- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേട്ടാൽ വിശ്വസിക്കില്ല ഷീലയുടെ കഥ; സർക്കാർ സർവീസിൽ ഇരുന്നത് ഒന്നരപതിറ്റാണ്ട്; കിട്ടുന്നത് പാതി ശമ്പളം; യഥാർത്ഥ ശമ്പളവും ആനുകൂല്യങ്ങളും വേറെ ആരോ കൈപ്പറ്റുന്നു? ചോദ്യം ചെയ്തപ്പോൾ മനോരോഗി എന്ന് മുദ്ര കുത്തി സസ്പെൻഷൻ
തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരായ മനുഷ്യർക്കൊന്നും വിശ്വസിക്കാൻ പോലുമാകാത്ത കഥയാണ് ചിറയിൻകീഴ് കരവാരം പഞ്ചായത്തിലെ ഷീലയ്ക്ക് പറയാനുള്ളത്. ഒന്നരപതിറ്റാണ്ടിലേറെക്കാലം സർക്കാർ സർവീസിലിരുന്നിട്ടും ആരൊക്കെയോ ചേർന്ന് ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ഇത് ചോദ്യം ചെയ്തതിന് മനോരോഗിയെന്ന് മുദ്രകുത്തി ജോലിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ഷീല ഇപ്പോൾ അന്നന്നുള്ള ചെലവിന് പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ്.
2004 ലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഷീലയടക്കം 8 പേർക്ക് സെക്കൻഡ് ഗ്രേഡ് അറ്റൻഡറായി ആറുമാസത്തേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നത്. ആദ്യനിയമനം പേരൂർക്കട ഗവ. ആശുപത്രിയിലായിരുന്നു. പിരിച്ചുവിടുന്ന കാലാവധിക്ക് മുമ്പ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം അവരുടെ സർവീസ് കാലാവധി നീട്ടിക്കൊടുക്കുകയും ഒടുവിൽ 2005 ൽ അവരെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുകയും ചെയ്തു. 2004 സെപ്റ്റംബർ 20 എന്ന തീയതി വരെയുള്ള മുൻകാല പ്രാബല്യത്തോടെയായിരുന്നു സ്ഥിരപ്പെടുത്തൽ. ഈ ഉത്തരവ് അന്നത്തെ പേരൂർക്കട ഗവ. ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. സലിമ അടക്കമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കൈമാറിയിരുന്നു. എന്നാൽ ഈ ഉത്തരവിനെ മറികടന്ന് പിൽക്കാലത്ത് 2007 നവംബർ 16 നാണ് സ്ഥിരപ്പെടുത്തിയതെന്ന് കള്ളരേഖകളുണ്ടാക്കി ഇവരുടെ ബാച്ചിലുണ്ടായിരുന്ന എല്ലാവരുടെയും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിച്ചുവെന്ന് ഷീല ആരോപിക്കുന്നു.
പേരൂർക്കട ഗവ. ആശുപത്രിക്ക് ശേഷം കിളിമാനൂർ കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെന്റർ, തിരുവനന്തപുരം കണ്ണാശുപത്രി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി, അണ്ടൂർക്കോണം കമ്യൂണിറ്റി ഹെൽത്ത് സെന്റർ, മണമ്പൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ തുടങ്ങിയ സ്ഥലങ്ങളിലും ഷീല ജോലി ചെയ്തിരുന്നു. എന്നാൽ ഇതുവരെയും തന്റെ എംപ്ലോയി ഡീറ്റെയ്ൽസ് ഒന്നും തനിക്ക് തന്നിട്ടില്ല എന്നാണ് ഷീല പറയുന്നത്.
രണ്ട് പ്രമോഷൻ കഴിഞ്ഞിട്ടും ശമ്പളത്തിൽ മാറ്റമുണ്ടാകാത്തതിന് കാരണം അന്വേഷിച്ചപ്പോൾ പ്രൊബേഷൻ ഡിക്ലയർ ചെയ്തിട്ടില്ല എന്നായിരുന്നു ഷീലയ്ക്ക് കിട്ടിയ മറുപടി. പ്രൊബേഷൻ ഡിക്ലയർ ചെയ്ത് സർവീസ് ബുക്കും ഓപ്പൺ ചെയ്തത് കഴിഞ്ഞിട്ടാണ് ഷീലയ്ക്ക് പ്രമോഷനുകൾ കിട്ടിയത്. ജിപിഎഫിന്റെ പേരിൽ തുക പിടിക്കുന്നുമുണ്ടായിരുന്നു, സർവീസും അപ്പോഴേയ്ക്ക് റെഗുലറൈസ് ചെയ്ത് കഴിഞ്ഞിരുന്നു. എന്നിട്ടാണ് ശമ്പളവർദ്ധനവ് ഉണ്ടാകാത്തത് പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്തതുകൊണ്ടാണെന്ന മറുപടി ഷീലയ്ക്ക് ലഭിച്ചത്.
തനിക്ക് എട്ട് വർഷത്തെ ഗ്രേഡ് തന്നിട്ടില്ല. ഇപ്പോൾ നേഴ്സിങ് അസിസ്റ്റന്റ് തസ്തികയിലുള്ള ഷീലയ്ക്ക് 50000 രൂപയോളം പേ സ്കെയിൽ ഉണ്ട്. എന്നാൽ കയ്യിൽ കിട്ടുന്നത് അടിസ്ഥാനശമ്പളം 24000 രൂപ മാത്രം. അതും മറ്റേതോ അക്കൗണ്ടിൽ നിന്നും ഇടുന്നതാണെന്ന് ഷീല ആരോപിക്കുന്നു. ട്രഷറിയിൽ നിന്നും കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്നും എസ്ബിഐ അക്കൗണ്ടിൽ നിന്നുമൊക്കെയായി പല വഴികളിലൂടെയാണ് തന്റെ അക്കൗണ്ടിലേയ്ക്ക് ശമ്പളം വരുന്നതെന്നും ഷീല പറയുന്നു. ആ അക്കൗണ്ട് വിവരങ്ങൾ നൽകാൻ ബാങ്ക് അധികൃതരും തയ്യാറാകുന്നില്ല. ശമ്പളകമ്മീഷൻ അനുവദിച്ച ശമ്പളസ്കെയിലും മറ്റ് ആനൂകൂല്യങ്ങളൊന്നും ഷീലയ്ക്ക് ലഭിക്കുന്നില്ല. തന്റെ യഥാർത്ഥ ശമ്പളവും ആനുകൂല്യങ്ങളും മറ്റാരെങ്കിലും കൈപറ്റുന്നുണ്ടോ എന്നാണ് ഷീലയുടെ സംശയം. ഇത് സംബന്ധിച്ച് അധികൃതർക്ക് നൽകിയ പരാതികളിലൊന്നും നടപടികളുണ്ടായിട്ടില്ല.
ബാങ്കിൽ നിന്ന് ശമ്പള സ്റ്റേറ്റ്മെന്റ് നൽകാറില്ല, യൂണിഫോം- ചപ്പൽ അലവൻസുകൾ പൂർണമായും നൽകാറില്ല, ശമ്പളത്തിനും ലീവ് സറണ്ടറിനും പേ സ്ലിപ്പ് നൽകാറില്ല എന്നിങ്ങനെ ഇപ്പോഴും ഒരു ഡെയ്ലി വേജസിന് ലഭിക്കുന്ന പരിഗണന മാത്രമാണ് ഷീലയ്ക്കും നൽകുന്നത്. ആ ബാച്ചിലുള്ള മുഴുവൻപേർക്കും ഇത് തന്നെയാണ് അവസ്ഥ. എന്നാൽ ചോദ്യം ചെയ്താലുണ്ടാകാവുന്ന പ്രതികാരനടപടികൾ ഭയന്ന് ആരും എതിർസ്വരങ്ങൾ ഉയർത്തുന്നില്ലെന്ന് മാത്രം. അക്കൂട്ടത്തിൽ വിരമിച്ചവർക്ക് ഇപ്പോഴും പിഎഫ് പെൻഷൻ മാത്രമാണ് ലഭിക്കുന്നത്. അവരുടെ യഥാർത്ഥ പെൻഷൻ എവിടേയ്ക്ക് പോകുന്നു എന്നത് ഇന്നുമൊരു ചോദ്യചിഹ്നമാണ്.
രണ്ട്തവണ ഷീല ജിപിഎഫിൽ നിന്നും ലോണെടുത്ത് തിരിച്ചടച്ചിരുന്നു. എന്നാൽ അപ്പോൾ പോലും അതിന്റെ ക്രഡിറ്റ് സ്റ്റേറ്റ്മെന്റ് അവർക്ക് കൊടുത്തിട്ടില്ല. ഷീലയുടെ സർവ്വീസ് ബുക്കിൽ സർക്കാർ സീൽ പതിച്ചിട്ടില്ല. ഇത്രയും കാലമായിട്ടും തന്റെ സ്പാർക്ക് അക്കൗണ്ടിന്റെ വിവരങ്ങൾ തന്നിട്ടില്ല. ചോദിക്കുമ്പോൾ മോൽ ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുകയാണ്. സ്റ്റേറ്റ് എൽഐസി, ഗ്രൂപ്പ് ഇൻഷ്വറൻസ് എന്നിവയെകുറിച്ച് യാതൊരു വിവരങ്ങളുമില്ല. എസ്എൽഐ രണ്ടെണ്ണം തന്നെകൊണ്ട് എടുപ്പിച്ചു. അപകട ഇൻഷ്വറൻസ് അക്കൗണ്ട് നമ്പർ ഇതുവരെ പുറത്തുവന്നിട്ടില്ല.
തന്റെ പ്രൊഫൈൽ ബയോഡാറ്റ അറിയാനും സാധിക്കുന്നില്ലെന്ന് ഷീല പരാതിപ്പെടുന്നു. ജിപിഎഫിൽ അക്കൗണ്ട് നമ്പർ മേൽഉദ്യോഗസ്ഥർ മാറ്റി. അതിന് ശേഷമുള്ള പാസ്വേർഡോ യൂസർനെയിമോ പോലും തനിക്കറിയില്ല. വാസ്തവത്തിൽ എല്ലാ ദിവസവും പോയി ജോലി ചെയ്തിരുന്നു എന്നല്ലാതെ ഞാൻ സർവീസിലുണ്ടോ എന്നുപോലും വ്യക്തമല്ലാത്ത അവസ്ഥ. ഇത് ചൂണ്ടിക്കാട്ടി പല ഉന്നത ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വനിതാ കമ്മീഷനുമുൾപ്പെടെ പരാതി നൽകിയിട്ടും ഒന്ന് പരിശോധിക്കാൻ പോലും ആരും തയ്യാറായിട്ടില്ലെന്ന് ഷീല പറയുന്നു.
സ്പാർക്കിലെ ഐഡി എങ്കിലും നൽകണമെന്ന് വാശി പിടിച്ചതിനെ തുടർന്ന് നിർബന്ധിത അവധി എടുക്കാൻ ഷീലയ്ക്ക് മേൽ സമ്മർദ്ദം ഉണ്ടായി. 2017 മാർച്ച് 15 മുതൽ അവരെ പുറത്തുനിർത്തുകയായിരുന്നു. ജോലി ചെയ്യാനോ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടാനോ അനുവദിക്കാറില്ലായിരുന്നു. അറ്റന്റൻസ് ബുക്കിൽ മുഴുവൻ ചുവന്ന വരയിട്ടു. ഒടുവിൽ മണമ്പൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു. ഒരു നടപടിക്കും രേഖാമൂലം സീലുകളുണ്ടാകാറില്ല. സസ്പെൻഷൻ കാലത്ത് ഉപജീവന ബത്ത പോലും നൽകിയില്ലെന്ന് ഷീല പരാതിപ്പെടുന്നു. കൊറോണക്കാലത്ത് ഒരുരൂപ പോലുമില്ലാതെ പട്ടിണിയിലായിരുന്നു. മെഡിക്കൽ ഓഫീസറുടെ കാല് പിടിച്ചിട്ടും ഒരു പരിഗണനയും തന്നില്ല. പിഎഫ് ലോൺ എടുത്തിരുന്നെങ്കിൽ പട്ടിണി ഇല്ലാതെ കഴിയാമായിരുന്നു. പക്ഷെ ലേബർ എംപ്ലോയിയുടെ അക്കൗണ്ട് നമ്പരാണ് ഷീലയ്ക്ക് നൽകിയിട്ടുള്ളത്. ഷീലയ്ക്ക് കൊടുത്തിരിക്കുന്ന ജിപിഎഫ് നമ്പർ നിലവിലുള്ളതാണോ എന്ന് വിവരാവകാശനിയമപ്രകാരം ചോദിച്ചിട്ട് ഇതുവരെയും മറുപടി ഇല്ല.
വനിതാകമ്മീഷനിൽ പരാതിപ്പെട്ടപ്പോൾ സസ്പെൻഷന് കാരണമായി അധികൃതർ അറിയിച്ചത് ഷീലയ്ക്ക് മനോരോഗമാണ് എന്നതായിരുന്നു. ഒരു അന്വേഷണം പോലും നടത്താതെ, പരാതിക്കാരിയുടെ മൊഴിയെടുക്കാതെ മേൽ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്മേൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു വനിതാകമ്മീഷൻ. ഇങ്ങനെ എല്ലാ ഭാഗത്ത് നിന്നും അവഗണനകൾ മാത്രമാകുമ്പോൾ ഷീലയ്ക്ക് ഒന്നുറപ്പാണ്. തന്നെ കബളിപ്പിക്കുന്നത് പ്രബലരാണ്. സംസ്ഥാനത്തെ സർക്കാർ സംവിധാനങ്ങളെയാകെ നിയന്ത്രിക്കാൻ കഴിയുന്നവർ, നിശബ്ദരാക്കാൻ ശക്തിയുള്ളവർ. എന്നാൽ തളർന്ന് മാറാൻ ഷീല ഒരുക്കമല്ല. നീതിക്കായി വാതിലുകൾ മുട്ടുകയാണ് ഷീല. കയ്യിൽ തന്റെ വാദങ്ങളെ സാധൂകരിക്കാനുള്ള രേഖകളുമായി അവരുടെ പോരാട്ടം തുടരുകയാണ്.