കോഴിക്കോട്: ഹലാൽ ഭക്ഷണ ബ്രാൻഡിങ്ങിന് എതിരെ ശക്തമായ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി. ഇത്തരം ഭക്ഷണവും സേവനങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിക്കുമെന്നും സംഘടന വ്യക്തമാക്കി കഴിഞ്ഞു. ഹോട്ടലുകൾ ഹലാൽ ഭക്ഷണം വിളമ്പുന്നതിന് എതിരെയല്ല തങ്ങളുടെ പ്രതിഷേധം എന്നാണ് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ആർ.വി.ബാബു പറയുന്നത്. ഹലാൽ സർട്ടിഫിക്കേഷൻ മൂലം മുസ്ലിം ഇതരുടെ ജോലിക്കും ബിസിനസ് അവസരങ്ങൾക്കും ഭീഷണി ആവുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയെന്ന് അദ്ദേഹം പറയുന്നു. 'ഹലാൽ സർട്ടിഫിക്കേഷൻ കിട്ടാൻ മൂന്നിലൊന്ന് ജീവനക്കാർ മുസ്ലീങ്ങൾ ആയിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഇതോടെ ബിസിനസ് കിട്ടാൻ വേണ്ടി ഹലാൽ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ആളുകൾ നിർബന്ധിതരാകും. അല്ലാത്തവർക്ക് നഷ്ടമുണ്ടാകും. ഇപ്പോൾ നമുക്ക് ഹലാൽ സർട്ടിഫൈഡ് ഫ്‌ളാറ്റുകളും ആയുർവേദ ഉത്പന്നങ്ങളും ഉണ്ട്.' ബാബു പറയുന്നു.

താഴ്ന്ന ജാതിക്കാർ ഉണ്ടാക്കുന്ന ഭക്ഷണം ഉയർന്ന ജാതിക്കാർ കഴിക്കില്ല എന്ന പറയുന്നത് തൊട്ടുകൂടായ്മയ്ക്ക് തുല്യമാണ്. ഇത് ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതാണ്. മുസ്ലിം ഇതരർ പാകം ചെയ്ത ഭക്ഷണം മുസ്ലീങ്ങൾക്ക് കഴിക്കാനാവില്ലെന്ന വാദം മറ്റൊരുതരത്തിലുള്ള തൊട്ടുകൂടായ്മയാണ്-ആർ.വി.ബാബു പറഞ്ഞു. 10 വർഷം മുമ്പ് കേരളീയ സമൂഹത്തിന്റെ ഭാഗമല്ലാതിരുന്ന പ്രത്യേക ജീവിത ശൈലി അടിച്ചേൽപ്പിക്കാനുള്ള ശ്രമമുണ്ട്. നേരത്തെ ഇല്ലാതിരുന്ന ചില ചിഹ്നങ്ങൾ പ്രകടമാകുന്നു. അടുത്തിടെ ഒരു ബാങ്ക് 'ശരിയ രീതിയിലുള്ള' ഇടപാടുകൾ തങ്ങളുടെ ബ്രാഞ്ചിൽ ലഭ്യമെന്ന് പരസ്യം ചെയ്തതും ആർ.വി.ബാബു ഓർമിപ്പിച്ചു. ഏതായാലും ഇത്തരം ഹലാൽ സർട്ടിഫിക്കേഷൻ നിരോധിക്കണമെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആവശ്യം. വിവാദം സോഷ്യൽ മീഡിയയും ഏറ്റുപിടിച്ചു.

ഈ വിവാദത്തിൽ നടൻ മാമുക്കോയയും പ്രതികരണവുമായി എത്തി. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ:

'ഹലാൽ ഭക്ഷണ വിവാദമൊന്നും അത്ര ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്ന് ഞാൻ കരുതുന്നില്ല. ഈ സ്ഥലത്തിന്റെ പേരുകളൊക്കെ മാറ്റിയതുപോലെ ഹലാൽ എന്ന വാക്ക് അറബി പദമായതുകൊണ്ടുള്ള അലർജിയാകാം അവർക്ക്. ഇങ്ങനെയൊക്കെ തരം താഴ്ന്ന് ജീവിക്കുക എന്നുപറഞ്ഞാൽ എന്ത് ബോറൻ അവസ്ഥയിലേക്കാണ് ഈ നാട് പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് ഞാൻ അത്ഭുതപ്പെടുന്നത്.

