ണുപ്പും സന്തോഷവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ലോകത്തെ സന്തുഷ്ട രാജ്യങ്ങളിൽ ആദ്യപത്തിൽ ഇടംപിടിച്ചതെല്ലാം മഞ്ഞുമൂടിയ രാഷ്ട്രങ്ങൾ. 156 രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ 2018-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ അത്തരമൊരു സൂചന നൽകുന്നു. 2015-17 കാലയളവിലെ റാങ്കിങ്ങാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്.

ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഹാപ്പിനസ് നിർണയിച്ചിട്ടുള്ളത്. മൊത്ത ആഭ്യന്തര ഉദ്പാദനം, ആയുർദൈർഘ്യം, സൗഹാർദം, സാമൂഹിക പിന്തുണ, സ്വാതന്ത്ര്യം, അഴിമതി എന്നിവയാണ് ആ ഘടകങ്ങൾ. ഐക്യരാഷ്ട്ര സഭയുടെ സസ്റ്റെയ്‌നബിൾ ഡവലപ്‌മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്കാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതാദ്യമായി 117 രാജ്യങ്ങളിലെ കുടിയേറ്റക്കാരുടെ സന്തുഷ്ടികൂടി പട്ടിക തയ്യാറാക്കാനായി അടിസ്ഥാനപ്പെടുത്തിയിട്ടുണ്ട്.

പട്ടികയനുസരിച്ച് ഫിൻലൻഡാണ് ലോകത്തേറ്റവും സന്തോഷമുള്ള രാജ്യം. നോർദിക് മേഖലയിലെ അയൽക്കാരായ നോർവേയെ പിന്തള്ളിയാണ് ഫിൻലൻഡ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ആദ്യപത്തിലുള്ള രാജ്യങ്ങളിൽ നാലെണ്ണമൊഴികെയെല്ലാം വടക്കൻ യൂറോപ്യൻ രാജ്യങ്ങളാണ്. ഡെന്മാർക്ക്, ഐസ്‌ലൻഡ്, സ്വിറ്റ്‌സർലൻഡ്, നെതർലൻഡ്‌സ്, കാനഡ, ന്യൂസീലൻഡ്, സ്വീഡൻ, ഓസ്‌ട്രേലിയ എന്നിവയാമ് ആദ്യ പത്തിലെ മറ്റുരാജ്യങ്ങൾ.

കഴിഞ്ഞവർഷത്തേക്കാൾ നാല് സ്ഥാനങ്ങൾ നഷ്ടപ്പെടുത്തിയ അമേരിക്ക 18-ാം സ്ഥാനത്താണ്. ബ്രിട്ടൻ 19-ാം സ്ഥാനത്തും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് 20-ാം സ്ഥാനത്തും. ഏഷ്യയിൽ സന്തോഷത്തിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്നത് യു.എ.ഇയാണ്. ഖത്തർ 32-ാം സ്ഥാനത്തും സൗദി അറേബ്യ 33-ാം സ്ഥാനത്തും സിംഗപ്പുർ 34-ാം സ്ഥാനത്തുമുണ്ട്. റിപ്പോർട്ടനുസരിച്ച് ഇന്ത്യയിലെ ജനങ്ങൾ അത്രകണ്ട് ആഹ്ലാദവാന്മാരല്ല. 133-ാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ, പാക്കിസ്ഥാനാകട്ടെ, 75-ാം സ്ഥാനത്തും.

കഴിഞ്ഞവർഷം 122-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പാക്കിസ്ഥാൻ കഴിഞ്ഞവർഷത്തെ 80-ാം സ്ഥാനത്തുനിന്ന് അഞ്ചുസ്ഥാനങ്ങൾ മെച്ചെപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഭൂട്ടാൻ 97-ാം സ്ഥാനത്തും നേപ്പാൾ 101-ാം സ്ഥാനത്തും ബംഗ്ലാദേശ് 115-ാം സ്ഥാനത്തും ശ്രീലങ്ക 116-ാം സ്ഥാനത്തും നിൽക്കുന്നു. 86-ാം സ്ഥാനത്തുള്ള ചൈനയും ഇന്ത്യയെക്കാൾ ഏറെ മുന്നിലാണ്.

മലാവി, ഹെയ്ത്തി, ലൈബീരിയ, സിറിയ, റുവാൻഡ, യെമൻ, ടാൻസാനിയ, സൗത്ത് സുഡാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ബറൂണ്ടി എന്നിവയാണ് അൽപം പോലും സന്തുഷ്ടരല്ലാത്ത ജനതയുള്ള അവസാന പത്ത് രാജ്യങ്ങൾ. ഇവിടങ്ങളിലെല്ലാം ആഭ്യന്തര കലാപവും ഭീകരതയും തീവ്രവാദ പ്രസ്ഥാനങ്ങളും ശക്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അഴിമതിയും കുറ്റകൃത്യങ്ങളും പട്ടിണിയും ജനജീവിതം തീർത്തും ദുസ്സഹമാക്കിയ രാജ്യങ്ങളാണ് ഇവയൊക്കെ.