കൊല്ലം: അറവുമാലിന്യം കഴിച്ചു വിശടപ്പടക്കേണ്ട അവസ്ഥയിലായ കുടുംബത്തിന്റെ അവസ്ഥ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നിലെ സത്യാവസ്ഥ പുറത്ത് വരുമ്പോൾ നടപടിയെടുക്കാൻ ഒരുങ്ങി കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി.രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് അറിയാൻ കഴിയുന്നത്. കൊല്ലം സിവിൽ സ്റ്റേഷന് സമീപമുള്ള എൻ.ജി.ഒ ക്വാർട്ടേഴ്‌സിലെ താമസക്കാരനായ കെ.വി ഷാജിയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ദയനീയ ജീവിതാവസ്ഥയാണ് ഓൺലൈൻ മാധ്യമം പുറത്ത് വിട്ടത്.

മണ്ണ് സംരക്ഷണ വകുപ്പിലെ ഡ്രൈവറായിരുന്ന ഷാജിയെ 2017 ൽ സർവ്വീസിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ജീവനക്കാർക്ക് അനുവദിച്ച ക്വാർട്ടേഴ്‌സിൽ തന്നെയായിരുന്നു താമസം. 10 ദിവസങ്ങൾക്കുള്ളിൽ താമസ സ്ഥലം ഒഴിയണം എന്ന ഉത്തരവ് വന്നതോടെയാണ് ആത്മഹത്യയല്ലാതെ മറ്റ് മാർഗങ്ങളില്ല എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്തതിനാൽ അറവ് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമാണ് ആഹാരമാക്കുന്നത് ഇന്ന തലക്കെട്ടോടെ വാർത്ത വന്നതോടെ, സാമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ എത്തി തുടങ്ങി. നിരവധി ആളുകൾ സഹായ വാഗ്ദാനവുമായി വീട്ടിലും എത്തി.

സംഭവത്തിന്റെ യാഥാർഥ്യമറിയാൻ സ്ഥലത്ത് എത്തിയപ്പോൾ അറിയാൻ കഴിഞ്ഞത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. എൻ.ജി.ഒ ക്വാർട്ടേഴ്്സ് നിൽക്കുന്ന സ്ഥലം റവന്യു വകുപ്പ് കോടതി സമുച്ചയ നിർമ്മാണത്തിന് കൈമാറിയതിനാൽ 36 ക്വാർട്ടേഴ്‌സുകളിലെ താമസക്കാരും ഒഴിയണം എന്ന് പറഞ്ഞുള്ള കളക്ടറുടെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ആകെയുള്ള 41 ക്വാർട്ടേഴ്‌സുകളിൽ 4 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. താമസം ഒഴിയാൻ നൽകിയ നോട്ടീസിൽ അനധികൃത താമസം എന്ന് രേഖപ്പെടുത്തിയത് ഷാജിയെ മാത്രമാണ്. 36 കുടുംബങ്ങൾക്കും നൽകിയ നോട്ടീസിൽ 10 ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് പറഞ്ഞിരിക്കുന്നത്. മിക്ക കുടുംബങ്ങളും പോകാൻ മറ്റൊരിടം ഇല്ലാത്തവരാണ്. വികലാംഗരും രോഗികളുമായ നിരവധി പേർ പോകാനിടമില്ലാതെ ക്വാർട്ടേഴ്‌സുകളിൽ ഉണ്ട്. ഒരു നേരത്തെ ആഹാരത്തിന് വകയില്ല എന്ന് പറയുന്ന ഷാജി രണ്ട മാസം മുൻപാണ് ആലുവ സ്വദേശിയിൽ നിന്ന് കാർ വാങ്ങിയത്.

കുട്ടികൾക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്ന ആരോപണം വന്നതിനാൽ ശിശുസംരക്ഷണ വകുപ്പ് വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കാൻ തയ്യാറാണെന്നും അറിയിച്ചു. വാർത്തയിൽ കുട്ടികളെ ഉപയോഗിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ ശിശു സംരക്ഷണ നിയമനുസരിച്ച് നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ച് വരുകയാണെന്നും ജില്ലാ കളക്ടറുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും കൊല്ലം ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസർ പ്രസന്ന കുമാരി മറുനാടനോട് പറഞ്ഞു. കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണ്.