ഹലാൽ ഭക്ഷണം ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം നടത്തുന്നവർ വാങ്ങിക്കഴിക്കേണ്ട. എന്തെങ്കിലും ആളുകൾ ഈ പ്രചാരണം കേട്ട് ഭക്ഷണം കഴിക്കാതെയിരുന്നാൽ വിലകുറയും. അപ്പോൾ മറ്റുള്ളവർക്ക് കുറഞ്ഞവിലയ്ക്ക് സുഖമായി ഭക്ഷിക്കാം. ഇത്തരം പ്രചാരണത്തിനൊക്കെ ഈ ഉത്തരമേയുള്ളൂ

ഈ പ്രചാരണങ്ങളിൽ നിന്നൊക്കെ എന്ത് കിട്ടാനാണ് ഇക്കൂട്ടർക്ക്? ഹോട്ടലുകാർക്കും അറിയാം ഇവിടെ ഏറ്റവും മുന്തിയ ഭക്ഷണം പാകം ചെയ്യുന്നത് ആരാണെന്ന്. ഇരുകൂട്ടരും ഒരുമിച്ച് പോകുന്നതിന് പകരം ഞാൻ കഴിക്കുന്നത് തന്നെ നീയും കഴിക്കണമെന്ന് വാദിക്കുന്നതെന്തിനാണ്? എന്തായാലും ഒരു ബഹുസ്വര സമൂഹത്തിൽ ഈ നിലപാട് നന്നല്ല.

ഉത്തരേന്ത്യയിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ ബുദ്ധിയും സംസ്‌കാരവും ഉള്ള ജനതയുണ്ടെന്നാണ് നമ്മൾ അവകാശപ്പെടുന്നത്. എന്നാൽ വിവരമുള്ള, വായിക്കുന്ന, അറിവുള്ള സാഹിത്യകാരന്മാരായിട്ടുള്ള ആളുകളിൽ ബിജെപിയോട് ചേർന്നുനിൽക്കുന്നവർ പൊട്ടന്മാരായിട്ടാണ് സംസാരിക്കുന്നത്. അവർ ഇത്തരം പ്രചാരണങ്ങളെ പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്യും. അതെന്താണതിന്റെ ഉദ്ദേശം? പൊതുവേദികളിൽ ഒക്കെ ഗംഭീരമായി പ്രസംഗിക്കുന്ന, പേരുകേട്ട ആളുകളാണവർ. അവരെന്തിനാണ് ഇത്തരം കാര്യങ്ങളെയൊക്കെ ന്യായീകരിക്കുന്നത് എന്നതാണ് മനസിലാകാത്തത്. എന്ത് സാഹിത്യ ലോകത്താണ് ഇവർ ജീവിക്കുന്നത്?

ഇത്തരം പ്രവണതകളെ പാടെ എതിർക്കുന്ന സാഹിത്യ ലോകത്തുള്ളവരെ നോട്ടപ്പുള്ളികളാക്കി തട്ടിക്കളയും. അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് പേടിച്ചിട്ട് പലരും പരസ്യമായി ഒന്നും പറയുന്നില്ല. അത്ര വൃത്തികെട്ട അവസ്ഥയിലേക്ക് രാഷ്ട്രീയം പോയി. മതങ്ങളും അങ്ങനെ തന്നെയാണ് പോകുന്നത്.ഇത്തരം ചർച്ചകളിൽ കെട്ടിമറിയാതെ, ഇതൊക്കെയും ഒരു വിഷയമാക്കിയെടുക്കാതെ വിടുകയാണ് വേണ്ടത്.'-മാമു കോയ പറഞ്ഞു.