ന്യൂഡൽഹി: ഹാദിയ കേസ് ഇന്നലത്തോടെ സുപ്രീം കോടതി അവസാനിപ്പിച്ചതോടെ കേരളത്തെ ചൂടുപിടിപ്പിച്ച കേസിൽ എൻഐഎയും അന്വേഷണം നിർത്തിയേക്കും. ഷെഫിനും ഹാദിയയും തമ്മിലുള്ള വിവാഹം നിയമപരമാണെന്ന് വ്യക്തമാക്കിയ കോടതി കേസിൽ കുറ്റകരമായ കാര്യങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) അന്വേഷണം തുടരാമെന്നാണു സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയത്.

എന്നാൽ, എൻഐഎയ്ക്ക് അന്വേഷിക്കാവുന്ന തരം കുറ്റങ്ങളല്ല രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിലുള്ളതെന്നാണ് ൻഐഎയ്ക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ് വാദമധ്യേ സൂചിപ്പിച്ചത്. മറ്റ് കുറ്റകൃത്യങ്ങളെന്തെങ്കലും ഉണ്ടെങ്കിൽ എൻഐഎയ്ക്ക് അന്വേഷണം തുടരാമെന്ന് പറഞ്ഞ കോടതി ഹാദിയയും ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹത്തേ കുറിച്ച് അന്വേഷണം വേണ്ടെന്ന് വാക്കാൽ വ്യക്തമാക്കിയിരുന്നു.

ഇനി അന്വേഷണത്തിലൂടെ എൻഐഎയ്ക്ക് മറ്റെന്തെങ്കിലും കുറ്റങ്ങളുടെ കണ്ടെത്തലുണ്ടെങ്കിൽ അവ ഉൾപ്പെടുത്തി കുറ്റപത്രം നൽകാനാവും. അല്ലെങ്കിൽ, കേസ് അവസാനിപ്പിക്കുന്നതു സംബന്ധിച്ചു കൊച്ചി എൻഐഎ കോടതിയിൽ റിപ്പോർട്ട് നൽകാം.

ഹാദിയയുടെ പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണു എൻഐഎ അന്വേഷണമാരംഭിച്ചത്. ഐപിസി 153, ഐപിസി 295, ഐപിസി 107 എന്നി എഫ്‌ഐആർ വകുപ്പുകൾ പ്രകാരമാണ് അന്വേഷണം നടത്തിയും കേസ് എടുത്തതും.

മകളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതായും സിറിയയിലേക്ക് കടത്താൻ ശ്രമിക്കുന്നതുമായി ആരോപിച്ച് ഹാദിയയുടെ പിതാവ് അശോകനാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. പിന്നീട് കേരളത്തിൽ കോലിളക്കം സൃഷ്ടിച്ച ഈ കേസ് ഇന്ത്യ മുഴുവൻ ഉറ്റു നോക്കുന്ന രീതിയിലേക്ക് വളരുകയായിരുന്നു.

മകളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിച്ചതായി അശോകൻ കോടതിയിൽ പറഞ്ഞപ്പോൾ സ്വന്തം ഇഷ്ടപ്രകാരമാണ് താൻ ഷെഫീൻ ജഹാനെ വിവാഹം കഴിച്ചതെന്നും തന്നെ ആരും നിർബന്ധിച്ച് മത പരിവർത്തനം ചെയ്യിച്ചതല്ലെന്നും ഹാദിയ കോടതിയിൽ നിലപാടെടുക്കുകയും അച്ഛനെ തള്ളി പറയുകയും ചെയ്തു.