കൊണ്ടോട്ടി: സംസ്ഥാനഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പഠനക്ലാസ്സ് ഈ മാസം നാലിന് തുടങ്ങും. കോഴിക്കോട് ചെറൂട്ടി റോഡിലുള്ള എം.എസ്.എസ് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പത് മണിക്കാണ് ക്ലാസ് ആരംഭിക്കുന്നത്. രണ്ടാംഘട്ട ക്ലാസിന്റെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന ഹജ്ജ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവ്വഹിക്കും. ഹജ്ജിന്റെ കർമങ്ങൾ, യാത്ര, കൊണ്ടുപോകേണ്ട സാധന സാമഗ്രികൾ, നിയന്ത്രണമുള്ള വസ്തുക്കൾ തുടങ്ങിയവ സമഗ്രമായി ക്ലാസിൽ വിശദീകരിക്കും.

കോഴിക്കോട് സൗത്ത്, നോർത്ത്, എലത്തൂർ, ബേപ്പൂർ നിയോജക മണ്ഡലങ്ങളിലെ തീർഥാടകരാണ് നാലിന് നടക്കുന്ന ക്ലാസിൽ പങ്കെടുക്കേണ്ടത്. ഹജ്ജ് ഗൈഡ്, ഹെൽത്ത് കാർഡ്, ബാഗേജിൽ പതിക്കുന്ന സ്റ്റിക്കർ എന്നിവ ക്ലാസിൽ വിതരണം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അറുപതോളം കേന്ദ്രങ്ങളിൽ രണ്ടാംഘട്ട പഠനക്ലാസ് നടക്കും. ക്ലാസുകൾ സംബന്ധിച്ച് ഹാജിമാരെ ബന്ധപ്പെട്ട ട്രെയിനർമാർ വിവരം അറിയിക്കും.