ന്യൂഡൽഹി: ഹാദിയ കേസ് എൻഐഎ അന്വേഷിക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെ, തനിക്ക് നീതി കിട്ടിയില്ലെന്ന പരാതിയുമായി അച്ഛൻ അശോകൻ. മകളെ രക്ഷിക്കാൻ ഒരുഅച്ഛൻ കോടതിയിൽ പോകുന്നത് തെറ്റാണോയെന്നും,നേതാക്കന്മാർ എന്തറിഞ്ഞിട്ടാണ് തന്നെ വിമർശിക്കുന്നതെന്നും അശോകൻ ചോദിച്ചു സർക്കാരിന്റെ അന്വേഷണം ശരിയായ ദിശയിലല്ല. എൻഐഎ തന്നെ കേസ് അന്വേഷിക്കണം.ഹാദിയയുടേത് ഒറ്റപ്പെട്ട കേസല്ല, മറ്റുകുട്ടികളുടെ കാര്യവും അന്വേഷിക്കണം. വനിത കമ്മീഷൻ കേസിൽ കക്ഷി ചേരേണ്ട കാര്യമില്ല. മകൾ കഴിയുന്നത് അച്ഛനും അമ്മയ്ക്കുമൊപ്പമാണെന്ന് കാര്യം ഓർക്കണമെന്നും അശോകൻ പറഞ്ഞു.

ഹാദിയ കേസിൽ എൻഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്നാണ് കേരളം സത്യവാങ്മൂലം നൽകിയത്. മതപരിവർത്തനമടക്കമുള്ള കാര്യങ്ങൾ സമഗ്രമായി അന്വേഷിച്ചിട്ടുണ്ടെന്ന് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എൻഐഎ അന്വേഷണം വേഗത്തിലാക്കണമെന്നും കുടുംബത്തിന് സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ട് ഹാദിയയുടെ അച്ഛൻ അശോകൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്.

എൻഐഎ അന്വേഷണത്തെ സർക്കാർ ഭയക്കുന്നത് എന്തിനാണെന്ന് അശോകൻ ആശങ്ക ഉയർത്തുന്നു.ഹിന്ദുമതത്തിൽ നിന്നും മുസ്ലിം മതത്തിലേക്ക് മാറാനുള്ള ഹാദിയയുടെ നീക്കത്തിൽ ബാഹ്യ സമ്മർദ്ദങ്ങൾ ഇല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറ്റമെന്ന് മൊഴിയിൽ ഹാദിയ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

ഒരു മനുഷ്യ ബോംബായി തന്റെ മകൾ അവസാനിക്കുന്നത് കാണാൻ കഴിയില്ലെന്നും, നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നുമായിരുന്നു അശോകൻ നേരത്തെ പറഞ്ഞത്. എന്റെ കുടുംബത്തിനെതിരെ ചില മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും പ്രചാരണങ്ങൾ സംഘടിപ്പിക്കുകയാണ്. എന്നാൽ തങ്ങളനുഭവിക്കുന്ന വേദന മനസിലാക്കാൻ ആരും തയ്യാറാകുന്നില്ല. ഒരു മതത്തിനും, മത പരിവർത്തനത്തിനും താൻ എതിരല്ലെന്നും, എന്നാൽ നിഷ്‌കളങ്കരായ പെൺകുട്ടികളെ ഗൂഢലക്ഷ്യത്തോടെ മതം മാറ്റുന്നതിനെ അംഗീകരിക്കാൻ സാധിക്കില്ലെന്നും അശോകൻ പറഞ്ഞിരുന്നു

