മക്ക: ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മുൻവർഷത്തെ പോലെ അപകടം ഉണ്ടാകാതിരിക്കാനുള്ള സജ്ജീകരണങ്ങളെല്ലാം സൗദി ഭരണാധികാരികൾ ഒരുക്കിക്കഴിഞ്ഞു. തീർത്ഥാടകരെ വരവേൽക്കാൻ മക്കയും മദീനയും ഒരുങ്ങിയിട്ടുണ്ട്. ഇതിനിടെ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി 1400 തീർത്ഥാടകർ ഇത്തവണ ഹജ്ജിനെത്തുന്നുണ്ട്യ.

ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെയാണ് സൗദി ഭരണാധികാരികളുടെ അതിഥികളാക്കിയിരിക്കുന്നത്. ഇതിൽ വനിതകളുമുണ്ട്. പിഎസ്‌സി അംഗം ടി.ടി.ഇസ്മായിൽ, മതപണ്ഡിതൻ അബ്ദുറഹ്മാൻ സലഫി എന്നിവരാണു രാജാവിന്റെ അതിഥികളായെത്തുന്ന രണ്ട് മലയാളികൾ.

ഇവരടക്കം ഇന്ത്യയിൽനിന്നുള്ളവർ നാളെ ഡൽഹിയിൽനിന്നു പുറപ്പെടും. അതേസമയം, ഹജ്ജിനെത്തുന്ന തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താൻ മിനായിലും മറ്റു കേന്ദ്രങ്ങളിലും മുഴുവൻ സമയവും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നു സൗദി സിവിൽ ഡിഫൻസ് അഥോറിറ്റി നിർദേശിച്ചു.

ആയിരം തീർത്ഥാടകർക്ക് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ എന്ന അനുപാതത്തിലാണ് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതെന്നും അറിയിച്ചു.