കോഴിക്കോട്: അവൾക്ക് രക്തം,വേദന ഒക്കെ പേടിയാണ്..അവൾ ആത്മഹത്യ ചെയ്യില്ല...ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഹനാന്റെയുടെ അച്ഛൻ രംഗത്ത്. തന്റെ മകൾ ഹനാൻ മേപ്പയ്യൂർ വിളയാട്ടൂരിലെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം ആസൂത്രിത കൊലപാതകമാണെും കൊലപാതകത്തിൽ പങ്കാളികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നും ഹനാന്റെ അച്ഛൻ ആവശ്യപ്പെടുന്നു. സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവിനെ പൊലീസ് പിടികൂടിയിരുന്നു. ഹനാൻ മരിച്ചതിനു പിന്നാലെ മുങ്ങിയ വിളയാട്ടൂർ പൊക്കിട്ടാട്ട് നബീലി(27)നെ ആണ് വടകര ഡിവൈ.എസ്‌പി സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. നബീലിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്. ഈ സാഹചര്യത്തിലാണ് സംശയങ്ങളുമായി അച്ഛൻ രംഗത്ത് വരുന്നത്.

'അവൾ ആത്മഹത്യ ചെയ്യില്ല, അത്രയ്ക്ക് പേടിയാണ്, രക്തം, വേദന ഒക്കെ ഭയമാണ്. ആത്മഹത്യയാണെങ്കിൽ അതിന് മുമ്പ് വളരെ ക്രൂരമായതെന്തോ നടന്നിട്ടുണ്ട്.' അസീസ് പറഞ്ഞു. മുൻപ് ഭർത്താവ് സ്റ്റെയർ കെയ്‌സിൽ നിന്ന് തള്ളിയിടാൻ ശ്രമിച്ചിരുന്നതായും ശാരീരികമായി പീഡിപ്പിച്ചതായും മകൾ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. കൂട്ടാലിടയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് നബീൽ പൊലീസിന്റെ പിടിയിലായത്. മേപ്പയൂർ എസ്.ഐ യൂസുഫ് നടുത്തറമ്മൽ ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നബീലിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് ഹനാൻ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് സ്ത്രീപീഡനത്തിനും അസ്വാഭാവിക മരണത്തിനുമാണ് പൊലീസ് കേസെടുത്തിരുന്നു. ഭർത്താവിന്റെ സംശയരോഗവും കൊടിയപീഡനവുമാണ് ഈ പെൺകുട്ടിയെ മരണത്തിലേക്ക് തള്ളി വിട്ടതെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. അടുത്തിടെ പൊതുവഴിയിൽ വച്ച് ഭർത്താവ് പരസ്യമായി ഹനാനെ തല്ലിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.

ഹനാൻ മരിച്ച ദിവസം ദിവസം നബീലിന്റെ വീട്ടിൽനിന്ന് അയൽവാസികൾ ശബ്ദം കേട്ടിരുന്നു. അന്വേഷിച്ചപ്പോൾ ബാത്ത്‌റൂമിന്റെ വാതിൽ ശരിയാക്കിയതാണെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്. ഹനാൻ മരിച്ച വിവരം ഹനാന്റെ കുടുംബത്തെ ഏറെ വൈകി അറിയിച്ചതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഫാറൂഖ് കോളജിലെ എംബിഎ വിദ്യാർത്ഥിനിയായിരുന്ന ഹനാനും ഗൾഫുകാരനായ നബീലും തമ്മിലുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. ഭർത്താവിന്റെ പീഡനം കാരണം ആറ് മാസത്തിലധികം ഹനാന് സ്വന്തം വീട്ടിൽ നിൽക്കേണ്ടി വന്നിരുന്നു.

