കണ്ണൂർ: ഭീമന്റെ വഴി എന്നുള്ള സിനിമയിൽ വഴി ഇല്ലാത്തതിന്റെ പ്രശ്‌നം നമ്മൾ എല്ലാവരും കണ്ടതാണ്. എന്നാൽ ഇവിടെ അഷ്‌റഫും കുടുംബവും അനുഭവിക്കുന്നത് വീടിനു പുറത്തേക്ക് കടക്കാൻ വരെ വഴി ഇല്ല എന്ന അവസ്ഥയാണ്. പണ്ടുകാലത്ത് ഉള്ള വീടാണ് അഷ്‌റഫിന്റെത്. കാലങ്ങൾ കഴിഞ്ഞപ്പോൾ നാലു ഭാഗത്തും വീടുകൾ വന്നു.

ഓരോ വീടുകളും വരുന്നത് അനുസരിച്ച് അവർ മതില് പണിതു. ഇപ്പോൾ മതിലുകൾ കാരണം വീട്ടിലേക്ക് പോകാൻ അഷ്‌റഫിനും കുടുംബത്തിനും വഴിയില്ല. പെട്ടെന്ന് എന്തെങ്കിലും ആവശ്യം വന്നാൽ പുറത്തേക്ക് പോകാൻ തന്നെ മതില് ചാടി പോകേണ്ട അവസ്ഥയാണ്. അപ്പുറവും ഇപ്പുറവും പോകാൻ വരെ വഴിയില്ലാത്ത അവസ്ഥ. ആശുപത്രിയിൽ പോകണമെങ്കിൽ വരെ മതിൽ ചാടി വേണം പോകാൻ. എന്നാൽ രോഗികൾ ആയതിനാൽ ഇവർക്ക് അതിനുള്ള ത്രാണിയുമില്ല.

കണ്ണൂർ മേയർ മോഹനൻ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. അയൽവാസികളോട് അന്വേഷിച്ചപ്പോൾ അവർ അവരുടെ സ്ഥലത്താണ് മതിൽ പണിതത് എന്നും ഒരു വിട്ടുവീഴ്ചക്കും തങ്ങൾ തയ്യാറല്ല എന്നുള്ള മറുപടിയാണ് ലഭിച്ചത്. നാലു ഭാഗത്തും മതിൽ കെട്ടിയതിനെ തുടർന്ന് വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ കഷ്ടത അനുഭവിക്കുന്ന ആദികടലായിലെ അഷ്‌റഫിന്റെയും കുടുംബത്തിനെയും സന്ദർശിച്ച ശേഷം മേയർ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

മേയറിന്റെ നിർദ്ദേശപ്രകാരം ആർഡിഒ സ്ഥലത്ത് എത്തി സ്ഥലം സന്ദർശിച്ചു. അഷറഫിന്റെയും കുടുംബത്തിന്റെയും പ്രശ്‌നം കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു എന്നും പരിഹാരത്തിനായി ചർച്ച നടത്തി രോഗികൾക്കും കുട്ടികൾക്കും ഉൾപ്പെടെയുള്ളവർക്ക് പുറത്തേക്ക് പോകാനായി വഴി എന്നുള്ള കാര്യം ലഭ്യമാകാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ഇവർ വാക്കു നൽകിയിട്ടുണ്ട്.

ഇത് മനുഷ്യത്വരഹിതം ആയിട്ടുള്ള സമീപനമാണ് എന്നും വഴി എന്നത് എല്ലാവരുടെയും അവകാശമാണ് എന്നും മേയർ ടി ഓ മോഹനൻ അഭിപ്രായപ്പെട്ടു.