പ്ലാസ്റ്റിക് പാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കുന്നവർ അതിവേഗം കഷണ്ടിയായി മാറുമെന്ന് ഗവേഷകർ. ബംഗളൂരുവിലെ ക്ലിനിക്കിൽ മുടികൊഴിച്ചിലിന് ചികിത്സ തേടിയെത്തുന്ന 92 ശതമാനം പേരുടെയും രക്തത്തിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. പ്ലാസ്റ്റിക് പാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കുന്നതിലൂടെയും പ്ലാസ്റ്റിക് കടലാസ്സിൽ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെയുമാണ് ഇത് സംഭവിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.

ആയിരത്തോളം പേരുടെ രക്ത, മൂത്ര സാമ്പിളുകൾ ശേഖരിച്ച് നടത്തിയ ഗവേഷണത്തിലൂടെയാണ് പ്ലാസ്റ്റിക്കും മുടികൊഴിച്ചിലുമായുള്ള ബന്ധം കണ്ടെത്തിയത്. 570 പുരുഷന്മാരുടെയും 430 സ്ത്രീകളുടെയും സാമ്പിളുകളാണ് ഹെയർലൈൻ ഇന്റർനാഷണൽ റിസർച്ച് ആൻഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ശേഖരിച്ചത്.

ചില പ്രത്യേകതരം പ്ലാസ്റ്റിക് ഉണ്ടാക്കാനുപയോഗിക്കുന്ന ബിസ്‌ഫെനോൾ എയുടെ സാന്നിധ്യം ഇവരുടെ രക്തത്തിൽ കണ്ടത്താനായി. ഐ.ടി. പോലുള്ള മേഖലകളിൽ ജോലി ചെയ്യുന്ന 20 മുതൽ 45 വരെ പ്രായമുള്ളവരാണ് ഗവേഷണത്തിന്റെ ഭാഗമായത്. ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിൽനിന്നും ഹോട്ടലുകളിൽനിന്നും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിൽ ഭക്ഷണം കഴിക്കുന്നരാണ് ഇവരെന്നും ഗവേഷകർ കണ്ടെത്തി.

പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്നതുകൊണ്ടുള്ള ഒരു പാർശ്വഫലം മാത്രമാണ് മുടികൊഴിച്ചിൽ. കാൻസറിന് വരെ കാരണമാകുന്ന വസ്തുവാണ് ബിസ്‌ഫെനോൾ എ. ഹൃദ്രോഗ സാധ്യതയും ഇതുണ്ടാക്കുന്നു. പ്ലാസ്റ്റിക് ഉള്ളിൽച്ചെല്ലുന്നതു വഴിയുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാണ് മുടികൊഴിച്ചിലെന്നും ഗവേഷകർ പറയുന്നു.

പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്നതും ഡിസ്‌പോസിബിൾ ഗ്ലാസ്സുകളിൽ ചായ പോലുള്ള പാനീയങ്ങൾ കഴിക്കുന്നതും ബിസ്‌ഫെനോൾ ഉള്ളിൽച്ചെല്ലാനുള്ള സാധ്യത കൂട്ടുന്നു. കുട്ടികളുടെ ടിഫിൻ ബോക്‌സുകളും വാട്ടർ ബോട്ടിലുകളുമൊക്കെ പ്ലാസ്റ്റിക്കാണ്. ഓവനുകളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽനിന്നും ബിസ്‌ഫെനോൾ ഉള്ളിൽ കടക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ബാനി ആനന്ദ് പറയുന്നു.