രവാദബന്ധങ്ങളില്ല. പോപുലർ ഫ്രണ്ടുമായി ബന്ധമുള്ളവർ ഹാദിയക്കും ഷഫിനും സഹായം നൽകിയിട്ടുണ്ട്. എന്നാൽ, സംഘടിത ഗൂഢാലോചനയോ കുറ്റകൃത്യങ്ങളോ നടന്നിട്ടില്ല. അതിനാൽ കടുത്ത വകുപ്പുകളുള്ള യുഎപിഎ അടക്കമുള്ള നിയമങ്ങൾപ്രകാരം എന്തെങ്കിലും കുറ്റം ചുമത്താനുള്ള തെളിവുകളും ഇവർക്കെതിരേയില്ല.

ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് പോപുലർ ഫ്രണ്ടിനെ പ്രതിസ്ഥാനത്തു നിർത്തുന്നില്ല. മറ്റു മതംമാറ്റ കേസുകളിൽ, ഇതെല്ലാം തന്നെ കേവലം പ്രണയത്തിന്റെ പേരിലുള്ള മതംമാറ്റ വിവാഹങ്ങളാണെന്നും മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ടുണ്ടായ മതംമാറ്റങ്ങളിൽ ഗൂഢാലോചനയോ ബാഹ്യ ഇടപെടലുകളോ കണ്ടെത്താനായിട്ടില്ല. അങ്ങനെ ഒരു സൂചനയും ലഭിച്ചിട്ടില്ല. മറിച്ചുള്ളതെല്ലാം ആരോപണങ്ങളാണ്'- എൻഐഎ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

2016 ഡിസംബറിലാണ് വൈക്കം സ്വദേശിനി ഡോ. ഹാദിയയും കൊല്ലം സ്വദേശി ഷഫിൻ ജഹാനും തമ്മിലുള്ള വിവാഹം നടന്നത്. ഹാദിയയുടെ അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിച്ച് 2017 മെയിൽ വിവാഹം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഷഫിൻ സമർപ്പിച്ച ഹരജി പരിഗണിച്ച് കഴിഞ്ഞ മാർച്ചിൽ വിവാഹം സുപ്രീംകോടതി ശരിവച്ചു.

എന്നാൽ, ഷഫിൻ ജഹാന് നേരെ ഹാദിയയുടെ അച്ഛൻ ആരോപിച്ചിരുന്ന തീവ്രവാദബന്ധം സംബന്ധിച്ചും നിർബന്ധിത മതപരിവർത്തനം നടന്നിട്ടുണ്ടോ എന്നതു സംബന്ധിച്ചും കോടതി എൻഐഎയോട് അന്വേഷണം തുടരാനും ആവശ്യപ്പെടുകയുണ്ടായി. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ നേരിട്ടു ഹാജരായി സുപ്രിംകോടതിയെ ബോധ്യപ്പെടുത്തിയതിനാൽ വിവാഹത്തെക്കുറിച്ച് അന്വേഷിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമാണ് വിവാഹത്തിന്റെ പശ്ചാത്തലവും മറ്റും സംബന്ധിച്ച് സുപ്രിംകോടതി മുൻ ജഡ്ജി ആർ വി രവീന്ദ്രന്റെ മേൽനോട്ടത്തിൽ എൻഐഎയുടെ അന്വേഷണം നടന്നത്.

സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിലും പ്രണയിച്ച് മതംമാറ്റുക എന്ന ആസൂത്രിക നീക്കം ഉൾപ്പെടുന്ന ലൗ ജിഹാദ് എന്ന കാര്യം കണ്ടത്താനായിട്ടില്ല.അതിനായി ഒരു സംഘടനയും പ്രവർത്തിക്കുന്നില്ലെന്നും കേരളാപൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്്ഥാന സർക്കാർ 8 തവണ സത്യവാങ്്മൂലം നൽകിയിരുന്നു.ഇതിലും ലൗ ജിഹാദ് നിലനിൽക്കുന്നില്ല എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ കേരളത്തിലെ മാധ്യമങ്ങളും സംഘപരിവാർ സംഘടനകളും ലൗ ജിഹാദ് ആരോപണത്തിൽ ഉറച്ചുനിൽക്കയായിരുന്നു.

