തിരുവനന്തപുരം: കോൺഗ്രസ്സിനകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച തൃശൂരിലെ ഹനീഫാ വധക്കേസിൽ അന്വേഷണം അട്ടിമറിക്കാൻ ഐപിഎസുകാർ അടങ്ങിയ പൊലീസ് സംഘം കൂട്ടുനിന്നതായി റിപ്പോർട്ട്. പൊലീസ് പ്രതികളുമായി ഒത്തുകളിച്ച് അന്വേഷണം വഴിമാറ്റിയെന്ന് കേസിൽ പുനരന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ സർക്കാരിന് രഹസ്യ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്.

ഇതോടെ മുൻ സർക്കാരിന്റെ കാലത്ത് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ ഉണ്ടായ കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചേക്കുമെന്നാണ് സൂചന. കൊല്ലപ്പെട്ട ഹനീഫയുടെ മാതാവിന്റെ മൊഴിയടക്കം തിരുത്തിയാണ് കൊലയാളികളെ രക്ഷിക്കാൻ ശ്രമിച്ചതെന്ന് മംഗളം നൽകിയ റിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസിലെ ഉന്നത നേതാക്കൾ ഇടപെട്ടാണ് അന്വേഷണം അട്ടിമറിച്ചതെന്ന് പുനരന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നുണ്ട്.
കോൺഗ്രസ് പ്രവർത്തകനായ ഹനീഫ ഗ്രൂപ്പ് വഴക്കിനെ തുടർന്നാണ് കൊല്ലപ്പെട്ടത്.

ഇതോടെ ഹനീഫയുടെ വധത്തിൽ എ ഗ്രൂപ്പിനെതിരെ കെപിസിസി വിലക്ക് ലംഘിച്ച് ഐവിഭാഗം രംഗത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പ് നേതാവ് സിഎൻ ബാലകൃഷ്ണനെ പ്രതിസ്ഥാനത്ത് നിർത്താൻ എ വിഭാഗം ശ്രമിക്കുന്നതായി ആരോപണം ഉയരുകയും ബാലകൃഷ്ണന് കേസുമായി ബന്ധമുണ്ടെന്ന് എ ഗ്രൂപ്പ് ശക്തമായി വാദിക്കുകയും ചെയ്തിരുന്നു. പാർട്ടിക്കകത്തുതന്നെ രൂക്ഷമായ തർക്കത്തിന് വഴിവച്ച സംഭവത്തിൽ, ഐഗ്രൂപ്പിനെതിരെ ശക്തമായ ആരോപണം ഉയർന്ന കേസിൽ ചെന്നിത്തല ആഭ്യന്തരം കൈകാര്യം ചെയ്ത സമയത്ത് കേസ് അട്ടിമറിക്കാൻ നീക്കമുണ്ടായെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇത് വരുംദിവസങ്ങളിൽ ഹനീഫ വധം കോൺഗ്രസ്സിൽ സജീവ ചർച്ചയാകാനുള്ള സാധ്യത ശക്തിപ്പെടുത്തുകയാണ്.

സാക്ഷികളെ പ്രതികളാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വിവരം ഉൾപ്പെടെയാണ് പുതിയ അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കുന്ന വിശദമായ പത്ര റിപ്പോർട്ട് ഇങ്ങനെ: യു.ഡി.എഫ് സർക്കാരിന്റെ കാലത്തുനടന്ന ഹനീഫ വധത്തിലെ യഥാർഥ പ്രതികളെ പിടികൂടാതിരിക്കാൻ മുന്മന്ത്രിയുടെ നേതൃത്വത്തിൽ കോടികൾ വാരിയെറിയുകയായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതാക്കൾ ഇടപെട്ടാണ് അന്വേഷണം കീഴ്‌മേൽ മറിച്ചത്. തെളിവുകൾ ശേഖരിക്കാതെയും വാദിയുടെ മൊഴിമാത്രം സ്വീകരിച്ചും സുപ്രധാനമായ കേസ് ദുർബലപ്പെടുത്തുകയാണ് അന്വേഷണസംഘം ചെയ്തത്.

