കണ്ണൂർ: വരുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി ജെ.പി സർക്കാരുകളെ പുറത്താക്കാൻ സംയുക്ത കർഷകമോർച്ച പ്രവർത്തിക്കുമെന്ന് സംയുക്ത കർഷകമോർച്ച കോർഡിനേഷൻ സെക്രട്ടറി ഹനൻ മുള്ള പറഞ്ഞു.കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിന് മുൻപും അതിനു ശേഷവും കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നാണ് ഇപ്പോൾ നടക്കുന്ന കർഷക സമരം. കർഷകസമരം തുടങ്ങിയിട്ട് ഒന്നാം വർഷം പൂർത്തിയാകുന്ന നവംബർ 26 ന് ആറ് സംസ്ഥാനങ്ങളിലെ കർഷകർ ഡൽഹിയിലേക്ക് മാർച്ചു നടത്തും. ചൈനയെയും പാക്കിസ്ഥാനെയും നേരിടുന്നതു പോലെയാണ് മോദി സർക്കാർ കർഷകസമരത്തെ നേരിടുന്നത്.

പാർലമെന്റിൽ പോലും വിഷയം ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ല. മാധ്യമങ്ങളോട് ഈ വിഷയം സംസാരിക്കുന്നതിനു പകരം ടി.വിയിലുടെയും റേഡിയോ വി ലൂടെയും മാൻ കി ബാത്ത് നടത്തുകയാണ് അദ്ദേഹം. കർഷക സമരം പരിഹരിക്കേണ്ടത് പാർലമെന്ററി ജനാധിപത്യത്തിലൂടെയാണ് അല്ലാതെ ജുഡീഷ്യറിയിലുടെയല്ല.

ജനാധിപത്യപരമായി സമരം ചെയ്യുന്ന കർഷകരെ കൊന്നൊടുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ഇതുവരെ 400 കർഷകർ കൊല്ലപ്പെട്ടു കഴിഞ്ഞു. കർഷകരെ സംരക്ഷിക്കുന്നുവെന്ന് നുണ പറയുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. 6000 രൂപ കർഷകർക്ക് പ്രതിമാസം നൽകുന്നുവെന്ന് പറയുന്ന മോദി സർക്കാർ ഇന്ധനത്തിനും പാചകവാതകത്തിനും വില കൂട്ടി 15000 രൂപയുടെ അധിക ബാധ്യത കർഷകർക്കു മേൽ അടിച്ചേൽപ്പിക്കുന്നു.

സ്വകാര്യ മണ്ടി സംവിധാനം അവസാനിപ്പിക്കുക കരാർ കൃഷി നിർത്തലാക്കുക അവശ്യ ഉൽപ്പന്ന നിയമം നടപ്പിലാക്കുക, കൃഷി ഭുമി കർഷകന് ഉടമസ്ഥാവകാശത്തോടെ പതിച്ചുനൽകുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കാതെ കർഷക സമരം അവസാനിപ്പിക്കില്ലെന്നും ഹനൻ മുള്ള പറഞ്ഞു.കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ പനോളി, എം.പ്രകാശൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.