എൻഐഎ അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിലുള്ള ഹാദിയയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നുണ്ട്.ഒരു സാധാരണക്കാരിയായ എന്നെ സംബന്ധിച്ച് പൊലീസ്, കോടതി, ജഡ്ജി, ഹൈക്കോടതി, സുപ്രീം കോടതി ഇതൊക്കെ എനിക്ക് അപരിചിതമായിരുന്നു. എന്റെ ജീവിതത്തിൽ ഞാനൊരു നിലപാട് സ്വീകരിച്ചപ്പോൾ ഇതൊക്കെ എനിക്ക് പരിജയപ്പെടേണ്ടി വന്നു. എനിക്ക് ഉറപ്പാണ്. മുസ്ലിമായതിന്റെ പേരിൽ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്. അപ്പോഴൊക്കെ എന്റെ ശരിയോടൊപ്പം നിൽക്കുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും എനിക്ക് വേണ്ടി ത്യാഗം സഹിക്കുകയും നിയമപോരാട്ടത്തിനായി സാമ്പത്തികമായി സഹായിക്കുകയും ചെയ്ത നിരവധി പേരുണ്ട്. എല്ലാവരോടും ഒരിക്കൽ കൂടി എന്റെ കടപ്പാട് അറിയിക്കുന്നു. ഹാദിയ ഫേസ് ബുക്കിൽ കുറിച്ചു.

ഹാദിയയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

എനിക്ക് ശരി എന്ന് തോന്നിയ വഴി ഞാൻ തെരഞ്ഞെടുത്തപ്പോൾ ഒരു ഇന്ത്യൻ പൗരയെന്ന നിലയിൽ ആശ്വാസവും പ്രതീക്ഷയും ആകേണ്ട എല്ലാ കേന്ദ്രങ്ങളും നിരാശയാണ് എനിക്ക് നൽകിയത്. ഭരണപക്ഷവും പ്രതിപക്ഷവും ജുഡീഷ്യറിയും അന്വേഷണ ഉദ്യോഗസ്ഥരും മറ്റു സർക്കാർ ഏജൻസികളും എന്നെ പ്രതിസ്ഥാനത്ത് നിർത്തി. അവർ എന്നെ കുറ്റവാളിയും മാനസിക രോഗിയുമാക്കി വിധിയെഴുതി.അപ്പോഴൊക്കെ എന്റെ ശരിയോടൊപ്പം നിൽക്കുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും എനിക്ക് വേണ്ടി ത്യാഗം സഹിക്കുകയും നിയമപോരാട്ടത്തിനായി സാമ്പത്തികമായി സഹായിക്കുകയും ചെയ്ത നിരവധി പേരുണ്ട്. എല്ലാവരോടും ഒരിക്കൽ കൂടി എന്റെ കടപ്പാട് അറിയിക്കുന്നു.

ഒരു സാധാരണക്കാരിയായ എന്നെ സംബന്ധിച്ച് പൊലീസ്, കോടതി, ജഡ്ജി, ഹൈക്കോടതി, സുപ്രീം കോടതി ഇതൊക്കെ എനിക്ക് അപരിചിതമായിരുന്നു. എന്റെ ജീവിതത്തിൽ ഞാനൊരു നിലപാട് സ്വീകരിച്ചപ്പോൾ ഇതൊക്കെ എനിക്ക് പരിജയപ്പെടേണ്ടി വന്നു. എനിക്ക് ഉറപ്പാണ്. മുസ്ലിമായതിന്റെ പേരിൽ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്.പക്ഷെ എല്ലാം തരണം ചെയ്യാൻ എനിക്ക് കരുത്തും ഊർജ്ജവും ആയത് എന്റെ വിശ്വാസമായിരുന്നു. എന്റെ റബ്ബ് എന്നെ കൈ വിടില്ല എന്ന വിശ്വാസം. നിലപാട് ശരിയാവുകയും അതിൽ വെള്ളം ചേർക്കാതെ ഉറച്ച് നിൽക്കുകയും ചെയ്താൽ വിജയിപ്പിക്കൽ റബ്ബ് ബാധ്യതയായി ഏറ്റെടുക്കുമെന്ന വിശ്വാസം ഒരിക്കൽ കൂടി യാഥാർത്ഥ്യമായിരിക്കുന്നു. ഈ വിജയം ഒരു വ്യക്തിയുടെ വിജയമല്ല. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്.

എന്നോടൊപ്പം നിൽക്കുകയും എന്റെ നീതിക്കായി പോരാടുകയും ചെയ്ത പലരെയും ഒരു കാരണവുമില്ലാതെ വേട്ടയാടി. ഞാൻ ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവരാണ് എന്റെ നീതിക്ക് വേണ്ടി ശബ്ദിക്കാൻ ഉണ്ടായതെന്നത് നീതിക്കൊപ്പം നിൽക്കാനുള്ള എന്റെ സഹോദരീ സഹോദരന്മാരുടെ സത്യസന്ധതയാണ് ബോധ്യപ്പെടുത്തുന്നത്. അല്ലാഹു കൂടെയുണ്ടാവുമെന്ന വിശ്വാസം ഉള്ളിടത്തോളം മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല. എല്ലാത്തിനും കഴിവുള്ളവനാണ് എന്റെ റബ്ബ്.