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ഹനീഫയുടെ പരാതിക്കാരിയായ ഭാര്യയുടെ മൊഴിപോലും എടുത്തില്ല. ഉത്തരമേഖലാ എ.ഡി.ജി.പിയും തൃശൂർ ഐ.ജിയും എസ്‌പിയും അടക്കമുള്ള മേലുദ്യോഗസ്ഥർ കേസന്വേഷണത്തിലെ പോരായ്മകൾ കണ്ടില്ലെന്നു നടിക്കുകയും വീഴ്ചകൾ തമസ്‌കരിച്ച് കുറ്റപത്രം സമർപ്പിക്കാൻ അനുമതി നൽകി. ഈ കുറ്റപത്രം ഉപയോഗിച്ച് ഫലപ്രദമായ വിചാരണ അസാധ്യമാണെന്ന് പുനരന്വേഷണം നടത്തിയ ആന്റി പൈറസി സെൽ ഡിവൈ.എസ്‌പി: എം.ഇക്‌ബാൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെ ചെയ്താൽ പ്രതികൾ ഒന്നടങ്കം രക്ഷപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യും. അന്ന് കേസിന്റെ അന്വേഷണച്ചുമതല വഹിച്ചിരുന്ന തൃശൂർ എസ്‌പി ഇപ്പോഴത്തെ കോഴിക്കോട് റൂറൽ എസ്‌പിയാണ്.സത്യസന്ധനായ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഈ കേസിലെ വീഴ്ചകളെക്കുറിച്ച് അന്വേഷിച്ച് ആദ്യസംഘത്തിലെ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കണമെന്നും ഹനീഫവധത്തെക്കുറിച്ച് വീണ്ടും സമഗ്രാന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്.

കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ തുടർച്ചയായി 2015 ഓഗസ്റ്റ് ഏഴിനാണ് എ ഗ്രൂപ്പ് പ്രവർത്തകൻ തൃശൂർ തിരുവത്തറ അണ്ടത്തോട് ചാലിൽ വീട്ടിൽ സി.എ. ഹനീഫയെ ഒരു സംഘം ആൾക്കാർ വീടുകയറി കുത്തിക്കൊന്നത്. ഐ ഗ്രൂപ്പ് നേതാവായ ഗോപപ്രതാപൻ നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഷമീർ, അഫ്‌സൽ, ഫസലു, സച്ചിൻ, അൻസാർ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നായിരുന്നു കേസ്. മൊഴികൾ കൃത്യമായി രേഖപ്പെടുത്താതെയും ഗോപപ്രതാപന്റെ ഗൂഢാലോചന അന്വേഷിക്കാതെയും ഹനീഫയുടെ മാതാവിന്റെ മൊഴിയിൽ കൃത്രിമം നടത്തിയും ചില പ്രതികളെ ഒഴിവാക്കിയും രാഷ്ട്രീയസ്വാധീനത്തിനു വഴങ്ങിയും അന്ന് എഫ്.ഐ.ആർ തയാറാക്കിയെന്ന് ആരോപണമുയർന്നതിനെത്തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആന്റി പൈറസി സെൽ ഡിവൈ.എസ്‌പി: എം.ഇക്‌ബാലിനെ പുനഃരന്വേഷണത്തിനു നിയോഗിച്ചത്.