ഒരു മകൾ മാത്രമാണ് തനിക്കുള്ളത്. മനുഷ്യ ബോംബായി അവൾ അവസാനിക്കുന്നത് കാണാൻ ആഗ്രഹമില്ല. മനുഷ്യാവകാശ പ്രവർത്തകരെ ബോധിപ്പിക്കുകയല്ല എന്റെ ലക്ഷ്യം. മകളെ രക്ഷിക്കുന്നതിന് മാത്രമാണ് താൻ ശ്രമിച്ചത്. താൻ കോടതിയെ സമീപിച്ചില്ലായിരുന്നുവെങ്കിൽ മകളിപ്പോൾ തീവ്രവാദ സാന്നിധ്യമുള്ള വിദേശരാജ്യങ്ങളിൽ എത്തുമായിരുന്നു. സംഘർഷം നിലനിൽക്കുന്ന അഫ്ഗാനിസ്ഥാൻ, സിറിയ എന്നിവിടങ്ങളിലേക്ക് മകളെ അയയ്ക്കാൻ ഒരു പിതാവും ആഗ്രഹിക്കില്ലെന്നും പിതാവ് വ്യക്തമാക്കിയിരുന്നു.

എന്റെ വേദന വിവരിക്കാനാകാത്തതാണ്. തീർത്തും ഒറ്റപ്പെട്ടതുപോലെയാണ് തോന്നുന്നത്. ഇടുങ്ങിയ ചിന്താഗതിക്കാരനാണെന്ന നിലയിൽ മുദ്രകുത്തുമ്പോൾ വേദന തോന്നുന്നു. ഞാൻ നിരീശ്വരവാദിയാണ്. എന്റെ ജീവിതവും സമ്പാദ്യവും എന്റെ മകളാണ്. അവൾ അന്യമതസ്ഥനെ വിവാഹം ചെയ്യുന്നുവെങ്കിൽ ഞാൻ സന്തോഷത്തോടെ കൂടെ നിന്നേനെ. മതംമാറിയതിലും എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്നാൽ ഇത് സംശയകരമാണ്. പോപ്പുലർ ഫ്രണ്ടിന്റെ അജണ്ടയാണ് ഇതിനു പിറകിൽ. ഞാൻ മകളെ ആർഎസ്എസ് സഹായത്തോടെ തട്ടിക്കൊണ്ടുപോകുമെന്ന് പോപ്പുലർ ഫ്രണ്ടിന്റെ വനിതാ പ്രവർത്തക സൈനബ അവളെ വിശ്വസിപ്പിച്ചിരിക്കുന്നു. എന്റെ മകളെ സംരക്ഷിക്കേണ്ട ആവശ്യം സൈനബക്കില്ലെന്നും അശോകൻ നേരത്തെ പറഞ്ഞിരുന്നു.

ഹാദിയ വിഷയവുമായി ബന്ധപ്പെട്ട് ഏഴു കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ചത്. ഒന്നാമതായി ഹാദിയയയുടെ മതപരിവർത്തനം തന്നെയായിരുന്നു വിഷയം. ഹാദിയ നിരന്തരബന്ധം പുലർത്തിയിരുന്ന മതസ്ഥാപനങ്ങളും, സന്ദർശിച്ച സ്ഥലങ്ങളും അന്വേഷിച്ചു. മുൻ ഭർത്താവ് ഷെഫിൻ ജഹാന്റെ വ്യക്തിപരമായ വിശദാംശങ്ങളും കുടുംബപശ്ചാത്തലവും അന്വേഷണവിധേയമാക്കി.

ഷെഫിൻ ജഹാൻ ഉൾപ്പെട്ടിട്ടുള്ള കേസുകളെ സംബന്ധിച്ചും സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകളെ സംബന്ധിച്ചുമുള്ള വിശദാംശങ്ങളും ശേഖരിച്ചു. മതാചാരപ്രകാരമുള്ള വിവാഹമാണോ നടന്നതെന്നും പരിശോധിക്കുകയുണ്ടായി. വിവാഹത്തിന് സാമ്പത്തിക സഹായമടക്കം സൗകര്യങ്ങൾ നൽകിയ വ്യക്തികളെക്കുറിച്ചും അന്വേഷിച്ചു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ എൻഐഎയ്ക്ക് വിടാൻ തക്കമുള്ള യാതൊരു കുറ്റവും തെളിവുകളും കണ്ടെത്തിയില്ല. സുപ്രീംകോടതി എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടതിനെത്തുടർന്ന് കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും എൻഐഎയ്ക്ക് കൈമാറിയെന്നും സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസാണ് സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്.