കോട്ടയം/ന്യൂയോർക്ക്: ബാർകോഴ വിവാദം അടക്കമുള്ള ആരോപണങ്ങളിൽപെട്ട് ഉഴറുന്ന ധനമന്ത്രി കെ എം മാണിക്കെതിരെ ഒന്നിനു പിറകേ മറ്റൊന്നായി ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കപ്പെട്ട പി സി ജോർജ്ജ്. ഇങ്ങനെ ജോർജ്ജ് ഉന്നയിച്ച ഒരു ആരോപണം മാണിയെയും ജോസ് കെ മാണിയെയും സംശത്തിന്റെ നിഴലിൽ ആക്കുകയും ചെയ്തു. മാണിക്കും മകനും വിദേശ ബാങ്കുകളിൽ ഇടപാടുകളുണ്ടെന്ന ആരോപണമായിരുന്നു പി സി ജോർജ്ജ് ഉന്നയിച്ചത്. അമേരിക്കയിലെ ഹാനോവർ കമ്മ്യൂണറ്റി ബാങ്ക് എന്ന സ്ഥാപനത്തെ ചൂണ്ടിയായിരുന്നു ജോർജ്ജിന്റെ ആരോപണം. ഇതോടെ ഈ ബാങ്കിനെ കുറിച്ച് മലയാളികളുടെ നിരന്തര അന്വേഷണങ്ങളും നടന്നു. ബാങ്കിന് മലയാളി ബന്ധമുണ്ടെന്ന ആരോപണം കൂടിയായപ്പോൾ കെ എം മാണി ശരിക്കും സംശയത്തിന്റെ നിഴലിലായി. ഹാനോവർ കമ്മ്യൂണിറ്റി ബാങ്കിന്റെ സ്ഥാപകൻ വർക്കി എബ്രഹാം എന്ന മലയാളിയായിരുന്നു എന്നതായിരുന്നു പി സി ജോർജ്ജിന്റെ ആരോപണങ്ങളെ ശരിവെക്കുന്ന വിധമായി. കെ എം മാണിയുടെ ബിനാമിയാണോ എന്ന വിധത്തിൽ വരെ ഊഹാപോഹങ്ങളും ചർച്ചകളും വളർന്നു. ഇതോടെ വിശദീകരണവുമായി ജോസ് കെ മാണിയും രംഗത്തെത്തുകയുണ്ടായി. തനിക്ക് വിദേശബാങ്കുകളിൽ നിക്ഷേപമില്ലെന്നായിരുന്നു ജോസ് കെ മാണി വിശദീകരിച്ചത്. ഈ വിശദീകരണത്തിന് മേലും ചർച്ചകൾ നടക്കുന്നതിനിടെ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് അമേരിക്കയിലെ മലയാളി വ്യവസായിയായ വർക്കി എബ്രഹാം രംഗത്തെത്തി.

ധനമന്ത്രി കെ എം മാണിക്കോ ജോസ് കെ മാണി എംപിക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ഹാനോവർ കമ്മ്യൂണിറ്റി ബാങ്കിൽ നിക്ഷേപമോ ബന്ധമോ ഇല്ലെന്ന് ബാങ്ക് ഡയറക്ടർ കൂടിയായ വർക്കി ഏബ്രഹാം അറിയിച്ചു. ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് കേന്ദ്രമാക്കിയാണ് ഹാനോവർ ബാങ്ക് പ്രവർത്തിക്കുന്നത്. ജോർജിന്റെ ആരോപണം താനും ടെലിവിഷനിലൂടെ കണ്ടെന്നും വർക്കി എബ്രഹാം പറഞ്ഞു. ഒമ്പതു വർഷമായി താൻ ബാങ്കിന്റെ ഡയറക്ടറായിട്ട്. തനിക്കറിയാത്ത ഒരു കാര്യം കേരളത്തിലുള്ളവർ എങ്ങനെ അറിഞ്ഞു എന്ന് മനസിലാവുന്നില്ല. രാഷ്ട്രീയ വിരോധമായിരിക്കാം ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ കുടുംബവും തന്റെ കുടുംബവും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. പത്തു വർഷം മുൻപ് ന്യൂയോർക്കിൽ വച്ച് മാണി സാർ രോഗബാധിതനായപ്പോൾ അദ്ദേഹത്തെ ശുശ്രൂഷിച്ചതു താനാണ്. അതിനപ്പുറമുള്ള ഒരു ബന്ധവും തങ്ങൾക്കിടയിലില്ല. ഹാനോവർ ബാങ്കിൽ മാണിക്ക് നിക്ഷേപമില്ലെന്നും വർക്കി ഏബ്രഹാം വ്യക്തമാക്കി.

അതേസമയം ഇന്ത്യയിൽ പ്രത്യേക താൽപ്പര്യമുള്ള ബാങ്ക് തന്നെയാണ് ഹാനോവർ കമ്മ്യൂണിറ്റി ബാങ്ക്. ഹാനോവർ ബാങ്കിന്റെ സ്ഥാപക ഡയറക്ടർ കൂടിയാണ് വർക്കി എബ്രഹാമിനെ കൂടാതെ പ്രകാശ് പട്ടേൽ എന്ന ഇന്ത്യക്കാരനും ബാങ്കിന്റെ ഭാഗമാണ്. ഇന്ത്യയിലെ പ്രമുഖ ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പിനാണ് ബാങ്കിന്റെ പത്തുശതമാനം ഓഹരി. കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളുമായി ബന്ധമുള്ള സ്ഥാപനമാണ് മുത്തൂറ്റ് എന്നതും ജോർജ്ജ് ഉന്നയിച്ച ആരോപണങ്ങൾക്ക് വിവിധ മാനം നൽകുന്നതാണ്. ഇന്ത്യയിൽ ബാങ്ക് അനുമതി കിട്ടാനുള്ള തീവ്രശ്രമത്തിലാണ് മുത്തൂറ്റ് ഇപ്പോൾ. ഇങ്ങനെ ഇന്ത്യയിലേക്ക് മുത്തൂറ്റ് ബാങ്ക് പ്രവർത്തനം ആരംഭിക്കുമ്പോൾ ഹാനോവർ ബാങ്കിനും പങ്കാളിത്തം ഉണ്ടായേക്കും. ഹാനോവർ ബാങ്കിന്റെ പത്ത് ശതമാനം ഓഹരി വാങ്ങിയതിലൂടെ അമേരിക്കൻ ബാങ്കിങ് മേഖലയിലേക്ക് മുത്തൂറ്റ് കടന്നിരുന്നു. അമേരിക്കയിലെ ബാങ്കിങ് പങ്കാളിത്തം ചൂണ്ടിക്കാട്ടിയാകും മുത്തൂറ്റ് ഗ്രൂപ്പ് ഇന്ത്യയിലും ബാങ്കിങ് രംഗത്തേക്ക കടക്കുക.

180 മില്ല്യൺ ഡോളർ ആസ്തിയുള്ള ഹാനോവർ കമ്യൂണിറ്റി ബാങ്കും മുത്തൂറ്റ് ഗ്രൂപ്പും കുടി ചേർന്ന് കൂടുതൽ ബ്രാഞ്ചുകൾ തുറക്കുവാനും തീരുമാനിച്ചതായി ഹാനോവർ കമ്യൂണിറ്റി ബാങ്ക് സിഇഒ മൈക്ക് പ്യൂറോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സിഇഒ മൈക്ക് പ്യൂറോയ്ക്ക് തൊട്ടുപിന്നിലായാണ് വർക്കി എബ്രഹാമിന്റെ സ്ഥാനം. ആലപ്പുഴ എടത്വ സ്വദേശിയായ വർക്കി എബ്രഹാം വർഷങ്ങളായി അമേരിക്കയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചിട്ട്. അമേരിക്കയിലെ അറിയപ്പെടുന്ന ഇന്ത്യൻ വ്യവസായി എന്ന പട്ടവും ഇദ്ദേഹം നേടിയിട്ടുണ്ട്. എറിക് ഷൂ എന്ന പേരിൽ ന്യൂയോർക്കിലെ വിവിധഭാഗങ്ങളിൽ 20 വർഷമായി ഇദ്ദേഹം ചെരിപ്പ് വിൽപ്പനശാലകൾ പ്രവർത്തിപ്പിക്കുന്നു. ഇതോടൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയിലും സജീവമാണ് ആലപ്പുഴ എടത്വസ്വദേശിയായ വർക്കി എബ്രഹാം.

