കൊച്ചി: തമ്മനത്ത് സ്റ്റാൾ തുറക്കുന്നതിനുള്ള നീക്കത്തിന് അപ്രതീക്ഷിത തിരിച്ചടി. ഉടമയുടെ ബന്ധുക്കൾ തർക്കം ഉന്നയിച്ചതോടെ മുറിവേണ്ടെന്ന് വച്ച് മുടക്കു മുതൽ തിരിച്ചുവാങ്ങി. വെറൈറ്റികളോടെ സ്വന്തം വാഹനത്തിൽ ഡോർ ടു ഡോർ ഡെലിവറി മുതൽ വഴിയോര കച്ചവടം വരെ ലക്ഷ്യമിട്ട് മുന്നോട്ട്. ഒരു വഴി അടയുമ്പോൾ മറ്റൊരു വഴി പടച്ചവൻ തുറക്കും. എല്ലാത്തിനും ആത്മബലമേകുന്നത് മണിച്ചേട്ടന്റെ വാക്കുകൾ.

തമ്മനത്തെ മത്സ്യവിൽപ്പന സ്റ്റാൾ തുറക്കുന്നതിനുള്ള തന്റെ ശ്രമം പാതിവഴിയിൽ നിർത്തേണ്ടിവന്നതിനെക്കുറിച്ച് ഹനാന്റെ പ്രതികരണം ഇങ്ങിനെ. താനുമായി കരാറിൽ ഏർപ്പെട്ടിരുന്ന മുറിയുടെ ഉടമസ്ഥൻ വീട്ടുകാരുമായുള്ള തർക്കെത്തെക്കുറിച്ച് ഇന്നലെ അറിയിച്ചതെന്നും രോഗിയായ ഇയാളെ ബുദ്ധിമുട്ടിക്കണ്ടാ എന്നുകരുതി താൻ സ്റ്റാൾ തുറക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുകയാണെന്നും ഹനാൻ മറുനാടനോട് വ്യക്തമാക്കി.

പെയിന്റിംഗിനും അറ്റകുറ്റപ്പണികൾക്കും മറ്റുമായി 50000 രൂപയോളം ചെലവായെന്നും മുറിയുടെ ഉടമ ഇതിൽ 30000 രൂപ തിരികെനൽകിയെന്നും ഹനാൻ അറിയിച്ചു. മാർക്കറ്റിലെങ്ങാനും ചുരുണ്ടുകൂടിയാൽ പോരെ എന്നാണ് എതിർപ്പുമായി വന്നവരിൽ ഒരാൾ ചോദിച്ചത്. തോറ്റുകൊടുക്കാൻ ഞാൻ ഒരുക്കമല്ല. ഇന്നലെ ആപ്പെയുടെ ഷോറമിൽ പോയി മീൻകച്ചവടത്തിന് പറ്റിയ മോഡൽ വാഹനം കണ്ടു. ഇന്ന് ഡെലിവറി നൽകാൻ തയ്യാറായാൽ അത് വാങ്ങും. രണ്ടര ലക്ഷം രൂപയാണ് വില.

ഫിനാൻസ് ശരിയാക്കാൻ ശ്രമിച്ചിട്ട് നടന്നിട്ടില്ല. മുഴുവൻ തുകയും ഒന്നിച്ച് നൽകി വാഹനം സ്വന്തമാക്കുന്നതിനാണ് ആലോചന. ഉടൻ നടക്കാനിരിക്കുന്ന ദുബായ് ഷോ അടക്കമുള്ള പരിപാടികളുടെ അഡ്വാൻസ് ചെക്കും അപകടത്തിന് മുമ്പ് നടന്ന ഉദ്ഘാടനങ്ങളിൽ നിന്നും ലഭിച്ച തുകയും കൈയിലുണ്ട്. ഇതുകൊണ്ട് ലക്ഷ്യമിട്ട കാര്യങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷ.

