കൊച്ചി: ഉദ്ഘാടനത്തിന് അടുത്തെത്തിയിട്ടും ഉപേക്ഷിക്കേണ്ടി വന്ന തമ്മനത്തെ മീൻ കടയുടെ മുന്നിൽ വെച്ച് തന്നെ, 'വൈറൽ ഫിഷ്' മൊബൈൽ മീൻ വിൽപ്പന കേന്ദ്രത്തിന് ആഘോഷ പൂർവ്വം തുടക്കമിട്ട് കേരളത്തിന്റെ മകൾ ഹനാൻ. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ദേശീയ അവാർഡ് ജേതാവ് സലീം കുമാർ തമ്മനത്ത് എത്തി വാഹനത്തിൽ സജ്ജീകരിച്ച ഹനാന്റെ മീൻ വിൽപ്പന കേന്ദ്രം നാടമുറിച്ച് ഉദ്ഘാടനം ചെയ്തത്. സെലിബ്രേറ്റികളുടെ മീൻ വിൽപ്പനയുടെ ഉദ്ഘാടനത്തിന് മുമ്പ് പങ്കെടുത്തിട്ടുണ്ടെങ്കിലും, ആദ്യമായിട്ടാണ് മീൻ വിൽപ്പന നടത്തി സെലിബ്രേറ്റി ആയ ഒരു കുട്ടിയുടെ സംരഭം ഉദ്ഘാടനം ചെയ്യുന്നതെന്നും. ഹനാൻ അഭിനയ ലോകത്തും സെലിബ്രേറ്റിയായി തീരട്ടെയെന്നും സലീം കുമാർ ആശംസിച്ചു. ഉദ്ഘാടകനായി വാഹനത്തിൽ വെച്ച് തന്നെ മീൻ വറുത്തു നൽകിയാണ് ഹനാൻ സലീംകുമാറിനെ നന്ദി അറിയിച്ചത്

ജൂലൈ മാസം അവസാനം ഹനാന്റെ വാർത്ത സമ്മേളനങ്ങൾക്ക് വേദിയായ തമ്മനം ജംങ്ങ്ഷനിലെ വീടിന്റെ മുൻവശമായിരുന്നു വൈറൽ മൊബൈൽ ഫിഷ് സ്റ്റാളിന്റെ ഉദ്ഘാടന വേദി. ഉദ്ഘാടകനായി നേരതത്ത തന്നെ ഹനാൻ മീൻ ഫ്രൈ ചെയ്യാൻ തുടങ്ങി. സഹായികളും ഉണ്ട്. കൃത്യസമയത്ത് പുഞ്ചിരിയോടെ ഉദ്ഘാടന സ്ഥലത്ത് എത്തിയ സലീം കുമാർ കാര്യങ്ങൾ ചേദിച്ചറിഞ്ഞു. പിന്നീട് വാഹനത്തിൽ കെട്ടിയ നാടമുറിച്ച് ഉദ്ഘാടനം. ശേഷം വരുത്ത മീൻ നടന് കഴിക്കാൻ നൽകി. കഴിച്ച ശേഷം സംഭവം ക്ലാസ്സായിട്ടുണ്ടെന്ന അഭിപ്രായ പ്രകടനവും. തുടർന്ന് മറ്റുള്ളവർക്ക് അത് പങ്കുവെച്ചു.

വലിയൊരു കേതൽ മീൻ എടുത്ത് നോക്കിയ നടനോട് ഹനാന്റെ വക ചെടിയൊരു ആവശ്യം, ആ സിനിമ ഡയലോഗ് ഒന്ന് പറയുമോ എന്ന്. ചിരിച്ച് കൊണ്ട് ഡയലോഗും പറഞ്ഞ് വൈറൽ ഫിഫ് മൊബൈൽ ആപ്പും സലീംകുമാർ അവതരിപ്പിച്ചു. തമ്മനത്ത് വെച്ച് തെന്നയാണ് ഹനാൻ എന്ന ചരിത്ര ബാലിക ഉണ്ടായത്. ഒരു തൊഴിലിന്റെ മഹത്വം പഠിക്കുന്ന പ്രായത്തിൽ മനസ്സിലാക്കി ,അതിലൂടെ വരുമാനം കണ്ടെത്തുകയും മറ്റ് മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തുകയും ഹനാൻ ചെയ്തു. സലിം കുമാർ പറഞ്ഞു. ഹനാനെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നിരുത്സാഹപ്പെടുത്തരുത്. ഈ കൊച്ചു പെൺകുട്ടിക്കെതിരെ ചില മാധ്യമങ്ങൾ വാർത്ത കൊടുത്തിട്ട് അതിനെ കരിച്ച് കളയാനാണ് ശ്രമിക്കുന്നത്.