അമേരിക്കൻ മലയാളികൾക്കിടയിൽ സജീവ സാന്നിധ്യമായ അദ്ദേഹം മാദ്ധ്യമരംഗത്തും പ്രവർത്തിക്കുന്ന ആളാണ്. മലയാളം ഐപി ടിവി ചെയർമാനായും വർക്കി എബ്രഹാം പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ മലയാളഇകളുടെ ഏകദൃശ്യ മാദ്ധ്യമത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം. വള്ളംകളിയെ സ്‌നേഹിക്കുന്ന ഈ ആലപ്പുഴക്കാരൻ ന്യൂയോർക്കിലെ സെന്റ് തോമസ് മാർ തോമസ് ചർച്ചിന്റെ സജീവ പ്രവർത്തകൻ കൂടിയാണ്. എടത്വ സെന്റ് അലോഷ്യസ് കോളജിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയശേഷമാണ് വർക്കി എബ്രഹാം അമേരിക്കയിലേക്ക് കുടിയേറിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അമേരിക്കൻ മലയാൡസമൂഹത്തിൽ ശ്രദ്ധേയനായി വർക്കി എബ്രഹാം. ഇന്ത്യൻ വ്യവസായ സമൂഹവുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം മോട്ടൽ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന പ്രകാശ് പട്ടേലിനെയും ബാങ്കിങ് മേഖലയിലേക്ക് ക്ഷണിച്ചു.

അമേരിക്കയിലുള്ള മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർക്ക് ഹാനോവർ ബാങ്കിൽ നിക്ഷേപമുണ്ട്. ഇവിടെയാണ് മാണിക്കും ബന്ധുക്കൾക്കും നിക്ഷേപമുണ്ടെന്നും ബാങ്കുമായി അടുത്ത ബന്ധമുണ്ടെന്നും പി സി ജോർജ്ജ് ആരോപിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് വളർന്ന ബാങ്കായിരുന്നു ഹാനോവർ കമ്മ്യൂണിറ്റി ബാങ്ക്. 2009 ൽ ന്യൂയോർക്ക് ഗാർഡൻ സിറ്റിയിൽ തുടങ്ങിയ ബാങ്കിന്റെ തലപ്പത്ത് സ്ഥാനചലനം വന്നത് അടുത്തലാകത്താണ്. ഏഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ടാണ് ബാങ്ക് പ്രധാനമായും പ്രവർത്തിക്കുന്നത്. ബാങ്കിന്റെ ഈ മലയാളി കണക്ഷൻ തന്നെയാണ് ജോർജ്ജിന്റെ ആരോപണത്തെ വെറും പൊയ് വെടിയെന്ന് പറഞ്ഞ് തള്ളിക്കളയാൻ സാധിക്കാത്തതിന് പിന്നിലും. എന്തായാലും വിശദീകരണങ്ങളുമായി ജോസ് കെ മാണിയും വർക്കി എബ്രഹാമും രംഗത്തെത്തിയെങ്കിലും വിവാദം വരും ദിവസങ്ങളിലലും കൂടുതൽ ശക്തമാകാനാണ് സാധ്യത.