സ്റ്റാളിലേയ്ക്കുള്ള വിൽപ്പനയ്ക്കായി മത്സ്യം വാങ്ങുന്നതിനേക്കാൾ കൂടുതൽ തുക വാഹനത്തിലെ മത്സ്യവിൽപ്പനയ്ക്കായി ചിലവഴിക്കേണ്ടിവരും. ഒരു പെട്ടിയിലെ മീൻ 30 കിലോ വരും.എല്ലാ ഇനം മത്സ്യവും വണ്ടിയിലുണ്ടായില്ലങ്കിൽ കച്ചവടം ഉഷാറാവില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ മുതൽ മുടക്ക് കൂടുതൽ വേണ്ടിവരും. പെട്ടി കണക്കിന് മീനെടുക്കുമ്പോൾ വലിയ വിലക്കുറവ് കിട്ടും. ഇതാണ് ഏക ആശ്വാസം.

മത്സ്യം ഏത് ഇനത്തിൽപ്പെട്ടതാണെങ്കിലും ക്ലീനാക്കി നുറുക്കി വെട്ടിമുറിച്ച് കറിവയ്ക്കാൻ പാകത്തിൽ ആവശ്യക്കാരുടെ കൈകളിലെത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന് ചെറിയൊരുതുക ഈടാക്കും. വീട്ടമ്മമാർക്ക് ഇത് ഇഷ്ടപ്പെടും. അതുകൊണ്ട് തന്നെ അവർ എന്റെ സ്ഥിരം കസ്റ്റമറായി മാറും. ഹനാൻ കൂട്ടിച്ചേർത്തു.

ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും കച്ചവടം കൈപ്പിടിയിലൊതുക്കുന്നതിനും ഈ മിടുക്കി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഓർഡർ അനുസരിച്ച് ഫ്ലാറ്റുകളിലും മീനെത്തിക്കുമെന്നും വാഹനത്തിലെ മീൻ കച്ചവടം കൊഴുപ്പിക്കാൻ സോഷ്യൽ മീഡിയയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുമെന്നും ഹനാൻ വ്യക്തമാക്കി.

വഴിയോരത്തുനിന്നും പൊലീസ് ഓടിച്ച ചരിത്രം മറന്നിട്ടില്ല. നിയമങ്ങൾ ലംഘിച്ച് ഒരിടത്തും വാഹനം പാർക്ക് ചെയ്യില്ല. മറ്റുള്ളവർ കച്ചവടം നടത്തുന്ന പ്രദേശത്തോട് ചേർന്ന് എവിടെയെങ്കിലും വാഹനം നിർത്തി ആർക്കും ശല്യമുണ്ടാക്കാതെ ഉള്ളമീനും വിറ്റ് സ്ഥലം വിടണം. ഇതാണ് മനസ്സിൽ കരുതിയിട്ടുള്ളത്.

മണിച്ചേട്ടൻ (കലാഭവൻ മണി) ഒത്തിരി കഷ്ടപ്പെട്ടതായി എന്നോട് പറഞ്ഞിട്ടുണ്ട്. പലരും കളിയാക്കിയിട്ടും അപമാനിച്ചിട്ടും മണിച്ചേട്ടൻ തകർന്നില്ല. ഒരിടത്തും തളരരുതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞിട്ടുള്ളത്. ആ വാക്കുകൾ എന്നും എനിക്ക് വലിയ ഇൻസ്പ്രേഷനാണ്. ആര് വിചാരിച്ചാലും എന്റെ മനസ്സിനെ തോൽപ്പിക്കാനാവില്ല. മുറി കിട്ടില്ലന്നറിഞ്ഞപ്പോൾ ഇനി എന്തുചെയ്യുമെന്ന് ആലോചിച്ചു. തമ്മനം ഭാഗത്ത് അടഞ്ഞു കിടക്കുന്ന മുറികളുടെ കൈവശക്കാരെ കണ്ടും ഫോൺവിളിച്ചും മറ്റും വാടകയ്ക്ക് കിട്ടുമോ എന്ന് ശ്രമിച്ചു. നടന്നില്ല. പിന്നെ ആലോചിച്ചപ്പോൾ മുന്നിൽ തെളിഞ്ഞ വഴിയാണ് വണ്ടിയെടുത്തുള്ള മീൻകച്ചവടം.

