യുകെയിൽ തൂങ്ങിമരിച്ച 13-കാരിയെ കടുത്ത ജീവിതനൈരാശ്യം പിടികൂടിയിരുന്നുവെന്ന് റിപ്പോർട്ട്. താൻ നടക്കാൻ പോവുകയാണെന്ന് അച്ഛനോടുപറഞ്ഞശേഷം വീടുവിട്ടിറങ്ങിയ സോഫി ക്ലാർക്ക് പിന്നീട് തിരിച്ചെത്തിയില്ല. പൊലീസ് നടത്തിയ അന്വേഷത്തിലും വിവരമൊന്നും കിട്ടിയിരുന്നില്ല. പിറ്റേന്ന് തൂങ്ങിമരിച്ചനിലയിൽ സോഫിയെ കണ്ടെത്തുകയായിരുന്നു. സോഫിക്ക് മനോവൈകല്യങ്ങളുണ്ടായിരുന്നതായി കുട്ടിയെ മുമ്പ് ചികിത്സിച്ചിരുന്ന മനോരോഗ വിദഗ്ധൻ പൊലീസിന് വിവരം നൽകി.

ആദ്യം ബോയ്ഫ്രണ്ടും പിന്നീട് ഗേൾഫ്രണ്ടും കൈവിട്ടതോടെയാണ് സോഫി കടുത്ത ജീവിത നൈരാശ്യത്തിലായത്. എല്ലാവരും തന്നെ വെറുക്കുന്നുവെന്ന തോന്നലായിരുന്നു അവൾക്ക്. 2016 മാർച്ചിൽ അമിത ഡോസിൽ മരുന്ന് കഴിച്ച് സോഫി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേത്തുടർന്നാണ് മനോരോഗവിദഗ്ധനായ ഡോ. സോയി എലിസൺ റൈറ്റിന്റെ അടുത്തെത്തിയത്..ചെറിയ കാര്യങ്ങൾ പോലും സോഫിയെ വല്ലാതെ ദേഷ്യപ്പെടുത്തിയിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.

വീടുവിട്ടിറങ്ങിയ സോഫിയെ രാത്രി വൈകിയും കാണാതായതോടെയാണ് അച്ഛൻ പൊലീസിൽ പരാതിപ്പെട്ടത്. രാത്രി മുഴുവൻ പൊലീസ് തിരച്ചിൽ നടത്തി. മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. എന്നാൽ, ഷെർബോണിലെ വീടിനടുത്തുള്ള മരക്കൂട്ടത്തിൽ സോഫിയെ മരിച്ച നിലയിൽ വഴിയാത്രക്കാരനായ മാർട്ടിൻ വാക്കർ കണ്ടെത്തുകയായിരുന്നു.

സോഫിയുടെ അച്ഛനെത്തി മൃതദേഹം തിരിച്ചറിഞ്ഞു. സോഫിയെ കാണാതായതിന് തൊട്ടുമുമ്പ് ഫേസ്‌ബുക്കിലൂടെ സ്‌കൂളിലെ സുഹൃത്തുമായി സംസാരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. താൻ സ്വയം മുറിപ്പെടുത്താൻ പോവുകയാണെന്ന വിവരം സുഹൃത്തിനോട് പറഞ്ഞതായും സൂചനയുണ്ട്.