മലപ്പുറം: മതം മാറിയതിന്റെ പേരിൽ ആരംഭിച്ച് പിന്നീട് വിവാഹം കഴിച്ചതും അതിന്റെ പേരിൽ പലതവണ കോടതി കയറിയിറങ്ങിയും നാളുകൾ തള്ളി നീക്കിയ ഹാദിയയുടെ പേര് അത്ര പെട്ടന്നാരും മറക്കാൻ ഇടയില്ല. വീട്ടു തടങ്കലിൽ നിന്നും ഹാദിയയ്ക്ക് മോചനം ലഭിച്ച നാളുകളിൽ പരമോന്നത നീതിപീഠം ഹാദിയയോട് പറഞ്ഞ വാക്കുകൾ ഇന്നും പ്രതിധ്വനിക്കുന്നു. എല്ലാ പ്രശ്നങ്ങളും മാറ്റിവെച്ച് പഠിച്ച് മിടുക്കിയാവണം'. ആ വാക്കുകൾ പൊന്നായി മാറിയെന്നാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം പ്രചരിക്കുന്ന ചിത്രം കണ്ട് ലോകം പറയുന്നത്.

മിടു മിടുക്കി ഡോക്ടറായി മാറിയ ഹാദിയ രണ്ടുവർഷം മുമ്പ് സ്വന്തമായി ഒരു ക്ലിനിക്കും ആരംഭിച്ചു. മലപ്പുറത്ത് കോട്ടയ്ക്കൽ റോഡിലാണ് ഹോമിയോപതിക്ക് ക്ലിനിക്ക് ഹാദിയ തുറന്നത്. ഡോക്ടർ ഹാദിയ ക്ലിനിക്ക് എന്നാണ് പേര്. ഡോ.ഹാദിയ അശോകനെ കാണാൻ മാതാപിതാക്കൾ എത്തിയ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടിൽ കെ.എം അശോകന്റെ മകൾ അഖില(24) എന്ന പെൺകുട്ടി ഇസ്ലാം മതം സ്വീകരിച്ച് ഷെഫീൻ ജഹാനെ വിവാഹം കഴിക്കുകയായിരുന്നു. ഏറെ വിവാദങ്ങൾക്കും നിയമ നടപടികൾക്കും ഒടുവിലായിരുന്നു ഇവരുടെ വിവാഹം.

അഖിലയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെ ഷെഫീൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. ആയുർവേദ ഡോക്ടറാകാൻ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റവും അനുബന്ധ സംഭവങ്ങളും. ഏറെ നാൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹാദിയയുടെയും ഷെഫീൻ ജഹാന്റെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചത്. ഇടക്കാലത്ത് ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകളും പ്രചരിച്ചു. എന്നാൽ അതുവെറും കുപ്രചാരണമെന്ന് പിന്നീട് തെളിഞ്ഞു.

ഏറെ വിവാദമായ മതം മാറൽ കേസായിരുന്നു അഖില ഹാദിയ സംഭവം. കേസിൽ വാദം കേൾക്കുന്ന കാലയളവിലാണ് കൊല്ലം സ്വദേശിയും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ഷെഫിൻ ജഹാനുമായി ഹാദിയയുടെ വിവാഹം നടന്നത്. ഈ സംഭവത്തിൽ, ഹാദിയയുടെ സംരക്ഷകരായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് സൈനബ ടീച്ചർക്കെതിരെയും കേസ് വിധിയിൽ പരാമർശമുണ്ടായിരുന്നു. വിവാഹിതയായ ഹാദിയയെ ഭർത്താവിനൊപ്പം വിടാതിരുന്നതും, യുവതിയുടെ താൽപര്യത്തിന് വിരുദ്ധമായി അച്ഛന്റെയും അമ്മയുടെയും ഒപ്പം വിട്ടതും കേസ് വിധി ഏറെ ചർച്ചയാക്കി. പിന്നീട് സുപ്രീ കോടതി ഇരുവരുടെയും വിവാഹം നിയമപരമാണെന്ന് വിധി പുറപ്പെടുവിച്ചു.

2017 മെയ് 24ന് വിവാഹം അസാധുവാക്കിയ കേരളാ ഹൈക്കോടതി വിധി റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഷഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിലാണ് ഹേബിയസ് കോർപസ് ഹർജികളിൽ വിവാഹം റദ്ദാക്കാനാവില്ല എന്നു നിരീക്ഷണം നടത്തി സുപ്രീം കോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു പ്രമാദമായ ഈ കേസ് പരിഗണിച്ചത്. അഖിലയ്ക്ക് ഷഫിൻ ജഹാനോടൊപ്പം പോകാമെന്നും അവരുടെ പഠനം തുടരാമെന്നും കോടതി തുടർന്നു പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ വിധിന്യായത്തോട് യോജിച്ചുകൊണ്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് മറ്റൊരു വിധിയുമെഴുതി. ഹൈക്കോടതിക്ക് തെറ്റു സംഭവിച്ചതിൽ തന്റെ മനോവേദന പ്രകടിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കുകയുണ്ടായി.

ഈ പശ്ചാത്തലത്തിൽ അഡ്വ.രശ്മിത രാമചന്ദ്രൻ എഴുതിയ പോസ്റ്റ് കൂടി വായിക്കാം.