ഇനി ഇത് തടസ്സപ്പെടുത്താൻ ആരാ വരുന്നതെന്ന് നോക്കാം. ഞാൻ നല്ല കോൺഫിഡൻസിലാണ്. ഒരു സെമസ്റ്റർ കൂടിയാണ് ഇനി പഠിക്കാനുള്ളത്. കോളേജിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമുണ്ട്. നിലവിലെ സാഹചര്യത്തിൽ ദിവസവും 60 കിലോമീറ്റർ യാത്ര ബുദ്ധിമുട്ടാണ്. അതുകൊണ്ട് കൊച്ചിയിൽ തന്നെ പഠിക്കാൻ സൗകര്യം തരപ്പെടുമോ എന്ന അന്വേഷണത്തിലാണ്.

ഇത് സാധ്യമായാൽ മീൻകച്ചവടത്തിന് കൂടുതസൽ സമയം കിട്ടും. അത് വലിയ ആശ്വാസവും ആവും. പുറത്തിറങ്ങുമ്പോൾ കാണുന്ന ചില അമ്മമാരൊക്കെ അവരുടെ സ്വന്തം മോളോടെന്ന പോലെയാണ് എന്നോട് സ്നേഹം പങ്കിടുന്നത്. തീർച്ചയായും പുതിയ വേഷത്തിൽ ഞാനെത്തുമ്പോൾ അവരൊക്കെ എന്നേ രണ്ട് കൈയും നീട്ടി സ്വീകരിക്കും. തീർച്ച. ലക്ഷ്യമിട്ടിട്ടുള്ള ചുവടുമാറ്റത്തെക്കുറിച്ച് ഹനാന്റെ മനസ്സിലുള്ളത് തികഞ്ഞ ശുഭപ്രതീക്ഷ മാത്രം.

കോളേജ് യൂണിഫോമിൽ തമ്മനത്ത് മത്സ്യവിൽപ്പന നടത്തിയതോടെയാണ് തൊടുപുഴ അൽഅസ്സർ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായ ഹനാൻ വാർത്തമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയത്. തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ വന്ന അധിക്ഷേപങ്ങൾ ഹനാനെ ഏറെ കണ്ണീരുകുടുപ്പിച്ചു. പിന്നീട് കണ്ടത് ഇതിൽ നിന്നെല്ലാം ഫിനിക്സ് പക്ഷിയേക്കാൾ വേഗത്തിൽ പറന്നുയരുന്ന ഹനാനെയാണ്. മുഖ്യമന്തി കേരളത്തിന്റെ സ്വന്തം പുത്രിയെന്ന് പറഞ്ഞ് ഹനാന് ഉരുക്കിനേക്കാൾ ബലവത്തായി പിൻതുണയേകി.

നാടാകെ ഹനാൻ തരംഗം അലയടിച്ചു. ഹനാന് സ്വീകരമൊരുക്കാൻ സംഘടനകൾ മത്സരിച്ചു. ഉദ്ഘാടന പരിപാടികളിലും ഹനാൻ സജീവ സാന്നിദ്ധ്യമായി.ഈ സാഹചര്യത്തിലാണ് മാസങ്ങൾക്ക് മുമ്പ് ഹനാന് വാഹനാപകടത്തിൽ പരിക്കേറ്റത്.പരിക്കിൽ നിന്നും മുക്തയായിവരുന്നതിനിടെ, ഭാവി ജീവിതം കരുപ്പിടിപ്പിടിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് തമ്മനത്ത് മത്സ്യവിൽപ്പന സ്റ്റാൾ ആരംഭിക്കാൻ നീക്കം തുടങ്ങിയത്.