തിരുവനന്തപുരം; 2017 ൽ വാർത്തകളിൽ നിറഞ്ഞുനിന്ന അഖില എന്ന ഹാദിയ പാഠഭേദം മാസികയുടെ പേഴ്സൻ ഓഫ് ദി ഇയർ.മതംമാറ്റ വിവാദവും സുപ്രീംകോടതിയിലെ കേസുമൊക്കെയായി കേരളത്തിൽ സജീവചർച്ചാവിഷമായിരുന്നു ഹാദിയയുടെ ജീവിതം. മതംമാറ്റവും വീട്ടുതടങ്കലും തുടർന്നുണ്ടായ വിവാദങ്ങളും കോടതി നടപടികളും വഴി വാർത്തകളിൽ നിറഞ്ഞ്് രാജ്യത്തിന്റെ സാമുദായിക സഹവർത്തിത്വത്തിന്റെ ചരിത്രത്തിൽ ഒരു അടയാളക്കല്ലായിത്തീർന്ന സാധാരണക്കാരി പെൺകുട്ടിയാണ് ഹാദിയയെന്ന് മാസിക വിലയിരുത്തി.

മധ്യതിരുവിതാംകൂറിലെ ഒരു ശരാശരി ഈഴവകുടുംബത്തിൽ പിറന്ന് ശരാശരി നൈപുണിയോടെ സെക്കൻഡറി തലം വരെ പഠിച്ച് തമിഴ്‌നാട്ടിലെ സ്വാശ്രയ സ്ഥാപനത്തിൽ ഹോമിയോ ഡോക്ടറാവാൻ ചേർന്ന അഖില എന്ന പെൺകുട്ടി ഇസ്ലാംമതം സ്വീകരിച്ച് മതാചാരപ്രകാരം ഷഫിൻ ജഹാൻ എന്ന യുവാവിനെ വിവാഹം കഴിച്ചതാണു വിവാദമായത്.

സാധാരണനിലയ്ക്ക് ഒരു പ്രണയകഥയോ മതപരിവർത്തന കഥയോ ഒരു ലൗ ജിഹാദ് ഉമ്മാക്കിയോ ആവേണ്ടിയിരുന്ന സംഗതിയെ സഹനത്തിന്റെയും പെൺകരുത്തിന്റെയും ആഖ്യാനമായി അവതരിപ്പിക്കാൻ ഹാദിയക്ക് കഴിഞ്ഞെന്നും പാഠഭേദം വിലയിരുത്തി. തന്നെ ഹാദിയ എന്നുപോലും വിളിക്കാതെ അഖിലയെന്നു വിളിക്കാൻ ബദ്ധപ്പെട്ട ലോകത്തോടായിരുന്നു ഹാദിയയുടെ യുദ്ധം.

എത്ര വലിയ അഗ്‌നിപരീക്ഷകളിലൂടെയാണ് ആ പെൺകുട്ടി കടന്നുപോയത്്? നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(എൻഐഎ)യും മാധ്യമങ്ങളും കോടതികളുമെല്ലാം ഹാദിയയെ ഒരു ലബോറട്ടറി സ്പെസിമെനാക്കിക്കിടത്തി സ്വന്തം പരീക്ഷണങ്ങൾക്കു വിധേയമാക്കി. സൈക്കോളജിക്കൽ കിഡ്നാപ്പിങ്്, സ്റ്റോക്ഹോം സിൻഡ്രോം, ഇൻഡോക്ട്രിനേഷൻ, ഡിപ്രോഗ്രാമിങ്് തുടങ്ങിയ നിരവധി പദസൂചികകളുടെ സൂചിക്കുത്തേറ്റു പിടയുകയായിരുന്നു ഹാദിയ.

എന്നാൽ, തികഞ്ഞ മനോദാർഢ്യത്തോടെ അർഥശങ്കയ്ക്കിടയില്ലാതെ സുപ്രിംകോടതിയിൽ തനിക്ക് 'ഒരു മനുഷ്യജീവിയെന്ന നിലയിലുള്ള സ്വാതന്ത്ര്യം തരൂ' എന്ന് ഉറച്ച നിലപാടോടെ ആവശ്യപ്പെടുകയായിരുന്നു അവർ. സ്വന്തം മതം ഏതായിരിക്കണമെന്നും തന്റെ ഭർത്താവ് ആരായിരിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശത്തിനുവേണ്ടി ഒരു സ്ത്രീയും ഇതിനു മുമ്പ് ഇത്ര വലിയ പോരാട്ടം നടത്തിയിട്ടില്ല.

സ്വന്തം അവകാശങ്ങൾ സ്ഥാപിച്ചുകിട്ടാൻ വേണ്ടി ബലിയാടായ സ്ത്രീയല്ല ഹാദിയ. അതിനു വേണ്ടി പോരാടി ജീവിക്കാൻ ശ്രമിക്കുകയായിരുന്നു അവൾ. അതുകൊണ്ടാണ് മാസിക ഹാദിയയെ പേഴ്സൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കുന്നതെന്നും രണ്ടു പേജുള്ള കുറിപ്പിൽ പാഠഭേദം വ്യക്തമാക്കുന്നു. എഴുത്തുകാരനും സാംസ്‌കാരികപ്രവർത്തകനുമായ സിവിക് ചന്ദ്രന്റെ പത്രാധിപത്യത്തിൽ കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരിക്കുന്ന മാസികയാണു പാഠഭേദം.ന്യൂസ് മിനിട്ടിന്റെ സർവേയിലും രാജ്യത്തെ ശക്തരായ വനിതകളുടെ കൂട്ടത്തിൽ ഹാദിയ ഇടം പിടിച്ചിട്ടുണ്ട.