ശ്രീനഗർ: കാശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സാഖ്വിബ് ബിലാൽ നാലു വർഷം മുമ്പു തന്നെ ബോളിവുഡിന് പരിചിതമായ മുഖമായിരുന്നു. 2014-ൽ വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് ഷാഹിദ് കപൂർ നായകനായ ചിത്രം ഹൈദരിൽ അഭിനയിച്ചു കൊണ്ടാണ് സാഖ്വിബ് ബിലാലിനെ ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. ബോളിവുഡിൽ ഏറെ പ്രശംസപിടിച്ചുപറ്റിയ ചിത്രം കൂടിയായിരുന്നു ഹൈദർ. ചിത്രത്തിൽ ചോക്ലേറ്റ് കുമാരനായി അഭിനയിച്ചുകൊണ്ടാണ് ബിലാൽ ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. ഹൈദറിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ബിലാൽ ഭീകരപ്രവർത്തനത്തിന് സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു എന്നു വിശ്വസിക്കാനാവാതെ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ്.

ജമ്മു കാശ്മീരിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ കഥയായതിനാലാണ് കാശ്മീരി പയ്യനായ ബിലാലിന് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. തിയേറ്റർ ആർട്ടിസ്റ്റുകൂടിയായ ബിലാലിന് നാടകാഭിനയത്തിന് ഏറെ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുമുണ്ട്. സിനിമാ/നാടകാഭിനയത്തിനു പുറമേ ഫുട്‌ബോളായിരുന്നു ബിലാലിന്റെ മറ്റൊരു ഭ്രമം. സ്‌കൂൾ വിട്ട് വന്നാൽ പതിവായി മണിക്കൂറുകളോളം അടുത്തുള്ള ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം ഫുട്‌ബോൾ കളിക്കുക പതിവായിരുന്നു. ഫുട്‌ബോൾ കളിക്കിടെ കിട്ടിയ കൂട്ടാണ് ഒമ്പതാം ക്ലാസുകാരനായ മുദാസിർ റഷീദ് പരേയ്.

ഇരുവരും ചേർന്നാണ് ഭീകരസംഘടനയിൽ ചേരാൻ വീടുവിട്ടിറങ്ങിയത്. പതിനൊന്നാം ക്ലാസിൽ സയൻസ് ഗ്രൂപ്പെടുത്ത് പഠിക്കുകയായിരുന്ന ബിലാലും ഒമ്പതാം ക്ലാസുകാരനായ മുദാസിറും എന്തിനാണ് ഭീകരസംഘടനയിൽ ചേർന്നതെന്ന ചോദ്യത്തിന് ബന്ധുക്കൾക്ക് ഉത്തരം കണ്ടെത്താനായിട്ടില്ല. വീട്ടിൽ നിന്ന് പലചരക്കു സാധനങ്ങൾ വാങ്ങാനെന്നും പറഞ്ഞാണ് ഇരുവരും പോയത്. എന്നാൽ മറ്റൊരു ചെറുപ്പക്കാരന്റെ ബൈക്കിനു പിറകിൽ ഇരുന്നു ഇവർ പോകുന്നതായി പിന്നീട് പലരും ബന്ധുക്കളോടു പറഞ്ഞു.

ഓഗസ്റ്റ് അവസാനമാണ് കുട്ടികൾ രണ്ടുപേരും ഭീകരസംഘത്തിൽ ചേരാൻ പുറപ്പെട്ടത്. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷരായ കുട്ടികൾക്കായി വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലെ അംഗമായ ബിലാൽ ഡിസ്റ്റിങ്ഷനോടെ പത്താം ക്ലാസ് പാസായിരുന്നു. മുദാസിർ ആകട്ടെ ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു. ശ്രീനഗറിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള മുജ്ഗുണ്ട് എന്ന ഗ്രാമത്തിൽ നടന്ന വെടിവയ്പിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം ലഷ്‌ക്കറെ തായ്ബ ഭീകരൻ കൂടി കൊല്ലപ്പെട്ടിരുന്നു.

ആയിരങ്ങളുടെ അകമ്പടിയോടെയാണ് ബിലാലിന്റേയും മുദാസിറിന്റെയും കബറടക്കം നടത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ ജനാവലി മൃതശരീരങ്ങൾ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ പങ്കെടുത്തിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.