ഇടുക്കി: സ്വത്ത് തർക്കത്തിന്റെ പേരിൽ മകനെയും കുടുംബത്തെയും ചുട്ടെരിച്ച പ്രതി ഹമീദിന് പൊലീസ് കസ്റ്റഡിയിലും കൂസലില്ല. തനിക്ക് ജീവിക്കണമെന്നാണ് ചോദ്യം ചെയ്യലിനിടെ പ്രതി പൊലീസിനോട് പ്രതികരിച്ചത്. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ പ്രധാന ആവശ്യം.

ഇഷ്ടഭക്ഷണം തരണമെന്ന് ചീനിക്കുഴി കൂട്ടക്കൊല കേസിലെ പ്രതി ഹമീദ് ആവശ്യം ഉന്നയിച്ചു. എന്നും കഴിക്കാൻ മീനും മാംസാഹാരവും നൽകണമെന്നാണ് ഹമീദ് പൊലീസിനോട് ആവശ്യപ്പെട്ടത്.

സ്വത്ത് തർക്കത്തെ തുടർന്ന് മകനെ കൊലപ്പെടുത്താൻ ഹമീദ് തീരുമാനിച്ചതിന് പിന്നിൽ ഇഷ്ടമുള്ള ഭക്ഷണം നൽകാത്തതിന്റെ ദേഷ്യവുമുണ്ടായിരുന്നു. ഇക്കാര്യങ്ങൾ കാണിച്ച് മുൻപ് ഹമീദ് പൊലീസിൽ പരാതി നൽകിയിരുന്നു.

സ്വത്ത് വീതം വെച്ച് നൽകിയിട്ടും മകൻ തന്നെ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് പൊലീസിന് നൽകിയ മൊഴി. തന്റെ സ്വത്തുക്കളെല്ലാം രണ്ട് ആൺ മക്കൾക്കും നേരത്തെ വീതിച്ചു നൽകിയിരുന്നുവെന്നും സ്വത്ത് കിട്ടിയ ശേഷം ഇവർ തന്നെ നോക്കിയില്ലെന്നുമാണ് ഹമീദ് ആരോപിക്കുന്നത്.

വർഷങ്ങളായി അച്ഛൻ ഹമീദിന് മകനോടുള്ള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്. സ്വത്ത് വീതിച്ചു നൽകിയപ്പോൾ ഉണ്ടാക്കിയ കരാർ പാലിക്കാത്തതും കൊലയ്ക്ക് കാരണമായെന്നാണ് ഹമീദിന്റെ മൊഴി.

സംഭവം നടന്ന തറവാട് വീടും അതിനോട് ചേർന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. വാർധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ. എന്നാൽ മകൻ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലി ആണ് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പൊലീസിനോട് പറഞ്ഞത്.

ഭാര്യ മരിച്ചശേഷം ഹമീദ് മറ്റൊരു സ്ത്രീയ്ക്കൊപ്പമായിരുന്നു താമസം. അടുത്തകാലത്താണ് തിരികെയെത്തിയത്. തിരിച്ചു വന്നതിനുശേഷം രണ്ട് ആൺമക്കളുമായും ഇയാൾ പ്രശ്‌നം ഉണ്ടാക്കിയിരുന്നുവെന്നും അയൽവാസികൾ പറയുന്നു.

സ്വത്ത് ഭാഗം വച്ച് നൽകിയതിൽ കുടുംബവീടും പുരയിടവും മരിച്ച മുഹമ്മദ് ഫൈസലിനാണ് നൽകിയത്. പറമ്പിലെ ആദായവും എടുക്കാൻ അനുവദിച്ചു. എന്നാൽ വയസുകാലത്ത് തന്നെ നോക്കുന്നില്ല എന്ന പേരിൽ ഫൈസലുമായി ഹമീദ് നിരന്തരം വഴക്കുണ്ടാക്കി.

ചീനിക്കുഴിയിൽ പച്ചക്കറിവ്യാപാരം നടത്തിയിരുന്ന മുഹമ്മദ് ഫൈസലിന് ഭാഗം വച്ച് നൽകിയ കടകൾ തിരികെ നൽകണമെന്ന് ഹമീദ് ആവശ്യപ്പെട്ടു. മറ്റൊരു മകനുമായും ഹമീദ് തർക്കത്തിലായിരുന്നു. ഫൈസലുമായി വഴക്കും കൈയാങ്കളിയും പതിവായിരുന്നു. കഴിഞ്ഞദിവസം രാവിലെയും കൈയാങ്കളി ഉണ്ടായി.

തുടർന്ന് മകനും കുടുംബവും ഉറങ്ങിയ തക്കത്തിന് വീട് പൂട്ടി പെട്രോൾ നിറച്ച കുപ്പിയുമായി വന്ന് ഹമീദ് വീടിന് തീവയ്ക്കുകയായിരുന്നു. ജില്ലയിലെ ഉൾപ്രദേശമായതിനാൽ പെട്രോൾ കരിഞ്ചന്ത ഇവിടെ പതിവായിരുന്നു. മുഹമ്മദ് ഫൈസൽ ഇത്തരത്തിൽ കരിഞ്ചന്തയിൽ വിൽക്കാൻ കരുതിയ പെട്രോളാണ് ഹമീദ് കൊലപാതകത്തിന് ഉപയോഗിച്ചത്.

ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്‌റാ, അസ്‌ന എന്നിവരാണ് ഫൈസലിന്റെ പിതാവ് ഹമീദിന്റെ ക്രൂരതക്ക് ഇരയായത്. മൂത്ത മകൾ മെഹ്റ തൊടുപുഴ എപിജെ അബ്ദുൽ കലാം സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയും ഇളയമകൾ അസ്‌ന കൊടുവേലി സാൻജോ സിഎംഐ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ്.

മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാനായി അഞ്ച് കുപ്പി പെട്രോളുമായാണ് ഹമീദ് എത്തിയത്. രണ്ട് കുപ്പിയിലെ പെട്രോൾ വീടിന് അകത്തേക്ക് ഒഴിച്ച് തീകൊളുത്തി. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതിയെത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും ഇയാൾ അടച്ചിരുന്നു. വീട്ടിലെ വാട്ടർ ടാങ്കിലെ വെള്ളം മുഴുവനായി ചോർത്തിക്കളഞ്ഞു. വാതിൽ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.