ഇത്തവണയും ഹാജിമാരുടെ എണ്ണത്തിൽ വർദ്ധനവ് വരുത്താതെ ഹജ്ജ കരാർ പ്രാബല്യത്തിലായി. 2016 ലെ ഹജ്ജ് തീർത്ഥാടനത്തിന് ഇന്ത്യയിൽ നിന്ന് വരുന്നവരുടെ താമസം, യാത്ര,തിരിച്ചുപോക്ക് തുടങ്ങിയ കാര്യങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി വി.കെ സിങ് , സഊദി ഹജ്ജ് മന്ത്രി ഡോ: ബന്ദർ ഹജ്ജാറുമായി ജിദ്ദയിൽ നടത്തിയ കൂടിക്കാഴ്ചയിലാണു പുതിയ കരാറിൽ ഒപ്പുവച്ചത്.

കരാർപ്രകാരം ഇത്തവണയും ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ എണ്ണത്തിൽ വർധനവുണ്ടാവില്ല. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും ഇന്ത്യയിൽ നിന്ന് 1,36,020 പേർക്കാണ് അവസരം ലഭിക്കുക.ഇതിൽ 1,00,020 പേർ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന സർക്കാർ ക്വാട്ടയിലും ബാക്കിയുള്ള 36,000 ഹാജിമാർ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേനയും ഹജ്ജിനെത്തും.

ഹറം പള്ളിയിലെ നവീകരണ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ ഇന്ത്യയ്ക്കുള്ള ഹജ് ക്വോട്ട വർധിപ്പിക്കാനുള്ള തടസ്സം സൗദി അറിയിച്ചതാണ് ഹാജിമാരുടെ എണ്ണം വർദ്ധിപ്പിക്കാത്തതിന് കാരണം.ഹറം പള്ളിയിലെ നവീകരണ പ്രവർത്തനങ്ങൾ മൂലം വിദേശ രാജ്യങ്ങളുടെ ഹജ് ക്വോട്ട 20 ശതമാനവും അഭ്യന്തര ഹജ് ക്വോട്ട 50 ശതമാനവുമാണു സൗദി നേരത്തെ വെട്ടിക്കുറച്ചത്. അതിനു മുൻപ് 1.70 ലക്ഷം പേർക്കാണ് ഇന്ത്യയിൽനിന്നു തീർത്ഥാടനാനുമതി ഉണ്ടായിരുന്നത്.

ഹജ്ജ് കമ്മിറ്റിക്ക് കീഴിലത്തെുന്നവർക്ക് മശാഇർ മെട്രോട്രെയിൻ ഉൾപ്പെടെ യാത്രാസൗകര്യം ലഭ്യമാവും. മക്കയിൽ ഇത്തവണ 36,000 പേർക്ക് ഗ്രീൻ കാറ്റഗറിയിലും 64,000 പേർക്ക് അസീസിയയിലുമായിരിക്കും താമസസൗകര്യം. ഗ്രീൻ കാറ്റഗറിയിലെ താമസക്കാർക്കുള്ള കെട്ടിടം കണ്ടത്തെിയിട്ടുണ്ട്. ഇവ ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു