ജിദ്ദ: പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് നാളെ തുടക്കം. ഹജ്ജ് കർമത്തിനായി ഇതിനകം 13 ലക്ഷത്തിൽപരം തീർത്ഥാടകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മക്കയിലെത്തിയിട്ടുണ്ട്. 14 ലക്ഷത്തിലധികം വരുന്ന അഭ്യന്തര തീർത്ഥാടകർ കൂടി ചേരുന്നതോടെ 27.5 ലക്ഷത്തോളം വിശ്വാസികളാണ് ഹജ്ജ് കർമത്തിനായി പുണ്യഭൂമിയിൽ സംഗമിക്കുക. ഹജ്ജിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സൗദി ഭരണകൂടം വ്യക്തമാക്കി.

സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റിന്റെ കണക്കുപ്രകാരം 13,10,408 പേരാണ് ഇന്നലെ വരെ വിവിധ രാജ്യങ്ങളിൽ നിന്നായി സൗദിയിലത്തെിയത്. ഇതിൽ ഇന്ത്യയിൽനിന്ന് ഹജ്ജ് കമ്മിറ്റി വഴി എത്തിയ 99,904 തീർത്ഥാടകരും സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള 36,000 പേരും ഉൾപ്പെടും.
നാളെയാണ് ഹജ്ജ് കർമങ്ങൾക്കു തുടക്കമാവുകയെങ്കിലും തിരക്ക് ഒഴിവാക്കാനെന്നോണം ഇന്ന് ജുമുഅ നമസ്‌കാരാനന്തരം തീർത്ഥാടകർ തമ്പുകളുടെ നഗരയിയായ മിനായെ ലക്ഷ്യമാക്കി യാത്ര തിരിക്കും. ഇന്നത്തെ ജുമുഅ നമസ്‌കാരത്തിൽ ഹറമും പരിസരവും ജനസാഗരമാവുമെന്നുറപ്പാണ്. ഇന്ത്യൻ ഹാജിമാരെ വെള്ളിയാഴ്ച രാത്രിയോടെ മിനായിലേക്ക് എത്തിക്കും. മിനായിൽ ഇന്ത്യൻ ഹജ്ജ് മിഷന്റെ ഓഫിസും ആശുപത്രി ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയതായും ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥ സംഘം അറിയിച്ചു.

ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാസംഗമം ഞായറാഴ്ചയാണ്. അന്ന് രാത്രി മുസ്ദലിഫയിൽ രാപ്പാർത്ത് വീണ്ടും മിനായിലേക്ക് തിരിക്കും. മിനാ തമ്പുകളിൽ നാലുനാൾ തങ്ങുന്ന ഹാജിമാർ ചടങ്ങുകൾ പൂർത്തീകരിച്ച് ബുധനാഴ്ചയോടെ മക്കയിൽനിന്ന് മടങ്ങിത്തുടങ്ങും.

തിരക്കിനിടയിൽ അപകടമുണ്ടാവുന്നത് ഒഴിവാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് സൗദി ഭരണകൂടം ഒരുക്കിയത്. സുരക്ഷയുടെ കാര്യത്തിലും അതീവ ജാഗ്രതയുണ്ട്. ഭീകരവിരദ്ധ സേന, വ്യോമസേന, അടിയന്തരസേന, സിവിൽ ഡിഫൻസ് തുടങ്ങി 20-ഓളം സേനകളാണ് ഹാജിമാർക്ക് കവചമൊരുക്കുക. കടുത്ത ചൂടിലാണ് ഇത്തവണ ഹജ്ജ് എന്നതിനാൽ ഹാജിമാർക്ക് പ്രയാസങ്ങൾ കുറക്കാനും പ്രത്യേകം ഒരുക്കം നടത്തിയിട്ടുണ്ട്. അറഫയിൽ ചൂട് കുറക്കാൻ 1,20,000 ചതുരശ്ര മീറ്ററിൽ 18,000 നൂതനമായ തമ്പുകൾ ഒരുക്കിയിട്ടുണ്ട്. മിനയിലെ തമ്പുകളിൽ പതിനായിരത്തോളം പുതിയ എയർ കണ്ടീഷനിങ് യൂനിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഹാജിമാർക്ക് ഇലക്ട്രോണിക്‌സ് കൈവളകൾ, ബസുകളിൽ ജി പി എസ് സംവിധാനം തുടങ്ങിയവയും ഇത്തവണത്തെ പ്രത്യേകതകളിൽ പെടും. 43 ശതമാനത്തിന് മുകളിലാണ് മക്കയിൽ ഇന്നലത്തെ ചൂട്. മദീനയിലാകട്ടെ 45 ഡിഗ്രിക്ക് മുകളിലാണ് ചൂട്. മദീനയിലുണ്ടായിരുന്ന മുഴുവൻ ഹാജിമാരും മക്കയിലത്തെിയിട്ടുണ്ട്. ഹജ്ജിനത്തെിയ തീർത്ഥാടകരിൽ എട്ടു ലക്ഷത്തിലധികം പേർ ഇതിനകം മദീന സന്ദർശിച്ചതായാണ് വിവരം.