ന്യൂഡൽഹി: ഗംഗാ നദീതീരത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് വ്യക്തമാക്കി ദേശീയ ഹരിത ട്രിബ്യൂണൽ. നദിയുടെ 500 മീറ്റർ പരിധിക്കുള്ളിൽ മാലിന്യം നിക്ഷേപിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഗംഗാ നദിയെ സംരക്ഷിക്കുന്ന കേന്ദ്ര പദ്ധതിക്ക് വൻ പിന്തുണയാണ് ഈ ഉത്തരവ്. നദീതീരത്ത് മാലിന്യം നിക്ഷേപിക്കുന്നവരിൽനിന്ന് 50,000 രൂപ വരെ പിഴയീടാക്കാനും ഉത്തരവിട്ടിട്ടുണ്ട്.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ അധ്യക്ഷൻ ജസ്റ്റിസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ചാണ്, നദീതീരത്ത് മാലിന്യം നിക്ഷേപിക്കുന്നവരിൽനിന്ന് 50,000 രൂപ പിഴയീടാക്കാൻ നിർദ്ദേശം നൽകിയത്. ഹരിദ്വാർ മുതൽ ഉന്നാവോ വരെയുള്ള ഭാഗത്ത് ഗംഗാ നദിയുടെ 500 മീറ്റർ ചുറ്റളവിനുള്ളിൽ മാലിന്യം നിക്ഷേപിക്കുന്നതിനാണ് വിലക്ക്.

ഇതേ ഭാഗത്ത് നദിയുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളും നിരോധിച്ച്, മേഖലയെ 'വികസനം പാടില്ലാത്ത' മേഖലയായി പ്രഖ്യാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും.

നേരത്തെ, പുണ്യനദികളായ ഗംഗയെയും യമുനയെയും നിയമപരമായി വ്യക്തിത്വമുള്ളവരായി പ്രഖ്യാപിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഉത്തരാഖണ്ഡ് സർക്കാർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നതായി പ്രഖ്യാപിച്ചത്. നദികളുടെ തൽസ്ഥിതിയും പൈതൃകവും നിലനിർത്തുന്നതിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്നു വിധിയിലുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഉത്തരാഖണ്ഡ് സർക്കാർ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

നദി മാലിന്യ മുക്തമായി സൂക്ഷിക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൂക്ഷ്മമായി വ്യക്തമാക്കിയാണ് ട്രിബ്യൂണൽ ഉത്തരവ്. ഇതിന്റെ ഭാഗമായി ഗംഗാ നദിയുടെയും കൈവഴികളുടെയും തീരങ്ങളിൽ നടക്കുന്ന മതപരമായ ചടങ്ങുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ മാർഗനിർദ്ദേശം പുറപ്പെടുവിക്കാൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരുകളോട് ട്രിബ്യൂണൽ നിർദ്ദേശിച്ചു.

നിലവിൽ ബിജെപി സർക്കാരാണ് രണ്ട് സംസ്ഥാനങ്ങളിലും എന്നതിനാൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ പുതിയ നീക്കത്തിന് കാര്യമായ എതിർപ്പുണ്ടാവില്ലെന്നാണ് വിലയിരുത്തൽ.