മലപ്പുറം: ലോക റാങ്കിങിലെ മൂന്നാം സ്ഥാനക്കാരനും മലപ്പുറം താനൂർ സ്വദേശിയുമായ മുഹമ്മദ് ഹനാൻ ഏറെ പ്രതീക്ഷയുള്ള കായികതാരമാണെന്നും ഹനാന്റെ ഇനിയുള്ള പരിശീലനം സർക്കാറിന്റെ കീഴിൽ ആയിരിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. വരുന്ന ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഒരു മെഡൽ പ്രതീക്ഷയായി ഹനാനെ വളർത്തിയെടുക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെനിയയിലെ നെയ്റോബിയിൽ നടക്കുന്ന ലോക അത്ലറ്റിക് ജൂനിയർ (അണ്ടർ 20) മീറ്റിൽ 110 ഹർഡിൽസ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താനൂർ പുത്തൻതെരുവ് സ്വദേശി മുഹമ്മദ് ഹനാന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്പോർട്സ് കിറ്റ് സമ്മാനിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തിന്റെ അഭിമാനമായി മാറുന്നതിന് ഹനാനെ മാറ്റിയെടുക്കാനുള്ള ശ്രമം കായികവകുപ്പിന്റെയും പരിശീലകരുടെയും ഭാഗത്തുനിന്ന് ഇനിയും ഉണ്ടാകും. ഇതിന്റെ ആദ്യഘട്ടമായാണ് ഹനാന് പ്രോത്സാഹനമെന്ന നിലയിൽ ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. കായികതാരങ്ങൾക്ക് എന്തു പരാതിയുണ്ടെങ്കിലും ജില്ലാ കലക്ടർക്ക് മുൻപാകെ ബോധിപ്പിക്കാനുള്ള അവസരം സംസ്ഥാനതലത്തിൽ തന്നെ നൽകും. ജില്ലയിലെ കായികതാരങ്ങൾക്ക് അവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ഏതു തരത്തിലുള്ള കായിക സൗകര്യങ്ങളും ഒരുക്കാൻ ജില്ലാകലക്ടർക്കും ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കമ്മീഷണർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌കൂൾ തലം മുതൽ കായിക പാഠങ്ങൾ കുട്ടികളെ പഠിപ്പിക്കണം. മെഡൽ അല്ല ആഗ്രഹിക്കേണ്ടതെന്നും കായികമായുള്ള കഴിവിനെ വികസിപ്പിച്ച് മുന്നോട്ടു വരുമ്പോൾ മെഡൽ നമ്മളെ തേടി വരുമെന്ന അവസ്ഥയിലേക്ക് കായികലോകം മാറുമെന്നും മന്ത്രി പറഞ്ഞു. മെഡലിനപ്പുറം ജനതയുടെ കായികക്ഷമത വർധിപ്പിക്കാനുള്ള ശ്രമങ്ങൾ കൂടി വേണമെന്നും ഇതിനായി കമ്മ്യൂണി സ്പോർട്സ് എന്ന സങ്കല്പം തന്നെ മുന്നോട്ട് വെക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വർഷം ഫെബ്രുവരിയിൽ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണ മേഖല ജൂനിയർ മീറ്റിൽ ഒന്നാമത് എത്തിയതോടെയാണ് ഹനാന് ലോക റാങ്കിങിൽ മൂന്നാം സ്ഥാനം നേടാൻ സാധിച്ചത്. വെള്ളച്ചാലിൽ കരീം-നൂർ ദമ്പതികളുടെ മകനായ ഹനാൻ താനൂർ ദേവദാർ സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്. കായികാധ്യാപകനായ സഹോദരൻ മുഹമ്മദ് ഹർഷാദിന്റെ കീഴിലാണ് പരിശീലനം നേടുന്നത്.

കലക്ടറ്റേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഉബൈദുള്ള എംഎ‍ൽഎ അധ്യക്ഷനായി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ, ജില്ലാ കലക്ടർ ഇൻ ചാർജ് ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കമ്മീഷണർ എസ്. പ്രേംകൃഷ്ണൻ, ഇന്റർനാഷണൽ ഫുട്‌ബോളർ യു. ഷറഫലി, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗങ്ങളായ കെ. മനോഹരകുമാർ, ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് യു.തിലകൻ, അത്ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.പി അജയ് രാജ്, സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.പി. അനിൽ, ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി മുരുകൻരാജ് തുടങ്ങിയവർ പങ്കെടുത്തു.

അബുദാബിയിൽ ഡ്രൈവറായി ജോലി നോക്കുന്ന കരീമിന്റെയും, വീട്ടമ്മയായ നൂർജഹാന്റെയും മൂന്നാമത്തെ മകനാണ് ഹനാൻ. ഹനാന് പരിശീലനം നൽകുന്നത് മൂത്ത സഹോദരനായ ഹർഷാദാണ്. കോട്ടയം എം.ജി യൂണിവേഴ്സിറ്റിയിലെ എംപിഎഡ് വിദ്യാർത്ഥിയാണ്. ഹനാനും, 400മീറ്റർ ഹർഡിൽസ് മത്സരാർത്ഥിയും സംസ്ഥാന മീറ്റുകളിലെ മെഡൽ ജേതാവുമായ സഹോദരൻ മുഹമ്മദ് ആഷിക്കും അടുത്തുള്ള കൂട്ടുകാരും ചേർന്നാണ് പരിശീലനം നടത്തുന്നത്. കഴിഞ്ഞ ജനുവരിയിൽ ഗുവാഹത്തിയിൽ നടന്ന നാഷണൽ ജൂനിയർ മീറ്റിൽ ഹനാൻ മത്സരിച്ചിരുന്നു. അവിടെ നിന്നാണ് ഹനാൻ ഒരു ചാമ്പ്യനായി ഉയർന്നത്. അതിനു ശേഷം താനുരിലെ ദേവധാർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഈ പ്ലസ് ടു വിദ്യാർത്ഥിക്ക് വെല്ലിങ്ടണിലെ, മദ്രാസ് റെജിമെന്റൽ സെന്ററിൽ ജോലി ലഭിക്കുകയും ചെയ്തു.