റങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മുടി മുറിച്ചെടുക്കുന്ന അജ്ഞാത സംഘത്തെ ഭയന്ന് ഉറക്കം നശ്ടപ്പെട്ടിരിക്കുകയാണ് തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ കംഗൻഹേരിയെന്ന ഗ്രാമം. ഹരിയാനയിലും രാജസ്ഥാനിലും പഞ്ചാബിലും റിപ്പോർട്ട് ചെയ്യപ്പെട്ട മുടിമുറിക്കൽ ഇപ്പോൾ ഡൽഹിയിലേക്കുമെത്തിയിരിക്കുന്നു. ദുർമന്ത്രവാദികളാണ് ഇതിന് പിന്നിലെന്ന് പൊലീസും വിശ്വസിക്കുന്നു. അതിനിടെ, ദുർമന്ത്രവാദിയെന്ന് ആരോപിച്ച് 62-കാരിയെ ജനക്കൂട്ടം തല്ലിക്കൊന്നതും സംഭവത്തിന്റെ ഗൗരവമേറ്റി.

സംഭവത്തിന് പിന്നിൽ ദുർമന്ത്രവാദികളാണെന്നാണ് പൊലീസ് കരുതുന്നത്. ആഗ്രഹിച്ച കാര്യം സാധിക്കുന്നതിന് മുടിമുറിച്ചുനൽകിയാൽ മതിയെന്ന് ചില മന്ത്രവാദികൾ പറഞ്ഞുപരത്തുന്നുണ്ട്. അവരാകാം ഇതിന് പിന്നിലെന്നും പൊലീസ് കരുതുന്നു. മുടി മുറിക്കുന്നത് പ്രേതമാണെന്ന പ്രചാരണവും ഇടയ്ക്ക് ശക്തമായിരുന്നു ഇത്തരം പ്രചാരണങ്ങൾ നടത്തരുതെന്ന് പൊലീസ് തന്നെ അഭ്യർത്ഥിക്കുന്നുണ്ട്.

അതിനിടെ, ഉത്തർപ്രദേശിലെ മുട്ട്‌നായി ഗ്രാമത്തിലാണ് വയോധികയെ മുടിമുറിക്കുന്ന ദുർമന്ത്രവാദിയെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്നത്. 62-കാരിയായ മാൻദേവിയാണ് മരിച്ചത്. അയൽപക്കത്തെ വീട്ടിൽ രാത്രി ഇവരെ സംശയകരമായ സാഹചര്യത്തിൽക്കണ്ടതോടെയാണ് സംഭവം. വീട്ടുകാർ ബഹളംവെച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ മാൻ ദേവിയെ തല്ലിക്കൊല്ലുകയായിരുന്നു.

ദളിത് വംശജയായ മാൻ ദേവി പണക്കാർ താമസിക്കുന്ന സ്ഥലത്തെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. വീട്ടിലെ പെൺകുട്ടി ഇവരെക്കണ്ട് നിലവിളിക്കുകയും നാട്ടുകാർ കൂട്ടംകൂടി ആക്രമിക്കുകയുമായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്ക് മാൻ ദേവി മരിച്ചിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ച മുടിമുറിക്കൽ സംഭവത്തിൽ ഇതേവര 55 സ്ത്രീകൾക്ക് തലമുടി നഷ്ടപ്പെട്ടതായാണ് വിവരം. തുടക്കത്തിൽ ഇതിനെ ആശങ്കയോടെ കണ്ടിരുന്ന ജനങ്ങൾ ഇപ്പോൾ പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട്. സംഭവത്തിന് പിന്നിലാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസെന്നും അതുവരെ വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുതെന്നും പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.