അടുത്തിടെയാണ് നബീൽ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം വസ്ത്രധാരണത്തെ ചൊല്ലി ഭർത്താവിന്റെ പീഡനം കാരണം ഹനാൻ സ്വന്തം വീട്ടിലേക്ക് മടങ്ങി. മധ്യസ്ഥരുടെ ഇടപെടലിനെ തുടർന്ന് വീണ്ടും ഭർതൃവീട്ടിലേക്ക് തിരിച്ചുപോയി. എന്നാൽ അതിനുശേഷവും പീഡനം തുടർന്നു. ഹനാൻ വീണ്ടും വീട്ടിലേക്ക് മടങ്ങി. ഇതിനിടെ നബീൽ ഹനാന്റെ ബന്ധുവീട്ടിലെ സൽക്കാര ചടങ്ങിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി. മനംമാറിയ ഹനാൻ നബിലിനൊപ്പം പോവാൻ തയ്യാറായി. എന്നാൽ വീണ്ടും പീഡനം തുടർന്നു.

പെരുന്നാൾ ദിവസം ബന്ധുവീടുകളിൽ ഇരുവരും സന്ദർശനം നടത്തിയിരുന്നു. ഇതിനിടയിൽ വഴിയിൽവെച്ച് നബീൽ ഹനാനെ പരസ്യമായി തല്ലുന്നത് കണ്ടതായി ഒരു സ്ത്രീ ബന്ധുക്കളോട് പറഞ്ഞിരുന്നു. അതേദിവസം രാത്രി ഭർതൃവീട്ടിൽ വെച്ച് അയൽവാസികൾ ശബ്ദം കേട്ടിരുന്നു. ഇതേ കുറിച്ച് അന്വേഷിച്ചപ്പോൾ ബാത്ത്റൂമിന്റെ വാതിൽ ശരിയാക്കിയതാണെന്നാണ് നബീലിന്റെ വീട്ടുകാർ പറഞ്ഞത്. ഈ സമയം ഉച്ചത്തിൽ സ്ത്രീയുടെ നിലവിളികേട്ട് അയൽവാസികൾ നബീലിന്റെ വീട്ടിൽ വന്നിരുന്നു. കുളിമുറിയുടെ വാതിൽ പുറമെനിന്നും കുറ്റിയിട്ടതുകൊണ്ട് നിലവിളിച്ചതാണെന്നാണ് നബീൽ പറഞ്ഞത്. ഹനാൻ മരിച്ച വിവരം ഹനാന്റെ കുടുംബത്തിന് ഏറെ വൈകിയാണ് അറിയാൻ കഴിഞ്ഞത്. മരിച്ചശേഷം മാത്രമാണ് ഹനാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും ആരോപിക്കുന്നു.

നന്തിബസാർ കാളിയേരി അസീസിന്റെ മകളാണ് ഹനാൻ. പെരുന്നാൾ ദിനത്തിലാണ് മേപ്പയ്യൂർ വിളയാട്ടൂരിലുള്ള ഭർതൃഗൃഹത്തിൽ എം.ബി.എ. വിദ്യാർത്ഥിനിയായ ഹനാനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഹനാൻ ജീവനൊടുക്കാൻ കാരണം നബീലിന്റെ സംശയരോഗമാണെന്ന് പൊലീസിനു വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. എന്നാൽ കൊലപാതക കുറ്റം ആരോപിച്ചില്ല. ഈ സാഹചര്യത്തിലാണ് കുടുംബം സംശയവുമായി വരുന്നത്. ഹാനാനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് ഉയരുന്ന ആക്ഷേപം.

ഹനാൻ പേഴ്‌സണൽ ഡയറി കൂടിയായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സംബന്ധിച്ച് ദുരൂഹതയുണ്ട്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി മരണത്തിന് ഉത്തരവാദികളായ നബീൽ, ബാപ്പ, ഉമ്മ, സഹോദരിമാർ എന്നിവരുടെ പേരിൽ കൊലക്കുറ്റം ചുമത്തി കേസെടുക്കണുമാണ് ആവശ്യം.