വിവാഹങ്ങൾ സ്വർഗ്ഗത്തിൽ നടക്കുന്നു എന്നു പറയുമ്പോഴും അതിനെ തടസ്സപ്പെടുത്താൻ ഭൂമിയിൽ ചെകുത്താന്മാർ എടുക്കുന്ന പണിയെ നിസ്സാരമായി കാണരുതെന്നു പറയാൻ സ്വന്തം അനുഭവം തന്നെ ധാരാളമാണ്! പക്ഷേ, ഇതിന് എത്രത്തോളം മാരകമായ വേർഷൻസ് ആകാം എന്ന് മനസ്സിലായത് സുപ്രീം കോടതി വരെയെത്തിയ അല്ല എത്തിച്ച ഒരു വിവാഹക്കേസ് കണ്ടപ്പോഴാണ് ! ഹദിയയുടെ - ഡോ.ഹദിയയുടെ - വിവാഹക്കേസ്!

പ്രൊഫഷണൽ വിദ്യാഭ്യാസം ചെയ്ത ഒരു പെൺകുട്ടി പ്രായപൂർത്തിയെത്തിയതിനു ശേഷം സ്വന്തമായി ഒരു മത വിശ്വാസം തിരഞ്ഞെടുക്കുന്നു. പിന്നീട് പങ്കാളിയെയും. രണ്ടും പ്രായപൂർത്തിയായ ഏതൊരു പൗരനും ചെയ്യാൻ അവകാശമുള്ള കാര്യങ്ങളാണ്, എന്നിട്ടും അത് വിവാദമായത് അവൾ തിരഞ്ഞെടുത്ത മതവും അവൾ തിരഞ്ഞെടുത്ത പങ്കാളിയും ഇവിടെ ചില ഭൂരിപക്ഷ ഭീകരവാദികളുടെ കണ്ണിൽ ശത്രു പക്ഷത്തായതു കൊണ്ടു മാത്രമാണ്.

സ്വാഭാവികമായി ഉറ്റവരിൽ കുത്തിത്തിരുപ്പുണ്ടാക്കി. ഡോക്ടറാകാൻ പഠിപ്പിച്ച മകൾ ഏക്കെ 47 പിടിക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞു നില തെറ്റിച്ചാൽ ഏതൊരച്ഛനമ്മമാരും പതറിപ്പോകും , സുപ്രീം കോടതിയിലല്ല അങ്ങേയറ്റത്ത് ഹേഗിൽ വരെ കേസുമായിച്ചെല്ലും.... ആ കഥ അങ്ങനെ തന്നെ നമുക്ക് മനസ്സിലാകും...

NIA യും ആടുമെയ്‌ക്കലും ഭരണഘടനാപുസ്തകം നിവർത്തിപ്പിടിച്ച് നേരെ വായിച്ച നാളുകളിൽ ചീറ്റിയ പടക്കങ്ങളായി. ലൗ ജിഹാദ് വാദങ്ങൾ പുകച്ചുരുളുകളായി കോടതിയിൽ നിറഞ്ഞപ്പോൾ ശ്വാസം മുട്ടി നിന്ന ഹ ദിയയെ ചൂണ്ടി PV Dinesh വക്കീൽ കോടതിയോട് പറഞ്ഞു :'അവരൊരു പ്രൊഫഷണൽ ഡോക്ടറാണ്, ഈ കോടതിയോട് സംവദിക്കാനുള്ള ഭാഷ അവളുടെ കയ്യിലുണ്ട്', കോടതി അവരോട് നേരിട്ട് സംസാരിക്കണം... അവരെ കേൾക്കാതെ തിരിച്ചയയ്ക്കരുത്! ' .

സ്മാർത്തൻ മാരുടെ ഇടയിൽ നിന്ന് മനുഷ്യനായി നിന്ന് ഒരു വക്കീൽ പറഞ്ഞപ്പോ കോടതി ഹദിയയ്ക്കായി ചെവികൾ തുറന്നു... ശേഷം ചരിത്രമാണ്, ഡോ :ഹദിയ പറയുന്നത് കോടതി കേട്ടിരുന്നു, പ്രായപൂർത്തിയായ വ്യക്തികൾക്ക് വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന് ഊട്ടിയുറപ്പിച്ചു തീർപ്പാക്കി,ഭർത്താവിന്റെ കൈകളിൽ ഉറപ്പോടെ പിടിച്ചു തന്നെ അവൾ കോടതിയുടെ പടവുകളിറങ്ങി...

ശേഷമുള്ള കാലം ചിലർ കാത്തിരുന്നത് ഒരു കെട്ടു പ്ലാവിലയുമായാണ് - ഹാദിയ മെയ്‌ക്കാൻ കൊണ്ടു പോകുന്ന ആടിനെ തീറ്റാൻ അവൾ പക്ഷേ വിശ്വാസം ഇസ്ലാമിലും പ്രണയം പങ്കാളിയിലും തൊഴിൽ പഠിച്ച ഡോക്ടർ പണിയിലുമായി മുന്നോട്ട് പോയി.... പ്ലാവിലകളുമായി കാത്തിരുന്നവർ ഹതാശരായി!ഇന്ന് സുഹൃത്ത് Hasanul Banna യുടെ വാളിൽ ഒരു ചിത്രം കണ്ടു -ഡോ: ഹദിയയും അച്ഛനമ്മമാരും ! മനസ്സ് നിറഞ്ഞു! സുപ്രീം കോടതി വിധിയിൽ പൂർണ്ണത വന്ന നിമിഷം! അച്ഛനുമമ്മയ്ക്കും ഹദിയയ്ക്കും ദിനേശ് വക്കീലിനും നന്മകൾ വരട്ടെ!

അൻപേ ശിവം!