തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിൽവർലൈൻ ഇടതുമുന്നണി പ്രചാരണത്തിലെ മുഖ്യവിഷയമാണെങ്കിലും പ്രതിഷേധം ഭയന്ന് സംസ്ഥാനത്താകെ കല്ലിടൽ നിർത്തിവച്ചിരിക്കുകയാണ്. കലാപവും ലഹളയുമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് കല്ലിടൽ നിർത്തിയത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തെ മറ്റിടങ്ങളിൽ ഉണ്ടാകുന്ന പ്രതിഷേധം ബാധിക്കുമോ എന്ന ആശങ്കയാണ് നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.

അതിവേഗപാതയുടെ പോസ്റ്റർ നിറച്ച് വികസനമാണ് തൃക്കാക്കരയിലെ ഇടതിന്റെ പ്രധാന പ്രചാരണ വിഷയം. എന്നാൽ തൃക്കാക്കര തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതൽ മഞ്ഞക്കുറ്റികൾ കാണാനേ ഇല്ല. എറണാകുളത്തെന്നല്ല, സംസ്ഥാനത്തൊരിടത്തും.

സിൽവർലൈനിൽ പിന്നോട്ട് പോയില്ലെങ്കിലും ഇപ്പോൾ കുറ്റിയിട്ടാൽ ജനരോഷം ഉയർന്നാൽ തൃക്കാക്കരയിൽ തിരിച്ചടിക്കാനിടയുണ്ടെന്നാണ് ഇടത് മുന്നണി വിലയിരുത്തൽ. അതാണ് സിൽവർ ലൈൻ പ്രധാന വിഷയമായി ഉയർത്തിക്കാട്ടുമ്പോഴും കുറ്റിയിടലിനുള്ള അപ്രഖ്യാപിത അവധിക്ക് കാരണം.

അതേ സമയം തെരഞ്ഞെടുപ്പ് കാലത്ത് പെട്രോൾ വില കൂട്ടാത്ത മോദിയെ പോലെയാണ് മഞ്ഞക്കുറ്റി നിർത്തിവെച്ച പിണറായിയെന്നാണ് പ്രതിപക്ഷനേതാവിന്റെ പരിഹാസം.

അതിനിടെ സിൽവർ ലൈൻ വിഷയം സജീവമായി നിലനിർത്താനുള്ള നീക്കത്തിലാണ് സർക്കാർ. സിൽവർ ലൈൻ പ്രചാരണത്തിന് വീണ്ടും കൈ പുസ്തകമിറക്കാനാണ് സർക്കാർ തീരുമാനം. അതിരടയാള കല്ലിടൽ താൽകാലികമായി നിർത്തിയിരിക്കുകയാണെങ്കിലും ജനങ്ങളെ കാര്യങ്ങൾ ബോധിപ്പിക്കലാണ് ലക്ഷ്യം. ഇതിനായാണ് രണ്ടാമതും കൈ പുസ്തകം ഇറക്കുന്നത്.

അഞ്ച് ലക്ഷം കൈ പുസ്തകങ്ങളാണ് സർക്കാർ അച്ചടിച്ച് ഇറക്കുന്നത്. ഇതിനായി ഏഴരലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. നേരത്തെ നാലരക്കോടി ചെലവിൽ 50 ലക്ഷം കൈപ്പുസ്തകം ഇറക്കിയിരുന്നു

അതേ സമയം തൃക്കാക്കര തോറ്റാൽ കെ റെയിൽ നിർത്തുമോ എന്ന് വരെ മുഖ്യമന്ത്രിയെ ചലഞ്ച് ചെയ്ത കോൺഗ്രസ് കുറ്റിക്കുള്ള അവധി ഉയർത്തി എൽഡിഎഫിനെ കടന്നാക്രമിക്കുന്നു. കുറ്റിയിട്ടാൽ മുമ്പില്ലാത്തവിധം പ്രതിഷേധം കടുപ്പിക്കാൻ പാർട്ടി അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. അതിവേഗപാതയെ ഇപ്പോൾ തടഞ്ഞുനിർത്തുന്നത് കേന്ദ്ര സർക്കാറെന്നാണ് ബിജെപി പ്രചാരണം.

കല്ലിടലിൽ അവധി ചർച്ചയാകുമ്പോഴും സാധ്യാത പഠനം നിർത്തിയെന്ന് കെ റെയിൽ സമ്മതിക്കുന്നില്ല. 190 കിലോമീറ്റർ മാത്രമാണ് ഇതുവരെ സാധ്യതാപഠനം പൂർത്തിയായത്. ബാക്കിയുള്ളത് 340 കിമി. അതിലേറെയും തെക്കും എറണാകുളം ഉൾപ്പെടുന്ന മധ്യകേരളത്തിലും. വികസനം പറഞ്ഞ് മുഖ്യമന്ത്രി മറ്റന്നാൾ തൃക്കാക്കരയിൽ ഇറങ്ങാനിരിക്കെയാണ് മഞ്ഞക്കുറ്റിക്കുള്ള താൽകാലിക റെഡ് സിഗ്‌നൽ.