കേസിലെ പ്രധാന സാക്ഷികളെ അന്വേഷണസംഘം പ്രതികളാക്കുകവരെ ചെയ്തതായി ഇക്‌ബാലിന്റെ റിപ്പോർട്ടിൽ പറയുന്നു. കേസ് ദുർബലപ്പെടുത്തുന്നതിന് ബോധപൂർവമായ ശ്രമമാണ് അന്വേഷണസംഘം നടത്തിയത്. അന്വേഷണത്തിന്റെ തുടക്കത്തിൽ ശേഖരിക്കാമായിരുന്ന പല സുപ്രധാന തെളിവുകളും ദീർഘകാലത്തെ അന്വേഷണ പരിചയമുള്ള ഉദ്യോഗസ്ഥർ ശേഖരിച്ചില്ല. സുപ്രധാനമായ ഒരു കൊലപാതകക്കേസ് അന്വേഷിക്കുന്നവർ പുലർത്തേണ്ട ജാഗ്രതയോ കാണിക്കേണ്ട പ്രാഗത്ഭ്യമോ ഉത്തരവാദിത്തമോ ഇല്ലാതെ ലാഘവബുദ്ധിയോടെയാണ് അന്വേഷണം നടത്തിയത്.

ഇക്കാര്യങ്ങൾ പരിശോധിക്കേണ്ട എ.ഡി.ജി.പി അടക്കമുള്ള മേലുദ്യോഗസ്ഥർ പരിഹാരനിർദേശങ്ങൾ നൽകാതെ അതേപടി കുറ്റപത്രം സമർപ്പിക്കുന്നതിന് അനുമതി നൽകിയത് ബാഹ്യസമ്മർദത്തിനു വിധേയമായിട്ടാണെന്ന് ഇക്‌ബാലിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസ് വിചാരണ നടത്തിയാൽ പ്രതികൾ രക്ഷപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈ അന്വേഷണ റിപ്പോർട്ട് വെളിച്ചം കാണാതിരുന്നാൽ സൗമ്യ കേസിന്റെയും അദിഥി കേസിന്റെയും വിധിയായിരിക്കും ഹനീഫ കേസിലും സംഭവിക്കുകയെന്നും മംഗളം ചൂണ്ടിക്കാട്ടുന്നു.

പുതിയ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച പ്രധാന വീഴ്ചകളും കേസിൽ നടത്തിയ അട്ടിമറികളും ഇങ്ങനെ:

ഹനീഫ വധക്കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നതിന് അത്യന്തം മോശമായ കാര്യങ്ങളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയ ഡിവൈ.എസ്‌പി: ഇക്‌ബാലിന്റെ റിപ്പോർട്ടിൽ ഇതെല്ലാം അക്കമിട്ടു പറഞ്ഞിട്ടുണ്ട്. കേസന്വേഷണത്തിന്റെ പ്രാഥമിക പാഠങ്ങൾ പോലും പൊലീസ് പാലിച്ചില്ല. മാത്രമല്ല പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിരപരാധികളെ പിടിച്ച് പ്രതികളാക്കുകയും ചെയ്തു. ഗുരുതരമായ വീഴ്ചകൾ ഇവയാണ്:

1. വാദിയുടെ ഒപ്പില്ലാതെയാണ് എഫ്.ഐ.ആർ തയാറാക്കിയത്.
2. കുറ്റകൃത്യങ്ങൾക്കനുസരിച്ചുള്ള സെക്ഷനുകൾ ചേർത്തില്ല.
3. എഫ്.ഐ.ആർ യഥാസമയം കോടതിയില്ലെത്തിച്ചില്ല.
4. ആദ്യ മഹസറിൽ വീഴ്ചവരുത്തി രണ്ടാമതും മഹസർ തയാറാക്കിയത് കേസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യും. എന്നിട്ടും തിരുത്തൽ റിപ്പോർട്ട് തയാറാക്കി നൽകിയില്ല.
5. മഹസർ തയാറാക്കിയപ്പോൾ സംഭവസ്ഥലത്തിന്റെ ഫോട്ടോ എടുത്തില്ല. സംഭവസ്ഥലത്തിന്റെ സ്‌കെച്ചും കോടതിയിൽ ഹാജരാക്കിയിട്ടില്ല. മഹസർ രേഖപ്പെടുത്തിയിരിക്കുന്ന പരസ്പര വിരുദ്ധമായ നിരവധി കാര്യങ്ങളുണ്ട്.
6. മൃതദേഹത്തിൽനിന്ന് വേണ്ടത്ര തെളിവുകൾ ശേഖരിച്ചില്ല.
7. രക്തസാമ്പിളുകൾ അടക്കമുള്ള തെളിവുകൾ ഫോറൻസിക് ലാബിൽ അയച്ചില്ല. അയച്ച പതിനഞ്ചോളം സാമ്പിളുകൾ കൃത്യമായ ചോദ്യാവലിയടക്കമല്ല അയച്ചത്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ പല തെളിവുകളും നഷ്ടപ്പെട്ടു. ഫോറൻസിക് ലാബിൽനിന്നുള്ള റിപ്പോർട്ടു വാങ്ങാതെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.
8. പ്രതികളുടെയോ ഗൂഢാലോചന നടത്തിയവരുടെയോ ഫോൺകോൾ വിവരങ്ങൾ, ടവർ ലൊക്കേഷൻ എന്നിവ എടുത്തില്ല. ഫോൺകോൾ വിവരങ്ങൾ അനുസരിച്ച് അനാലിസിസ് ഫയൽ പോലും തയാറാക്കിയില്ല
8. പ്രതികളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയോ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, എസ്.എം.എസ് എന്നിവയുടെ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടില്ല
9. കുത്താനുപയോഗിച്ച കത്തിയുടെ വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.
10. സി.ഡി ഫയലിലെ കുറ്റപത്രത്തിൽ അന്വേഷണോദ്യോഗസ്ഥൻ ഒപ്പിട്ടില്ല.
11. പ്രതിയോടുള്ള മുൻവിരോധം, സംഭവത്തിന്റെ പശ്ചാത്തലം എന്നിവ സംബന്ധിച്ച് ഒരു അന്വേഷണവും നടത്തിയില്ല. പല പ്രതികളും അറിയപ്പെടുന്ന കുറ്റവാളികളാണെങ്കിലും അതൊന്നും അന്വേഷിച്ചില്ല. പ്രതികളുടെ ജോലിയെന്തെന്നും കുറ്റപത്രത്തിൽ പറയുന്നില്ല
12. എഫ്.ഐ.ആറിലെ പ്രതികളെ ഒഴിവാക്കിയതിനുകാരണം സി.ഡി ഫയലിൽ വ്യക്തമാക്കിയിട്ടില്ല. പ്രതികൾ ഒളിവിലാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളൊന്നുമില്ല. അതേസമയം ഈ പ്രതികളെ നേരിൽകണ്ട് മൊഴിയെടുത്തതായി കേസ് ഫയലിൽ എഴുതിവച്ചിട്ടുമുണ്ട്.
13. കൊലപാതകം നടത്തിയ പ്രതികൾ വന്ന കാറിന്റെ മാത്രം വിവരങ്ങൾ ഉൾപ്പെടുത്തിയിട്ട് മറ്റു വാഹനങ്ങളുടെ വിവരങ്ങൾ ഒഴിവാക്കി.
14. കേസ് സംബന്ധിച്ച രേഖകൾ തയാറാക്കിയിരിക്കുന്നത് പല കൈപ്പടകളിലാണ്. ആരുടെയൊക്കെ കൈപ്പടയുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയിട്ടില്ല.
15. സ്വതന്ത്ര സാക്ഷികളുടെ മൊഴിയെടുത്തിട്ടില്ല.
16. കേസിൽ മൊഴി നൽകുന്നതിന് ചാവക്കാട് പൊലീസ് സ്‌റ്റേഷനിൽ ഹാജരുണ്ടായിരുന്ന രണ്ടു പ്രതികൾ അതേസമയത്തുതന്നെ ബേബി റോഡിലെ ഒരു സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കാണിച്ച് കേസെടുക്കുകയും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.