കൊച്ചി: കൊടുങ്ങല്ലൂരിൽ ഹാനാനെ അപകടത്തിൽ പെടുത്തിയതാണോ? ഹനാന് പോലും ഈ ചോദ്യത്തിന് ഉത്തരം നൽകാനാവുന്നില്ല. തന്നെ മനഃപൂർവം അപകടത്തിൽപ്പെടുത്തിയതായി സംശയിക്കുന്നുവെന്ന് ഹനാനും പറയുകയാണ്. തട്ടമിടാത്ത മീൻ വിൽപ്പനയിലൂടെ ഹനാൻ താരമായി മാറി. പിന്നീട് ഹാനാന്റെ വ്യാജ പ്രൊഫൈലിൽ നിന്ന് പ്രധാനമന്ത്രി മോദിയെ കളിയാക്കുന്ന പോസ്റ്റ്. ഇതും ചർച്ചയായി. ഇതോടെ സൈബർ മീഡിയയിലെ പരിവാറുകാർ ഹനാന് ഭീഷണിയുമായെത്തി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കമ്മീഷണർക്ക് പരാതി പറയാനുള്ള യാത്രയ്ക്കിടെയായിരുന്നു ആ അപകടം. ഇനി കുറഞ്ഞത് ഒരു മാസം ആശുപത്രി കിടക്കയിൽ ഹനാൻ കിടക്കണം. ഈ അവസ്ഥയിലേക്ക് തന്നെ എത്തിച്ച അപകടം ആസൂത്രിതമാണോ എന്ന സംശയമാണ് ഹനാൻ ഉയർത്തുന്നത്. ഇതിന് കാര്യകാരണങ്ങളുമുണ്ട്.

അപകടം നടന്ന ഉടനെ ഒരു ഓൺലൈൻ മാധ്യമം വേഗത്തിൽ പറന്നെത്തി. താൻ പേരുപോലും കേൾക്കാത്ത മാധ്യമം തങ്ങളുടെ എക്‌സ്‌ക്ലൂസീവ് എന്നു പറഞ്ഞ് അപകടത്തിൽ വേദനകൊണ്ട് പുളയുന്ന തന്റെ വീഡിയോ എടുത്തു. അപകടം നടന്നതു രാവിലെ ആറുമണിക്ക് ശേഷമാണ്. ഈ സമയത്ത് ഇവരെ ആര് വിളിച്ചുവരുത്തിയെന്നും ഇത്രവേഗം ഇത്തരം ഒരു സ്ഥലത്ത് എത്തിയെന്നും അറിയില്ല. തന്റെ സമ്മതമില്ലാതെ ഇവർ ഫേസ്‌ബുക്ക് ലൈവ് ഇട്ടു, ഇപ്പോഴും തന്നെ ഇവർ ശല്യം ചെയ്യുകയാണെന്നും ഹനാൻ മാതൃഭൂമിയോട് പറഞ്ഞു. ഹാനാന്റെ ഈ വാക്കുകളാണ് സംശയങ്ങൾ ബലം കൂട്ടുന്നത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റതുമില്ല. ഹനാൻ ഇരുന്ന ഭാഗത്തെ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

വാഹനം ഓടിച്ചിരുന്ന ഡ്രൈവർ പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേടുണ്ട്. ഇദ്ദേഹത്തിന്റെ പെരുമാറ്റം സംശയാസ്പദമാണെന്ന് ആശുപത്രിയിൽ കൂടെയുള്ളവർ പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങൾ ഇയാൾ പലപ്പോഴും മാറ്റിപ്പറയുകയാണ്. താൻ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലായിരുന്നു, ഉറങ്ങുക ആയിരുന്നു... ഇതെല്ലാം പൊലീസിനെ അറിയിക്കുമെന്നും ഹനാൻ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ ഹനാനൊപ്പം ഫേസ്‌ബുക് ലൈവ് നടത്തിയ യുവാവിനെതിരെ ആശുപത്രിയിൽ അതിക്രമിച്ച് കയറി രോഗിയെ ബുദ്ധിമുട്ടിച്ചതിനും ദൃശ്യങ്ങൾ പകർത്തിയതിനും എല്ലാം കേസെടുക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വച്ചു ലൈവ് ചെയ്ത കൊടുങ്ങല്ലൂർ മേത്തല സ്വദേശിക്കെതിരെയാണ് പൊലീസ് നടപടി ആലോചിക്കുന്നത്. ഡോക്ടറുടെ അനുമതിയില്ലാതെയായിരുന്നു ലൈവ് എന്ന് വ്യക്തമായിട്ടുണ്ട്. ഇതു മൂലം ചികിൽസ വൈകിയെന്നാണ് ആശുപത്രി നൽകുന്ന സൂചന. ഇതിനൊപ്പാണ് സ്മാർട് പിക്‌സ് മീഡിയയ്ക്ക് വേണ്ടി ഇയാളുടെ ലൈവിലും മറ്റും ഹനാനും സംശയം ഉന്നയിക്കുന്ത്.