ചേർത്തല പാണാവള്ളി സ്വദേശിയായ ഷാജി 20 വർഷം മുൻപാണ് മണ്ണ് സംരക്ഷണ വകുപ്പിൽ ജോലിക്ക് കയറിയത്. 2011 ൽ കൊല്ലത്തെ എൻ.ജി.ഒ ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്. 2017 ൽ ജോലിയിൽ നിന്ന് പിരിച്ച് വിടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായുള്ള നിരന്തരമായ തർക്കങ്ങൾ കാരണമാണ് ജോലി നഷ്ടപ്പെട്ടത് എന്നാണ് അറിയാൻ കഴിയുന്നത്. അയൽക്കാർ പറയുന്നത് അനുസരിച്ച് 4 ദിവസം മുൻപ് മാത്രമാണ് ഷാജി ക്വാർട്ടേഴ്‌സിൽ എത്തിയത്. സ്വദേശമായ പാണവള്ളിയിലായിരുന്ന ഷാജി, താമസം ഒഴിയാനുള്ള നോട്ടീസ്് ലഭിച്ചതോടെ ക്വാർട്ടേയ്‌ഴ്‌സിൽ എത്തുകയും തുടർന്ന് വാർത്ത പ്രത്യക്ഷപ്പെടുകയുമായിരുന്നു. പാണവള്ളിയിൽ ഷാജിക്കും കുടുംബത്തിനും കോവിഡ് കാലത്ത് കുട്ടികളുടെ പഠനത്തിനായി ഫോണും ടി.വി യും ലഭ്യമാക്കിയിട്ടുള്ളതായി സാമൂഹ്യ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. ഷാജിക്ക് പാണാവള്ളിയിൽ സ്വന്തമായി വീടും വസ്തുവും ഉള്ളതായാണ് ലഭിക്കുന്ന വിവരം. ലോക്കഡൗൺ കാലത്ത് സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ധാരളം സഹായം പണമായും അല്ലാതെയും ഷാജിക്ക് നൽകിയിട്ടുണ്ട്.

സർക്കാർ നൽകുന്ന സൗജന്യ കിറ്റുകൾ റേഷൻ കാർഡുള്ള കുടുംബത്തിന് ലഭ്യമാക്കിയിരുന്നതായാണ് പൊതുവിതരണ വകുപ്പ് അറിയിച്ചത്. അമ്മ എവിടെയാണ് എന്ന് ചോദിച്ച മാധ്യമ പ്രവർത്തകരോട് ചേർത്തലയിൽ വീട്ട് ജോലി ചെയ്യുന്നുവെന്നാണ് കുട്ടികൾ പറഞ്ഞത്. രണ്ടിലധികം വിവാഹം കഴിച്ചിട്ടുള്ള ഷാജി ഭാര്യയെ വീട്ട് ജോലിക്ക് അയച്ച് കുട്ടികളുമായി കൊല്ലത്ത് എത്തിയതെന്നാണ് അയൽക്കാർ ആരോപിക്കുന്നത്.

ആലപ്പുഴ പൊലീസ് ക്രിമിനൽ കേസിൽ ഷാജി തിരഞ്ഞു താമസ സ്ഥലമായ ക്വാർട്ടേയ്സിൽ എത്തിയതായി സമീപവാസികൾ പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ പുറംലോകമറിയണം. ദയനീയത സോഷ്യൽ മീഡിയയിൽ പറഞ്ഞ് പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ പെരുകുന്നത് സഹായഹസ്തത്തിന് അർഹരായ നിരവധി കുടുംബങ്ങളുടെ ഭാവിയാണ് ഇരുട്ടിലാക്കുന്നത്. ജില്ലാ ശിശുക്ഷേമ സമിതി കുട്ടികൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടും, നഷ്ടപ്പെട്ട ജോലി തിരികെ വേണം എന്നാശ്യമാണ് ഷാജി മുൻപോട്ട് വെയ്ക്കുന്നത്. 30000 രൂപ മാത്രമാണ് സഹായമായി ലഭിച്ചത് എന്നാണ് ഷാജി പറയുന്നത്. എന്നാൽ വാർത്തയ്ക്ക് ഒപ്പം നൽകിയ ബാങ്ക് അക്കൗണ്ടിൽ വൈകിട്ട് വരെ മാത്രം രണ്ടര ലക്ഷത്തോളം രൂപയാണ് എത്തിയത്. ജില്ലാ കളക്ടർ ഇടപ്പെട്ട് ഷാജിയുടെ ആവശ്യങ്ങളിലെ സത്യാവസ്ഥ കണ്ടെത്തേണ്ടിയിരിക്കുന്നു