എന്തിനേയും ട്രോളുന്ന സോഷ്യൽ മീഡിയയുടെ ഇത്തരം പ്രവണത ഒരിക്കലും അംഗീകരിച്ച് നൽകാൻ ആവില്ല. അത് ഒരു തരം ക്വട്ടേഷൻ സംഘങ്ങൾ ആണ്. ഒരാൾ താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തെക്കുറിച്ചോ മറ്റോ എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അവനെ തെറി വിളിച്ച് കൊല്ലും. എന്നിട്ട് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കും. ഇത് തുറന്ന് പറയുന്നവരെ അവർ തെറി വിളിക്കും. എങ്കിലും ഞാൻ തുറന്ന് പറയും-സലീം കുമാർ വിമർശിച്ചു.

അപകടം പറ്റുന്നതിന് മുമ്പ് തന്നെ തമ്മനഞ്ഞ് മീൻ വിൽപ്പനയ്ക്കായി കട വാടകയ്ക്ക് എടുത്തിരുന്നു. പണി തീരാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് കട നഷ്ടമാവുന്നത്. 2 ദിവസത്തിനുള്ളിൽ തന്നെ വാഹനത്തിൽ മീൻ വിൽപ്പന എന്ന ചിന്ത ഉണ്ടായി. ഉടനെ വാഹനം ലോണിൽ വാങ്ങി. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി വാഹനത്തിൽ വിൽപ്പന നടത്തണം എന്നാണ് ആഗ്രഹം. വൈറൽ ഫിഷിന്റെ മൊബൈൽ ആപ്പ് വഴിയും വെബ് സൈറ്റ് വഴിയും മീൻ ബുക്ക് ചെയ്താൽ ഡോർ ഡെലിവറി സംവിധാനം വഴി വീട്ടിൽ മീൻ എത്തിക്കാനും ഹനാൻ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സ്റ്റാഫുകളെയും നിയമിച്ചിട്ടുണ്ട്. പഠനവും ഒപ്പം കൊണ്ടു പോകണം.

പരമാവധി സമയം സംരഭത്തിന് ഒപ്പം ഉണ്ടാകും ഹനാൻ പറഞ്ഞു. വൈപ്പിനിൽ നിന്നും വരാപ്പുഴ മാർക്കറ്റിൽ നിന്നും മീൻ മൊത്തമായി എടുത്താണ് വിൽപ്പന. അപകടത്തെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. സർജ്ജറി കഴിഞ്ഞ ഭാഗത്ത് ഇപ്പോളും വേദനയുണ്ട്. ഇനിയും ഒന്നര മാസം ബെൽറ്റ് ധരിക്കണമെന്നാണ് ഡോക്ടർ പറഞ്ഞത്. ഞാൻ ഒരു സാധാരണ കുട്ടിയാണ്. അറിയാത്ത കാര്യങ്ങൾ കാണുബോൾ അത് എന്താണെന്ന് നോക്കാനുള്ള ക്യൂരിയോസിറ്റി എന്നിലും ഉണ്ട്. ചെറിയ ചെറിയ കാര്യങ്ങൾ കേട്ട് വിമർശിക്കുന്ന ട്രോളന്മാരോട് ഒരു വാക്ക്, യു കീപ്പ് ഗോയിങ്ങ് ഫോർവേർഡ്, എനിക്ക് ഒരു വൈറൽ ഫിഷ് ഉണ്ട് അതുമായി മുന്നോട്ട് പോകും. ഹനാൻ പറഞ്ഞു.

ജൂലൈ അവസാനമാണ് തമ്മനം ജംങ്ങ്ഷനിൽ യൂണിഫോമിൽ മീൻ വിൽപ്പന നടത്തുന്ന ഹനാനെക്കുറിച്ചുള്ള വാർത്ത വരുന്നത്. തുടർന്ന് ഹനാനെ വിമർശിച്ചും അനുകൂലിച്ചും സോഷ്യൽ മീഡിയ എത്തുകയായിരുന്നു. ഹനാന്റെ മീൻ വിൽപ്പന കാരണം തമ്മനത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പാലാരിവട്ടം പൊലീസ് അനുമതി നിഷേധിച്ചു. ഇതിനിടെ ഹനാന് കാർ അപകടത്തിൽ പരിക്കേറ്റിരുന്നു.