ഡോക്ടർ വിലക്കിയിട്ടും ഇയാൾ ലൈവ് തുടരുകയായിരുന്നു. സംഭവം വിവാദമായതോടെ യുവാവിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കൊടുങ്ങല്ലൂർ മേത്തല സ്വദേശി രാജേഷ് രാമനാണ് ലൈവ് ചെയ്തതെന്നു കണ്ടെത്തി. സ്മാർട് പിക്സ് മീഡിക്ക് വേണ്ടിയാണ് ലൈവെന്നും ഇയാൾ പറഞ്ഞിരുന്നു. ഫെയ്സ് ബുക്കിലും യൂ ടൂബിലും ദൃശ്യങ്ങൾ ഇടുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കണമെന്ന അഭ്യർത്ഥനയും ഉണ്ട്. വാർത്ത നൽകുകയെന്നതിൽ അപ്പുറമുള്ള സാമ്പത്തിക മോഹം ഇതിലുണ്ടെന്നാണ് ഉയരുന്ന ആരോപണം. സംസാരിക്കാൻ പാടുപെടുന്ന ഹനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ഹനാൻ വേദനകൊണ്ട് പുളയുകയായിരുന്നു. എന്നിട്ടും ഇങ്ങനെ ലൈവ് ചെയ്തത് വിവാദമായിരുന്നു. ആശുപത്രി കിടക്കയിൽ വേദനകൊണ്ട് പിടയുന്ന ഹനാന്റെ ദൃശ്യങ്ങളാണ് ഇയാൾ ഫേസ്‌ബുക്ക് ലൈവിലൂടെ പകർത്തിയത്. സംസാരിക്കാൻ പാടുപെടുന്ന ഹനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം ആദ്യം ആശുപത്രിയിലെത്തിയത് തങ്ങളാണെന്നും പറയുന്നു. സ്മാർട് പിക്സ് മീഡിയ എന്ന സ്ഥാപനത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ലൈവ് നൽകിയത്. അപകടത്തിലായ ഹനാന്റെ എക്സ്‌ക്ലൂസീവ് ദൃശ്യങ്ങളാണ് ഇതെന്നും ഹനാന്റെ അടുക്കൽ ആദ്യമായി എത്തുന്നത് തങ്ങളാണെന്നുമുള്ള അവകാശവാദവും ഇയാൾ വിഡിയോയിലൂടെ ഉന്നയിക്കുന്നുണ്ട്. തനിക്ക് ഒരു കാൽ അനക്കാനാകുന്നില്ലെന്ന വസ്തുത കരഞ്ഞുപറയുന്ന ഹനാനെയും ദൃശ്യങ്ങളിൽ കാണാം.

ഹനാൻ അപകടത്തിൽ പെട്ടിരിക്കുകയാണ്. എന്താ സംഭവിച്ചതെന്ന് ചോദിക്കുന്നുണ്ട്. ഇതിനോട് അപകടത്തിൽ കാർ വെട്ടിതിരിച്ചതാണെന്ന് കരഞ്ഞു കൊണ്ട് ഹനാൻ പറയുന്നു. തുടർന്ന് ലൈവ് തുടരുന്നു. അതിന് ശേഷം മോദിക്കെതിരെ താൻ പരാമർശം നടത്തിയില്ലെന്നും കമ്മീഷണർ ഓഫീസിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്നും ഹനാൻ പറയുകയും ചെയ്യുന്നു. ഇതിന് ശേഷം ലൈവ് ചെയതതിലെ ധാർമിക പ്രശ്നങ്ങളും ഇയാൾ ചൂണ്ടിക്കാട്ടുന്നു. തെറ്റായി ഒന്നും കരുതരുതെന്നും വാർത്തയെന്ന നിലയിലാണ് ഇത് കാണിക്കുന്നതെന്നും പറയുന്നു. ഇതിന് ശേഷം കാർ അകപടമുണ്ടായ സ്ഥലത്തെത്തിയും ലൈവ് ചെയ്തു. ഈ ദൃശ്യങ്ങളെത്തിയതോടെയാണ് വേദന കൊണ്ട്് പുളയുന്ന ഹനാനെ വാണിജ്യ താൽപര്യത്തിന് വേണ്ടി ലൈവിൽ കാട്ടിയത് വിവാദമായിരുന്നു. പലരും രോഷത്തോടെ പ്രതികരിച്ചു. ഇതോടെയാണ് ആശുപത്രിയുടെ വിലക്കിന്റെ കാര്യം പുറത്തു വന്നത്. അത്യാഹിത വിഭാഗത്തിലെ ലൈവായതു കൊണ്ട് ജീവൻ രക്ഷാ ചികിൽസ വൈകിയെന്ന് കാട്ടി ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാം. ഇതിനുള്ള സാധ്യതകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പമാണ് ഹനാന്റെ വെളിപ്പെടുത്തലുകൾ. ഈ സാഹചര്യത്തിൽ ലൈവ് നടത്തിയ ആളെ പൊലീസ് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു തകർന്ന കാറിന്റെ മുൻസീറ്റിലിരിക്കുകയായിരുന്നു ഹനാൻ. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹനാന്റെ നട്ടെല്ലിന് പൊട്ടലുള്ളതിനാൽ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ഹനാന്റെ നട്ടെല്ലിന്റെ പന്ത്രണ്ടാമത്തെ കശേരുവിനാണ് പൊട്ടലുള്ളത്.